ആരോഗ്യമുള്ള പല്ലുകൾ വേണോ? പാലിക്കാം ഈ ശീലങ്ങൾ

ജനസംഖ്യയുടെ 50% ത്തിലധികം പേർക്കും ഏതെങ്കിലും തരത്തിലുള്ള ദന്തപ്രശ്നങ്ങളുണ്ട്, ദന്തക്ഷയം, മോണരോഗം എന്നിവയാണ് പ്രധാന പ്രശ്‌നങ്ങൾ. എന്നാൽ കുറച്ച് ആളുകൾ മാത്രമേ തങ്ങൾക്ക് ദന്ത പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കുകയും ചികിത്സ തേടുകയും ചെയ്യുന്നുള്ളു.

പല്ലിനു പുറത്തുണ്ടാകുന്ന കടുപ്പമുള്ള ആവരണം ( ദന്തൽ പ്ലാക്) ആണ് മോണരോഗത്തിന്റെ പ്രധാന കാരണം. ഈ പ്ലാക് മോണയിലേക്ക് വ്യാപിക്കുകയും അവിടെ അടിഞ്ഞു കൂടി മോണക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ഇത് വിട്ടുമാറാത്ത വീക്കം, പല്ലിന്റെ വേരുകളുടെ ശോഷണം എന്നിവയിലേക്ക് നയിക്കുന്നു. ജനിതകപരമായും ജീവിതശൈലി വഴിയും മോണരോഗമുണ്ടാകാമെന്ന് സർ എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ഡെന്റൽ സർവീസസ് ഡയറക്ടറും കൺസൾട്ടന്റുമായ ഡോ. ഗൗരി മർച്ചന്റ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. പോഷകങ്ങൾ കുറഞ്ഞ ഭക്ഷണം രോഗപ്രതിരോധശേഷി കുറക്കുകയും മോണരോഗത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും

മോണ വീക്കത്തിന് ചൂടുവെള്ളം ഉപയോഗിച്ച് വായകഴുകാം. ഫ്ലോസിങ്ങും(പല്ലുകൾ സിൽക്ക് നൂലുപയോഗിച്ച് വൃത്തിയാക്കുന്ന പ്രക്രിയ) നിങ്ങളുടെ മോണകളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് സഹായിക്കും. സാൽമൺ, കാരറ്റ്, ആപ്പിൾ തുടങ്ങിയവ മോണയുടെ സംരക്ഷണത്തിന് നല്ലതാണ്.

ദന്ത പ്രശ്നങ്ങൾ ഒഴിവാക്കാനും ആരോഗ്യമുള്ള പല്ലുകളും മോണകളും ഉണ്ടാകുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം:

  • ശരിയായ രീതിയിൽ ദന്തങ്ങൾ പരിചരിക്കുകയും ഇൻസുലിൻ അളവ് നിയന്ത്രിക്കുകയും ചെയ്യുക.
  • പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതു വഴി വായിലെ അണുബാധ തടയാം. വായിൽ അണുബാധയുണ്ടായാൽ ഉടനടി ചികിത്സ ആവശ്യമാണ്. അണുബാധ മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ ആൻറിബയോട്ടിക്കുകൾ, മെഡിക്കേറ്റഡ് മൗത്ത്‍വാഷുകൾ ഉപയോഗിക്കൽ, കൂടുതൽ തവണ വായ വൃത്തിയാക്കൽ എന്നിവ ഡോക്ടർമാരുടെ നിർദേശ പ്രകാരം ചെയ്യണം.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കുക, ട്രൈഗ്ലിസറൈഡ്, കൊളസ്ട്രോൾ എന്നിവയുടെ അളവ് പതിവായി പരിശോധിക്കുക. ഇവയുടെ വ്യതിയാനം പെരിയോഡോന്റൽ (പല്ലിനെ ഉറപ്പിച്ചു നിർത്തുന്ന മോണകളുടെയും എല്ലുകളുടെയും വീക്കവും അണുബാധയും) പ്രശ്നങ്ങൾക്കിടയാക്കും.

ആരോഗ്യമുള്ള മോണക്കായി ഇക്കാര്യങ്ങൾ പാലിക്കുക:

  1. ശരിയായ ബ്രഷും ബ്രഷിങ് രീതിയും - ബ്രഷിന്റെ നാരുകൾ (ബ്രിസൽസ്) മൃദുവും നേരായതുമായിരിക്കണം. പഴകിയ ബ്രഷുകൾക്ക് ശരിയായ രീതിയിൽ പല്ലുകൾ വൃത്തിയാക്കാനാകില്ല. അതിനാല മൂന്ന് മാസം കൂടുമ്പോൾ ബ്രഷുകൾ മാറ്റുക. ബ്രിസൽസ് മോണക്ക് നേരെ പല്ലിന് 45 ഡിഗ്രി ചെരിച്ച് പിടിച്ച് ചെറിയ വൃത്താകൃതിയിൽ മൃദുവായി ബലം കൊടുത്താണ് ഉപയോഗിക്കേണ്ടത്.
  2. ഫ്ലോസും മറ്റ് ഇന്റർപ്രോക്സിമൽ എയ്ഡും - ശരിയായി ഫ്ലോസ് ചെയ്യുന്നതും ഇന്റർഡെന്റൽ എയ്ഡുകളുടെ ഉപയോഗവും പല്ലുകളിൽ പറ്റിപ്പിടിച്ച ഭക്ഷണാവശിഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.
  3. മൗത്ത് വാഷ് - ഓവർ ദി കൗണ്ടർ ഉൽപ്പന്നങ്ങൾ പല്ലിൽ ഇത്തിൾ (ടാർടാർ) അടിഞ്ഞുകൂടുന്നത് കുറക്കുന്നു. ഇതിന്റെ മിന്റ് ഫ്ലേവർ വായക്ക് നവോൻമേഷം നൽകുകയും അണുബാധമൂലമുണ്ടാകുന്ന വായ്നാറ്റം കുറക്കുകയും ചെയ്യുന്നു.
  4. പതിവ് ദന്ത പരിശോധനകൾ - മോണരോഗം നിയന്ത്രണവിധേയമാക്കാനുള്ള ഏറ്റവും എളുപ്പ മാർഗം പതിവായി ദന്തപരിശോധന നടത്തുകയാണ്. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ രോഗം നിർണയിച്ച് ചികിത്സ തേടുന്നതാണ് നല്ലത്. മോണയിൽ നിന്ന് രക്തസ്രാവം അല്ലെങ്കിൽ ചെറിയ വിടവുകൾ എന്നിവ ഉണ്ടെങ്കിൽ അവഗണിക്കരുത്.
  5. പുകവലി ഉപേക്ഷിക്കുക - പുകവലി മോണയെ ദോഷകരമായി ബാധിക്കും. ഇത് അസ്ഥികളുടെ ശോഷണത്തിനിടയാക്കും. അതുവഴി പല്ലിന്റെ താങ്ങ് നഷ്ടപ്പെടുകയും ചെയ്യുന്നു. മോണയിലേക്കുള്ള രക്ത വിതരണം കുറയാനും നിക്കോട്ടിൻ കാരണമാകുന്നു.
Tags:    
News Summary - Want healthy teeth? Follow these habits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.