ഡോ. സലീം മൂപ്പൻ, സ്പെഷലിസ്റ്റ് ഒഫ്താൽമോളജിസ്റ്റ്, ആസ്റ്റർ ക്ലിനിക്, മുത്തീന
ആഗോളതലത്തിൽ അന്ധതക്കു കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഗ്ലോക്കോമ. ഈ രോഗം മൂലം 45 ലക്ഷം പേർ അന്ധരായതായി ലോകാരോഗ്യസംഘടന കണക്കാക്കുന്നു. ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾക്ക് കാഴ്ച നഷ്ടപ്പെടുന്നു
എന്താണ് ഗ്ലോക്കോമ?
അന്ധതക്കുള്ള പ്രധാന കാരണം ഗ്ലോക്കോമയാണ്. 'കാഴ്ചയുടെ നിശ്ശബ്ദ കൊലയാളി' എന്ന് വിളിക്കപ്പെടുന്ന ഇത് പ്രാരംഭഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങളൊന്നുമില്ലാതെ തുടരും. രോഗി അവരുടെ കാഴ്ചശക്തിയിലെ വൈകല്യം മനസ്സിലാക്കുമ്പോഴേക്കും വളരെ വൈകിയിരിക്കും. വാസ്തവത്തിൽ, രോഗിയുടെ ശ്രദ്ധയിൽപെടാതെതന്നെ കാഴ്ചയുടെ 40 ശതമാനം വരെ നഷ്ടപ്പെടും.
ഒരു കാർ ടയറിന്റെ വായുമർദവുമായി കണ്ണിനെ താരതമ്യം ചെയ്യാം. അതായത്, ഒരു ടയറിന് അതിന്റെ ആകൃതി നിലനിർത്താനും ഉറച്ചുനിൽക്കാനും പ്രത്യേക അളവിലുള്ള വായുമർദം ആവശ്യമായി വരുന്നതുപോലെ, ഐബോളിന് ശരിയായ അളവിൽ ഇൻട്രാ-ഓക്യുലാർ പ്രഷർ (IOP) ആവശ്യമാണ്. നേത്രസമ്മർദം കുറയുമ്പോൾ ആശ്വാസം കിട്ടാത്ത അവസ്ഥയിൽ, നീണ്ടുനിൽക്കുന്ന ഉയർന്ന മർദം ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ വരുത്തുന്നത് തുടരുന്നു. ഈ പ്രക്രിയ മാറ്റാനാവാത്തതാണ്, അതുപോലെതന്നെ കാഴ്ചനഷ്ടവും.
പ്രാരംഭഘട്ടത്തിൽ ഗ്ലോക്കോമ തിരിച്ചറിയുന്നത് ബുദ്ധിമുട്ടുള്ള കാര്യവും എന്നാൽ പ്രധാനവുമാണ്. കാര്യമായ പെരിഫറൽ കാഴ്ച നഷ്ടപ്പെടുന്നതിനുമുമ്പ് വ്യക്തമായ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ, പല ഗ്ലോക്കോമ രോഗികൾക്കും ഈ രോഗം ബാധിച്ചതായി അറിയില്ല. കാഴ്ച നഷ്ടപ്പെടുന്നത് സാവധാനമാണ്.
