നിയന്ത്രിക്കാനാകാതെ ദേഷ്യം വരാറുണ്ടോ? ശ്രദ്ധിക്കുക അത് ബി.പി.ഡിയുടെ ലക്ഷണമാകാം

ഒരു നിമിഷത്തെ വൈകാരികമായ ആവേശമാണ് നാം ദിനവും കേൾക്കുകയും കാണുകയും ചെയ്യുന്ന ദാരുണസംഭവങ്ങൾക്ക് ആധാരം. ഭർത്താവും ഭാര്യയും തമ്മിൽ വഴക്കു കൂടുമ്പോൾ പിഞ്ചുകുഞ്ഞിനെ എറിയുകയും മരണത്തിന് കാരണമാവുകയും ചെയ്യുന്നത് പോലുള്ള സംഭവങ്ങൾ ഇന്ന് പതിവായിരിക്കുന്നു.

കൊലപാതകം, പെട്ടന്ന് തോന്നുന്ന ആത്മഹത്യ ചിന്ത, റാഗിങ് ഇവയെല്ലാം വൈകാരികവും അസ്ഥിരവുമായ വ്യക്തി വൈകല്യം എന്ന ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ( ബി.പി.ഡി) ഉള്ളവർ കാട്ടുന്നതാണ്. വ്യക്തിബന്ധങ്ങളിലെ അസ്ഥിരത, സ്വന്തം പ്രതിച്ഛായയിൽ മതിപ്പില്ലാതെയും നിരാശപ്പെടുകയും ചെയ്യുക, വികാരത്തെ സ്വയം നിയന്ത്രിക്കാൻ കഴിയാതെയിരിക്കുക എന്നിവയും ആവേശകരമായ പെരുമാറ്റരീതികളും ബി.പി.ഡി ഉള്ളവരുടെ ലക്ഷണങ്ങളാണ്.

ചെറുപ്പത്തിൽ തന്നെ ഈ ലക്ഷണങ്ങൾ അനുഭവിക്കുന്നവരാണ് ഏറെയും. ഈ ലക്ഷണങ്ങൾ വർഷങ്ങളോളം തുടരും. പുരുഷന്മാരിലും സ്ത്രീകളിലും ഇത് ഉണ്ടാകാം. വീട്ടുകാർ ഉപേക്ഷിക്കുമോ, സുഹൃത്തുക്കൾ തന്നെ ഒഴിവാക്കുമോ, എന്നൊക്കെയുള്ള ഭയം ഇത്തരം ആളുകൾക്ക് ഉണ്ടാകുകയും ഇത് അവരുടെ ബന്ധങ്ങളിൽ പ്രശ്നമാവുകയും ചെയ്യും.

ഇവർ പലകാര്യങ്ങളിലും വളരെ സെൻസിറ്റീവ് ആയിരിക്കും. തങ്ങളെ ആരെങ്കിലും ഉപേക്ഷിക്കുകയാണെന്ന് അവർ വിശ്വസിക്കും. ഈ ഭയം വളരെ ശക്തമാകുമെന്നതിനാൽ പെരുമാറ്റത്തിൽ വ്യത്യസ്തതയും ഉണ്ടാകുന്നു. ഒരു വ്യക്തി മറ്റൊരാളുമായുള്ള അവരുടെ ബന്ധം കൂടുതൽ 'സുരക്ഷിതം' ആണെന്ന് ഉറപ്പ് തേടുന്നു. തനിക്കിഷ്ടമുള്ളയാൾ മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചാൽ ആ വ്യക്തിയെ അകറ്റാനും ബന്ധത്തിൽ നിന്ന് സ്വയം പിന്മാറാനും കൂടുതൽ സാധ്യതയുണ്ട്.

ഇഷ്ടമുള്ളയാൾ എപ്പോഴും ഇവരെക്കുറിച്ച് ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നത് ഇവരുടെ രീതിയാണ്. ബന്ധം ഭദ്രമാണെന്ന് സ്ഥിരീകരിക്കാനായി ഇത്തരക്കാർ ആവർത്തിച്ച് ഇഷ്ടക്കാരെ ഫോണിൽ വിളിച്ചേക്കാം. അല്ലെങ്കിൽ അവർ പോകാൻ ശ്രമിക്കുമ്പോൾ ശാരീരികമായി പറ്റിച്ചേർന്നേക്കാം.

