തണുപ്പുകാലമാണ് ശ്രദ്ധിക്കുക, അലർജിയെ നേരിടാൻ ഇതാ ചില വഴികൾ

പാർവണ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ചെറുപ്പം മുതൽ അവളോടൊപ്പം കടന്നു കൂടിയ വില്ലനാണ് അലർജി. രസതന്ത്രം ടീച്ചർ കഴിഞ്ഞ ദിവസം പഠിപ്പിച്ചപ്പോൾ പറഞ്ഞ കാര്യം അവളോർമിച്ചു "എന്തുകൊണ്ട് " എന്നൊരു ചോദ്യം നമ്മളെപ്പോഴും ചോദിച്ചു കൊണ്ടെയിരിക്കണമെന്ന് . നവംബർ മാസം പിറന്നതോടെ ഉണരുന്നതുതന്നെ ശ്വാസം മുട്ടിയാണ്, സ്ഥിരമായിങ്ങനെയാണ് എന്ത് കൊണ്ടാണ് ഈ മാസങ്ങൾ തന്നെ ക്രൂരമായി വേട്ടയാടുന്നത്...

അതെ, നവംബർ പകുതി മുതൽ ഫെബ്രുവരി പകുതി വരെ മഞ്ഞുകാലമാണ്. പകൽ സമയത്ത് സാമാന്യമായ വെയിലും അതിരാവിലെയും രാത്രിയിലും മഞ്ഞും തണുപ്പും അനുഭവപ്പെടുന്നു. ജലദോഷം, തൊണ്ട പഴുപ്പ്, ആസ്ത്മ , നാസിക അലർജി, ചുമ, തൊലിപ്പുറമെയുള്ള അസുഖങ്ങൾ എന്നിവയാണ് മഞ്ഞുകാലത്ത് പൊതുവേ കണ്ട് വരുന്ന അസുഖങ്ങൾ.

മഞ്ഞുകാല രോഗങ്ങൾ:-

ജലദോഷം :-

വിവിധ തരം വൈറസുകൾ കാരണമുണ്ടാകുന്ന രോഗമാണ് ജലദോഷം. റൈനോ വൈറസ് എന്ന ഒരു തരം വൈറസാണ് കൂടുതലായി കണ്ട് വരുന്നത്. തുമ്മൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്, കണ്ണ് ചൊറിച്ചിൽ ,ചുമ, തലവേദന, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ . ധാരാളം വെള്ളം കുടിക്കുക, ദിവസേന മൂന്നോ നാലോ തവണ ചൂടുവെളളത്തിൽ ആവി പിടിക്കുക എന്നത് നല്ലതാണ്.

ഇൻഫ്ലുവൻസ (ഫ്ളൂ) :-

ജലദോഷത്തിന്റെ ലക്ഷണങ്ങളിൽ തുടങ്ങി പിന്നീട് പനി, ശരീര വേദന, ക്ഷീണം, തൊണ്ടവേദന എന്നിവ ഉണ്ടാകുന്നു. ഇൻഫ്ലുവൻസ A, B, C വൈറസുകളാണ് കാരണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായു വഴിയാണ് ഈ രോഗം പകരുന്നത്.

ചൂടുവെള്ളത്തിൽ ആവി പിടിക്കുക ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക എന്നതൊക്കെയാണ് പരിഹാരങ്ങൾ.

തൊണ്ടപ്പഴുപ്പ് (ടോൺസിലൈറ്റിസ്) :-

വൈറസ് / ബാക്ടീരിയ തൊണ്ടയെ ബാധിക്കുമ്പോഴാണ് തൊണ്ടപ്പഴുപ്പ് ഉണ്ടാകുന്നത്. കഠിനമായ തൊണ്ടവേദനയും പനിയും തലവേദനയുമൊക്കെയാണ് ലക്ഷണങ്ങൾ. ധാരാളം വെള്ളം കുടിക്കുക, കട്ടി കുറഞ്ഞ ആഹാരങ്ങൾ കഴിക്കുക എന്നതൊക്കെയാണ് പ്രതിവിധി.

ആസ്ത്മ:-

ശ്വാസനാളികളെ ബാധിക്കുന്ന അലർജിയെയാണ് ആസ്മ എന്ന് പറയുന്നത്. ചുമ, ശ്വാസംമുട്ടൽ, ഇടക്കിടക്ക് ഉണ്ടാകുന്ന കഫകെട്ട് എന്നിവയാണ് രോഗലക്ഷണങ്ങൾ . ആസ്മയുള്ള ആളുകൾക്ക് ഡോക്ടർമാർ ഇൻഹേലർ നിർദ്ധേശിക്കുന്നു. ആസ്തമയുള്ളവർ തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നതും മഞ്ഞുള്ളപ്പോൾ പുറത്ത് കളിക്കുന്നതും ഒഴിവാക്കുക.