രോഗലക്ഷണങ്ങൾ:
ഗ്ലോക്കോമ പ്രധാനമായും രണ്ടു തരത്തിലുണ്ട്. ഓപൺ ആംഗിൾ ഗ്ലോക്കോമയും ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമയും. രണ്ടിന്റെയും ലക്ഷണങ്ങൾ വ്യത്യസ്തമാണ്. ഓപൺ ആംഗിൾ ഗ്ലോക്കോമയിൽ രോഗത്തിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ഈ അവസ്ഥയുള്ളവരിൽ മിക്കവർക്കും രോഗം മൂർധന്യാവസ്ഥയിൽ എത്തുന്നതുവരെ കാഴ്ചശക്തിയിലെ കുറവ് തിരിച്ചറിയാൻ പറ്റാറില്ല. ഒരു വ്യക്തിയുടെ ശ്രദ്ധയിൽപെടാതെതന്നെ ഗ്ലോക്കോമക്ക് കാഴ്ചയുടെ 40 ശതമാനം വരെ കവർന്നെടുക്കാം. രോഗം കൂടുമ്പോൾ വശങ്ങളിൽനിന്നുള്ള കാഴ്ചശക്തിയെ ബാധിച്ചുതുടങ്ങുന്നു. പെട്ടെന്നുണ്ടാകുന്ന തലവേദന, കണ്ണുവേദന, കണ്ണിൽ ചുവപ്പ്, കാഴ്ചമങ്ങൽ, ഓക്കാനം, ഛർദി, ലൈറ്റുകൾക്കു ചുറ്റും മഴവില്ലിന്റെ നിറത്തിൽ വളയങ്ങൾ കാണുക എന്നിവയൊക്കെയാണ് ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമയുടെ ലക്ഷണങ്ങൾ.
ഗ്ലോക്കോമയുടെ നിശ്ശബ്ദമായ സ്വഭാവം കണക്കിലെടുത്ത്, 40 വയസ്സിനുശേഷം കുറഞ്ഞത് രണ്ടു വർഷത്തിൽ ഒരിക്കലെങ്കിലും നേത്രപരിശോധനക്കു വിധേയരാകണം. ഇത് രോഗം നേരത്തേ കണ്ടെത്താനും ചികിത്സക്കും സാധ്യതയൊരുക്കുന്നു.
ഗ്ലോക്കോമ വരാൻ സാധ്യതയുണ്ടോ?
സാധാരണയായി ഗ്ലോക്കോമയുടെ സാധ്യത പ്രായത്തിനനുസരിച്ച് വർധിക്കുന്നു. 40 വയസ്സിൽ കൂടുതലുള്ളവരെയാണ് സാധാരണയായി രോഗം ബാധിക്കുന്നത്. എങ്കിലും, എല്ലാ പ്രായത്തിലുള്ള ആളുകളെയും ഇത് ബാധിക്കാം എന്നതിനാൽ ജാഗ്രത വെടിയരുത്.
മുൻകരുതൽ എന്തൊക്കെ?
ഗ്ലോക്കോമയെ പൂർണമായും തടയാൻ അറിയപ്പെടുന്ന മാർഗങ്ങളൊന്നുമില്ലെങ്കിലും ആദ്യഘട്ടത്തിൽ രോഗം തിരിച്ചറിഞ്ഞാൽ അന്ധത ഒഴിവാക്കാനാകും. പതിവ് നേത്രപരിശോധനക്കായി നേത്രരോഗവിദഗ്ധനെ ഇടക്കിടെ കാണണം. നേത്രാരോഗ്യ സ്ക്രീനിങ്ങിന്റെ ഫലത്തെ അടിസ്ഥാനമാക്കി എത്രതവണ ഫോളോഅപ് നടത്തണമെന്ന് നേത്രഡോക്ടർ പറയും.
ഇന്നു ലേസർ ഉപയോഗിച്ചും അല്ലാതെയുമുള്ള ശസ്ത്രക്രിയകളുണ്ട്. ശസ്ത്രക്രിയയിലൂടെ കണ്ണിനുള്ളിൽനിന്ന് ദ്രാവകം സുഗമമായി പുറത്തേക്കൊഴുകാൻ സഹായിക്കുന്നു. അതുമൂലം കണ്ണിലെ മർദം കുറയുന്നു. മരുന്നുകൾ ഉപയോഗിക്കുന്നവരോ ശസ്ത്രക്രിയക്കു വിധേയരായവരോ ഓരോ മൂന്നുമാസത്തിലും നേത്രവിദഗ്ധനെ കണ്ട് പരിശോധന നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.