ഹൃദയപൂർവ്വം സൂക്ഷിക്കാം ഹൃദയത്തെ...

ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നതിനാണ് എല്ലാ വർഷവും സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നത്. ആന്റണി ബെയ് ഡി ലൂണയാണ് ആഗോള തലത്തിൽ ഹൃദയദിനം എന്ന ആശയം അവതരിപ്പിച്ചത്. അങ്ങനെ 1999 മുതൽ ലോക ഹൃദയദിനം ആചരിച്ചു തുടങ്ങി.

ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പ്രധാന കാരണം തെറ്റായ ഭക്ഷണ രീതികൾ, പഞ്ചസാര, ഉപ്പ്, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവയാണെന്ന് ഇന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരിലും ഹൃദ്രോഗലക്ഷണങ്ങൾ കണ്ടുവരുന്നു. ഹൃദയത്തിലേക്കുള്ള സുഗമമായ രക്തയോട്ടം നിയന്ത്രിക്കുന്ന ധമനികളിൽ കൊളസ്ട്രോൾ വർധിക്കുന്നതിന്‍റെ ഫലമായാണ് ഹൃദ്രോഗം ഉണ്ടാകുന്നത്. തൻമൂലം ഹൃദയത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരികയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്യുന്നു. പുരുഷൻമാരിൽ കടുത്ത നെഞ്ചുവേദനയാണ് ഹൃദ്രോഗലക്ഷണമായി കാണപ്പെടുന്നത്. എല്ലാ നെഞ്ചുവേദനയും ഹൃദ്രോഗലക്ഷണം ആകണമെന്നുമില്ല. ചില വേദനകൾ അസിഡിറ്റി മൂലവും ഉണ്ടാകാം. എന്നാൽ സ്വയം ചികിത്സ കൊണ്ട് നെഞ്ചു വേദന എന്തിനാലാണ് വന്നതെന്ന് തിരിച്ചറിയാതെ പോകരുത്.

ഹൃദ്രോഗത്തിന്‍റെ സൂചനയായി കാണപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ, ഹൃദയാരോഗ്യം നിലനിർത്താനുള്ള ഏതാനും മാർഗങ്ങൾ, ഹൃദയ സംരക്ഷണത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ എന്നിവ താഴെ പറയുന്നു:

ഹൃദയാരോഗ്യം മോശമായാൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ:

• തലചുറ്റൽ

• കൈകളിലേക്കും ചുമലിലേക്കും വരുന്ന വേദന

• അമിതമായി വിയർക്കുക

• നെഞ്ചിൽ സമ്മർദം അനുഭവപ്പെടുക

ഹൃദയ സംരക്ഷണത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ:

• ബദാം. ദിവസവും അഞ്ചോ ആറോ ബദാം രാവിലെ കഴിക്കുക. ഇതു മൂലം ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയുന്നതിലൂടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ സാധിക്കുന്നു.

• ഈന്ത പഴം. നാരുകളും സിങ്കും മഗ്നീഷ്യം തുടങ്ങിയവയെല്ലാം ഇതിലുണ്ട്. എന്നാൽ, പ്രമേഹമുള്ള ഹൃദ്രോഗികൾ ഈന്തപ്പഴം സൂക്ഷിച്ചുപയോഗിക്കേണ്ടതാണ്.

• നെല്ലിക്ക. നെല്ലിക്കയിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ഇത് മികച്ചൊരു ആൻറി ഓക്സിഡന്‍റാണ്.

• ഓട്സ്. ഓട്സിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു.

• മധുര കിഴങ്ങ്. ഇവയും ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്.

• വെളുത്തുള്ളി. വെളുത്തുള്ളി നീര് ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. ഹൃദ്രോഗത്തെ ഒരു പരിധി വരെ തടയാൻ വെളുത്തുള്ളിക്ക് സാധിക്കുന്നു.

ഹൃദയാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:

• പൊണ്ണത്തടി നിയന്ത്രിക്കുക

• ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിരീക്ഷിക്കുക

• സോഡിയത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുക

• പുകവലിയും മദ്യപാനവും നിയന്ത്രിക്കുക

മനുഷ്യ ശരീരത്തിന്റെ ആന്തരിക അവയവമായ ഹൃദയത്തിന്റെ പ്രധാന ധർമം രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുക എന്നതാണ്. പുരുഷൻമാരിൽ 70 - 72 തവണയും സ്ത്രീകളിൽ 78 - 82 തവണയും ഹൃദയം സ്പന്ദിക്കുന്നു. നല്ല ഹൃദയാരോഗ്യത്തിന് ചിട്ടയായ ജീവിത ശൈലിയും നല്ല ഭക്ഷണ രീതികളും പിന്തുടർന്നാൽ മതി എന്ന തിരിച്ചറിവ് ഈ ഹൃദയ ദിനത്തിൽ ഓർത്തുവെക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.