ബി.പി.ഡി പലപ്പോഴും വളരെ അസ്ഥിരവും തീവ്രവുമായ വ്യക്തിബന്ധങ്ങളുടെ പാറ്റേണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ബന്ധങ്ങളിലെ ആദർശവൽക്കരണവും മൂല്യച്യുതിയും തമ്മിൽ മാറിമാറി വരുന്ന രീതി സാധാരണമാണ്.

ബി.പി.ഡി ഉള്ള വ്യക്തി തനിക്ക് ആവശ്യമുള്ളപ്പോൾ മറ്റൊരാളുമായി ബന്ധം ആരംഭിക്കുകയും

പിന്നീട് മറ്റേ വ്യക്തിയെ വിലകെട്ടവനോ നികൃഷ്ടനോ ആയി കാണുകയും അവരിൽ നിന്ന് അകന്നുപോകാൻ ശ്രമിക്കുകയും ചെയ്യുന്ന രീതിയും സാധാരണമാണ്.

ഇവരുടെ ബന്ധം സാധാരണയായി ധാരാളം പൊരുത്തക്കേടുകളും ഉയർച്ച താഴ്ചകളും അവിശ്വാസവും ഇടക്കിടെയുള്ള തർക്കങ്ങളും നിറഞ്ഞതുമാകും. വാസ്തവത്തിൽ, ഇത്തരക്കാർക്ക് പലപ്പോഴും പ്രിയപ്പെട്ടവരോട് നിരാശയോ വെറുപ്പോ തോന്നാറുണ്ട്.

മറ്റുള്ളവരുടെ വികാരങ്ങൾ തിരിച്ചറിയാനോ മറ്റുള്ളവരുമായി സഹാനുഭൂതി കാണിക്കാനോ അവർക്ക് ബുദ്ധിമുട്ടാണ്. ബി.പി.ഡി ഉള്ള ഒരു വ്യക്തി ഒരു നിമിഷം വിജയിക്കുമെന്ന് വിശ്വസിക്കുന്നതായി തോന്നാമെങ്കിലും അടുത്ത പ്രവൃത്തി സ്വയം അപകീർത്തിപ്പെടുത്തുന്നതോ അല്ലെങ്കിൽ സ്വയം ബുദ്ധിമുട്ടിക്കുന്നതോ ആയേക്കാം. അവരുടെ സ്വയം ബോധവും അസ്ഥിരമായേക്കാം. അത് വ്യത്യസ്ത സന്ദർഭങ്ങളിലോ സാമൂഹിക ഗ്രൂപ്പുകളിലോ വ്യത്യസ്തമായി പെരുമാറാൻ അവരെ പ്രേരിപ്പിച്ചേക്കാം.

ഇത്തരക്കാർക്ക് അവരുടെ ഐഡന്റിറ്റിയെക്കുറിച്ചോ റോളിനെക്കുറിച്ചോ തിരിച്ചറിവ് ഉണ്ടാകില്ല. അപകടകരവും ആവേശഭരിതവുമായ പെരുമാറ്റങ്ങൾ ഇത്തരക്കാർ പ്രകടിപ്പിക്കുന്നു,

ലൈംഗിക വൈകൃതത്തിൽ ഏർപ്പെടുന്നതും അശ്രദ്ധമായി വാഹനമോടിക്കുന്നതും മയക്കുമരുന്ന് അല്ലെങ്കിൽ മദ്യം ദുരുപയോഗം ചെയ്യുന്നതും അമിതമായി ഭക്ഷണം കഴിക്കുകയും മോഷണം പോലെ

നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതും ഇത്തരക്കാരുടെ രീതികളാണ്.