നാസിക അലർജ്ജി :-

എല്ലാ ദിവസവും ചൂട് വെള്ളത്തിൽ ആവി കൊള്ളുന്നതാണ് ഇതിന് പ്രതിവിധി. കൂടുതൽ അലർജി പ്രശ്നങ്ങളുമായി ബുദ്ധിമുട്ടുന്ന വർക്ക് അലർജി ഗുളികകൾ ഉപയോഗിക്കാം.

ത്വക്ക് രോഗങ്ങൾ :-

വരണ്ട ചർമ്മം: -

മഞ്ഞുകാലത്ത് വരണ്ട ചർമം ഉള്ളവർക്ക് തൊലിപ്പുറം വരളുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു , ഈർപ്പം നിലനിർത്താൻ ഉപയോഗിക്കുന്ന ക്രീമുകൾ ഇതിന് ഗുണം ചെയ്യും.

എക്സിമ :-

തൊലി പുറമെയുള്ള അലർജി രോഗമാണ് എക്സിമ . ഈർപ്പം നിലനിർത്താനുള്ള ക്രീമോ ലോഷനോ അലർജി സ്പെഷ്യലിസ്റ്റ് ന്റെ നിർദ്ധേശാനുസരണം പുരട്ടുന്നത് ഒരു പരിധി വരെ രോഗത്തെ നിയന്ത്രിക്കാം.

സോറിയാസിസ് : -

മഞ്ഞും തണുപ്പുമുള്ളപ്പോൾ കൂടുന്ന രോഗമാണ് സോറിയാസിസ്. തൊലി പുറമെ കാണുന്ന ചൊറിച്ചിലാണിത്.

*മഞ്ഞുകാല രോഗങ്ങളെ എങ്ങിനെ പ്രതിരോധിക്കാം :-

1. തണുപ്പിൽ നിന്നുള്ള പ്രതിരോധത്തിന് കട്ടിയുള്ള കോട്ടൺ വസ്ത്രങ്ങൾ, കമ്പിളി വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കാം

2. തണുത്ത ഭക്ഷണവും വെള്ളവും ഉപയോഗിക്കാതിരിക്കുക.

3. അതിരാവിലെയും രാത്രിയുമുള്ള ഇരുചക്ര വാഹനങ്ങളിലെ യാത്ര ഒഴിവാക്കുക.

4 .ഫാൻ, എ സി , എന്നിവയുടെ തണുത്ത കാറ്റ് നേരിട്ട് അടിക്കാത്ത വിധം ഉപയോഗിക്കുക.

5. എല്ലാ ദിവസവും രാവിലെയും രാത്രിയും ആവി കൊള്ളുന്നത് നല്ലതാണ്.

തണുപ്പ് കാലങ്ങളിലെ ചർമ രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ:-

1. ചർമ്മരോഗമുള്ളവർ സോപ്പിന്റെ ഉപയോഗം കുറക്കുന്നതാണ് നല്ലത്.

2. കുളിക്കുന്നതിന് മുമ്പ് ചർമ രോഗമുള്ളവർ ശരീരത്തിൽ എണ്ണ പുരട്ടുന്നത് ശരീരം കൂടുതൽ വരളാൻ കാരണമാകും.

3. ചെറു ചൂട് വെള്ളത്തിൽ കുളിച്ചതിന് ശേഷം ഉടൻ തന്നെ മോയിസ്ചറൈസർ ഉപയോഗിക്കുക.

4. വരണ്ട ചർമമുള്ളവർ ദിവസേന രണ്ടോ മൂന്നോ തവണ മോയിസ്ചറൈസർ പുരട്ടുന്നത് നല്ലതാണ്

5. എണ്ണ മയമുള്ളവർ തണുപ്പ് കാലത്ത് ഓയിൽ ഫ്രീ മോയിസ്ചറൈസർ ഉപയോഗിക്കേണ്ടതാണ്.

ശൈത്യകാലത്ത് ഉണ്ടാകുന്ന ഇത്തരം രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാവുന്നതാണ്. തണുപ്പിൽ നിന്ന് രക്ഷനേടാനുള്ള വസ്ത്രങ്ങളും ചൂടുള്ള ഭക്ഷണവും ദിനചര്യയാക്കുക.

Tags:    
News Summary - allergy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.