വയറുവേദനക്കുപിന്നില്‍ പാൻക്രിയാസിലെ കല്ലുകളാകാം

പാൻക്രിയാസിന് നീര്‍ക്കെട്ട് വരുന്ന ക്രോണിക് പാൻക്രിയാറ്റൈറ്റിസ് മൂലമാണ് കല്ലുകള്‍ ഉണ്ടാകുന്നത്

വയറുവേദന, ഇതേതുടര്‍ന്നുള്ള നടുവേദന എന്നിവ അനുഭവപ്പെടുമ്പോള്‍ അത് പാൻക്രിയാസിന്‍റെ പ്രശ്നമായി സാധാരണ ആരും ചിന്തിക്കാറില്ല. മറ്റ് പല രോഗാവസ്ഥകളുടെ സാധ്യതയും ആശങ്കകളുമാണ് രോഗികള്‍ക്കുണ്ടാകുന്നത്. എന്നാല്‍, ശാരീരിക പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രാധാന്യമുള്ള പാൻക്രിയാസിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ തുടക്കത്തില്‍തന്നെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ശരീരത്തില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള ദഹനരസങ്ങള്‍ പുറപ്പെടുവിച്ച് ഭക്ഷണത്തിലൂടെ ലഭിക്കുന്ന പ്രോട്ടീന്‍, കൊഴുപ്പ് തുടങ്ങിയവ കൃത്യമായി ആഗിരണം ചെയ്യാന്‍ സഹായിക്കുകയാണ് പാൻക്രിയാസിന്‍റെ പ്രധാന ധര്‍മം. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഇന്‍സുലിന്‍ ഉൽപാദിപ്പിക്കുന്നതും പാൻക്രിയാസാണ്. ദഹനപ്രക്രിയയുടെ സമയത്ത് പാൻക്രിയാസിലെ ദഹനരസങ്ങള്‍ പല കാരണങ്ങള്‍കൊണ്ട് ചെറുകുടലിലേക്ക് പോകാതെ കെട്ടിക്കിടന്ന് പാൻക്രിയാസില്‍ നീര്‍ക്കെട്ടുണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റൈറ്റിസ്. ഇതുമൂലം കല്ലുകള്‍ രൂപപ്പെടുകയും ഈ ഭാഗത്തെ കോശങ്ങള്‍ നശിച്ച് അനുബന്ധ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും.

ദീര്‍ഘകാലത്തിനിടെ പലപ്പോഴായി പാന്‍ക്രിയാസില്‍ നീര്‍ക്കെട്ട് രൂപപ്പെടുന്ന ക്രോണിക് പാന്‍ക്രിയാറ്റൈറ്റിസ് മൂലമാണ് പാന്‍ക്രിയാസില്‍ കല്ലുകള്‍ രൂപപ്പെടുന്നത്. അതേസമയം പാന്‍ക്രിയാസില്‍ പെട്ടെന്ന് നീര്‍ക്കെട്ട് രൂപപ്പെടുന്നതാണ് അക്യൂട്ട് പാന്‍ക്രിയാറ്റൈറ്റിസ്. വേദന, നീര്‍ക്കെട്ട് മൂലമുള്ള അസ്വസ്ഥതകള്‍ തുടങ്ങിയവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്.

വയറുവേദനയാണ് പാന്‍ക്രിയാറ്റൈറ്റിസ് എന്ന അവസ്ഥയുടെ പ്രധാന ലക്ഷണം. നെഞ്ചിന് താഴെ വയറിന് മുകള്‍ ഭാഗത്തായാണ്‌ വേദന അനുഭവപ്പെടുക. നട്ടെല്ലിന് മുന്‍വശത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ നട്ടെല്ലിലേക്കും വേദന വ്യാപിക്കാറുണ്ട്. കൊഴുപ്പുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്ന സാഹചര്യങ്ങളില്‍ ഇത് ദഹിക്കാതെ മലത്തിലൂടെ പുറംതള്ളുന്ന സാഹചര്യവും ഈ രോഗികളില്‍ ഉണ്ടാകും. ദഹനസമയത്ത് ശരീരത്തിന് ആവശ്യമായ കൊഴുപ്പ് ആഗിരണം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ രോഗി അസാധാരണമായ രീതിയില്‍ മെലിഞ്ഞ് ഭാരക്കുറവ് ഉണ്ടാകുന്നതിനും കാരണമാകും. പാന്‍ക്രിയാസില്‍ നീര്‍ക്കെട്ട് കൂടുന്നതിനാല്‍ പിത്തനാളിയില്‍ ബ്ലോക്ക് ഉണ്ടാവുകയും ഇത് മഞ്ഞപ്പിത്തമുണ്ടാകുന്നതിന് വഴിവെക്കുകയും ചെയ്യും. ഇന്‍സുലിന്‍ ഉൽപാദനം ശരിയായി നടക്കാത്തതിനാല്‍ ഇത്തരം രോഗികളില്‍ പ്രമേഹസാധ്യതയും കൂടുതലാണ്.