ശാരീരികമായി സ്വയം പീഡനങ്ങൾ ഏൽപ്പിക്കുന്നതും ആത്മഹത്യ ശ്രമങ്ങൾ നടത്തുന്നതും ഇവരുടെ പ്രത്യേക വിഷയങ്ങളാണ്. സ്വയം ഉപദ്രവിക്കുന്ന സ്വഭാവങ്ങൾ ആത്മഹത്യ ചെയ്യാനുള്ള ശ്രമമല്ല, വൈകാരിക വേദനയിൽ നിന്നും തീവ്രമായ അസുഖകരമായ വികാരങ്ങളിൽ നിന്നും മുക്തി നേടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സ്വയം ദ്രോഹിക്കുന്ന ആളുകൾ മറ്റുള്ളവർ ഉള്ളപ്പോൾ വളരെ അപൂർവമായി മാത്രമേ അത് ചെയ്യുന്നുള്ളൂ.

ഇത്തരം ഭീഷണികളും ശ്രമങ്ങളും വളരെ ഗൗരവമായി കാണണം. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ഏകദേശം 70% ആളുകളും അവരുടെ ജീവിതത്തിൽ കുറഞ്ഞത് ഒരു ആത്മഹത്യാശ്രമമെങ്കിലും നടത്തിയിരിക്കും. ഏകദേശം 10% ആളുകൾക്ക് ഈ ശ്രമം വിജയിക്കുകയും ചെയ്യും.

ബി.പി.ഡി ഉള്ള ഒരു വ്യക്തിക്ക് ദൈനംദിന സാഹചര്യങ്ങളോടുള്ള പ്രതികരണമായി അവർക്ക് തീവ്രമായ നിഷേധാത്മക വികാരങ്ങളും മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന തീവ്രമായ സങ്കടമോ ക്ഷോഭമോ അനുഭവപ്പെട്ടേക്കാം.

ഉള്ളിൽ ഒന്നുമില്ല എന്നോ അല്ലെങ്കിൽ മരിച്ചെന്നോ ഉള്ള വിട്ടുമാറാത്ത ശൂന്യത അനുഭവപ്പെടാറുണ്ട്. ജീവിതത്തിന് വലിയ മൂല്യമില്ലെന്ന ഈ തോന്നൽ ഉണ്ടാകുന്നു. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ഹിസ്റ്റീരിയ, റാഗിങ് പോലെയുള്ള പെരുമാറ്റങ്ങളിലേക്കും നയിച്ചേക്കാം.

തീവ്രമായ കോപവും ആക്രമണാത്മക പെരുമാറ്റവും ഇത്തരക്കാർക്ക് ഉണ്ടാകാറുണ്ട്. ചിലർ കോപം ബാഹ്യമായി പ്രകടിപ്പിക്കുന്നില്ല. മറ്റുചിലർ ദേഷ്യം പരസ്യമായി പ്രകടിപ്പിക്കുന്നു. തുടക്കത്തിൽ ഒരു സൈക്കോളജിസ്റ്റിറ്റിൻ്റെയും ഒരു നല്ല തെറാപ്പിസ്റ്റിൻ്റെയും സഹായം തേടുന്നത് ഈ അവസ്ഥയിൽ ജീവിക്കുന്ന ആളുകൾക്ക് വ്യത്യസ്തമായ നല്ല അനുഭവം ഉണ്ടാക്കും. ഇവരുടെ ബുദ്ധിമുട്ടുകൾ കണ്ടെത്താനും ആരോഗ്യകരമായ കഴിവുകൾ വികസിപ്പിക്കാനും തെറാപ്പിസ്റ്റിന് കഴിയും. ആവശ്യമെങ്കിൽ ഒരു സൈക്യാട്രിസ്റ്റിന് മരുന്നിൻ്റെ സഹായത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാനാകും.

കൂടാതെ, ഡയലക്‌ടിക്കൽ ബിഹേവിയർ തെറാപ്പിയുടെ മാതൃകയിലുള്ള വിവിധ കമ്മ്യൂണിറ്റി, റസിഡൻഷ്യൽ ടൈപ്പ് ട്രീറ്റ്‌മെന്റ് പ്രോഗ്രാമുകൾ ഉണ്ട്. ഇത് ബി.പി.ഡി മാറ്റാൻ സഹായകമാണ്.

Tags:    
News Summary - Borderline personality disorder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.