കാരണങ്ങള്‍

അമിതമായ മദ്യപാനം, അപസ്മാരം, അർബുദം തുടങ്ങിയവക്കുള്ള ചിലയിനം മരുന്നുകള്‍, ചില വേദന സംഹാരികള്‍ എന്നിവയുടെ ഉപയോഗം, ശരീരത്തില്‍ കാത്സ്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നത്, രക്തത്തില്‍ ട്രൈഗ്ലിസറൈഡ്സ് അളവ് കൂടുന്നത് തുടങ്ങി വിവിധ കാരണങ്ങളാല്‍ പാന്‍ക്രിയാറ്റൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാകാം. അതുമൂലം പാന്‍ക്രിയാസില്‍ കല്ലുകള്‍ രൂപപ്പെടുകയും ചെയ്യും. എന്നാല്‍, ചിലരില്‍ പ്രത്യേക കാരണങ്ങള്‍ നിര്‍ണയിക്കാനാകാതെയും ലക്ഷണങ്ങള്‍ ഇല്ലാതെയും ഈ രോഗാവസ്ഥ ബാധിക്കാറുണ്ട്.

രോഗനിര്‍ണയവും ചികിത്സയും

രക്തപരിശോധന, അൾട്രാസൗണ്ട് സ്കാൻ, സി.ടി സ്കാന്‍, എം.ആര്‍.ഐ തുടങ്ങിയവ വഴി പാന്‍ക്രിയാസിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. നീര്‍ക്കെട്ട്, കല്ലുകള്‍, അതിന്‍റെ തീവ്രത തുടങ്ങിയവ കൃത്യമായി നിര്‍ണയിക്കാന്‍ സി.ടി സ്കാന്‍ പരിശോധനയിലൂടെ സാധിക്കും. പ്രാരംഭഘട്ടത്തില്‍ മരുന്നുകള്‍കൊണ്ട് വേദനയും ലക്ഷണങ്ങളും നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍, പാന്‍ക്രിയാസില്‍ കല്ലുകള്‍ രൂപപ്പെട്ടാല്‍ ഇവ നീക്കംചെയ്യുന്നത് ശ്രമകരമാണ്. ശരീരത്തിലെ മറ്റ് അവയവങ്ങളില്‍ രൂപപ്പെടുന്ന കല്ലുകള്‍ നീക്കം ചെയ്യുന്നതില്‍നിന്ന് വ്യത്യസ്തമായി, ഇതിനുള്ള നടപടിക്രമങ്ങള്‍ താരതമ്യേന സങ്കീര്‍ണമാണ്. ഗുരുതര ഘട്ടങ്ങളില്‍ പാന്‍ക്രിയാസിന് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കും.

കൃത്യമായി ചികിത്സ ലഭ്യമാക്കി നിരന്തര ശ്രദ്ധയും പരിചരണവും ആവശ്യമുള്ള അവസ്ഥയാണിത്. അശ്രദ്ധമായി കൈകാര്യം ചെയ്‌താല്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ പോലെ അതിഗുരുതര ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യതയും കുറവല്ല. അതിനാല്‍തന്നെ രോഗം കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സയോടൊപ്പം ജീവിതശൈലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുത്തുന്നതും ഗുണം ചെയ്യും. അമിതമായ കൊഴുപ്പടങ്ങിയ ആഹാരങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതുണ്ട്. മദ്യംപോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം.


ഡോ. പ്രദീപ്കുമാർ പി.

(MD, DM, Gastroenterologist)

Tags:    
News Summary - Abdominal pain can be caused by pancreatic stones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.