പ്രതീകാത്മക ചിത്രം

അതിജീവനത്തിന്റെ നാൾവഴികൾ

അർബുദം അഥവാ കാൻസർ ഇപ്പോൾ ലോകത്തിലെ മരണനിരക്കിന്റെ രണ്ടാമത്തെ കാരണമാണ്. രോഗം വന്നാൽ നാം ഡോക്ടറെ കാണും, ഡോക്ടർ തരുന്ന മരുന്ന് കഴിക്കും, കൃത്യമായ ഇടവേളകളിൽ പരിശോധന തുടരും. എന്നാൽ ഇത് മാത്രം പോരെന്നും സമൂഹത്തിൽ നിന്നുള്ള കരുതലും പരിചരണവും ലഭ്യമാക്കുകയും രോഗത്തെക്കുറിച്ചും ചികിത്സയേക്കുറിച്ചുമെല്ലാം നില നിൽക്കുന്ന മിഥ്യാ ധാരണകളെ തുടച്ചു നീക്കേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവിൽ നിന്നാണ് 'ലോക കാൻസർ ദിനം' എന്ന ആശയത്തിന് പ്രാധാന്യം ലഭിച്ചത്.

രോഗം മൂലമുണ്ടാകുന്ന മരണ നിരക്ക് കുറക്കുക, രോഗികളുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുക എന്നിവയൊക്കെയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കൺട്രോൾ യൂണിറ്റ് (UICC)ആണ് ലോക കാൻസർ ദിനത്തിന് നേതൃത്വം നൽകുന്നത്.

കാൻസർ എന്ന മാരക വിപത്തിനെ അകറ്റി നിർത്താൻ ജീവിത ശൈലിയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താമെന്ന് പരിശോധിക്കാം :

പുകയില ഉപയോഗിക്കരുത്

സിനിമാ തിയറ്ററിൽ പുകയില കാൻസറിനു കാരണമാകുന്നു എന്ന പരസ്യം നമ്മുടെ ശ്രദ്ധയിൽപ്പെടാറുണ്ട്. പുകവലിയും പുകയില ചവക്കുന്നതും ഒരുപോലെ ദോഷം ചെയ്യും. പുകയിലയുടെ ഉപയോഗം കാൻസർ എന്ന വിപത്തിലേക്ക് നമ്മളെ നയിക്കുന്നു.


ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക

ഭക്ഷണത്തിൽ ശ്രദ്ധിക്കുക വഴി ഒരു പരിധി വരെ രോഗങ്ങളെ നമുക്ക് അകറ്റി നിർത്താം. സമീകൃതമായ ഭക്ഷണശീലം കൊണ്ടുവരുന്നത് കാൻസറിന് കാരണമാകുന്ന കോശങ്ങളെ ചെറുത്ത് നിർത്താൻ സഹായിക്കുന്നു.

വ്യായാമം

ആരോഗ്യകരമായ ഭക്ഷണം പോലെ തന്നെ പ്രധാനമാണ് വ്യായാമം. ദിവസവും വ്യായാമം ചെയ്യുന്നത് അമിത വണ്ണത്തിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നത് പോലെ തന്നെ ബോഡി മാസ് ഇൻഡക്സ് (BMI) നിലനിർത്താനും നമ്മെ സഹായിക്കുന്നു. പൊണ്ണത്തടി കാൻസർ ഉൾപ്പെടെ നിരവധി അസുഖങ്ങൾക്ക് കാരണമാകും നല്ല വ്യായാമശീലം കൊണ്ട് ഇത്തരം പ്രശ്നങ്ങളെ നമുക്ക് അകറ്റി നിർത്താം.


ജങ്ക് ഫുഡ് ഒഴിവാക്കുക

കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണവും സംസ്കരിച്ച മാംസവും ഒഴിവാക്കുക.നാരുകൾ കുറഞ്ഞതും പഞ്ചസാര കൂടുതലുമായ ഭക്ഷണം അർബുദ സാധ്യത വർദ്ധിപ്പിക്കുന്നു.

ഉച്ച വെയിൽ കൊള്ളാതിരിക്കുക 

അൾട്രാവയലറ്റ് രശ്മികൾ ധാരാളമായി ശരീരത്തിൽ പതിക്കുന്നതാണ് ത്വക്ക് കാൻസറിന് കാരണമാകുന്നത്.

മദ്യം ഒഴിവാക്കുക 

മദ്യം അമിതമായി ഉപയോഗിക്കുന്നവരിൽ ശ്വാസകോശാർബുദം, കരൾ കാൻസർ, അന്നനാളകാൻസർ എന്നിവ കൂടുതലായി കാണപ്പെടുന്നു. അമിത മദ്യപാനികളിൽ ലിവർ സിറോസിസ് കാണപ്പെടുന്നു. ഈ ലിവർ സിറോസിസ് പിന്നീട് കാൻസറിലേക്ക് നയിക്കുന്നു.

മാംസ ഭക്ഷണം നിയന്ത്രിക്കുക

മൃഗക്കൊഴുപ്പ് അടങ്ങിയ ചുവന്ന മാംസം കഴിക്കുന്നത് നിയന്ത്രിക്കുക, ഇത് കുടൽ കാൻസർ സാധ്യത വർധിപ്പിക്കുന്നു. ബീഫ്, പോർക്ക്, മട്ടൺ എന്നിവ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന പൊണ്ണതടിയും കാൻസറിനു കാരണമാകുന്നു.


മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കാതിരിക്കുക

മൊബൈൽ ഫോണിലെ റേഡിയേഷൻ കാൻസറിന് വഴിയൊരുക്കുന്നു.

ലോക കാൻസർ ദിനത്തിന്റെ പ്രാധാന്യം 

ശ്വാസകോശം, സ്തനം, ഗർഭാശയം, തല, വൻകുടൽ, കഴുത്ത്, എന്നീ ഭാഗങ്ങളെയാണ് അർബുദം പ്രധാനമായി ബാധിക്കുന്നത്.

രോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുക, സാമൂഹിക തിൻമകൾ കുറക്കുക എന്നതെല്ലാം ലക്ഷ്യമിട്ടാണ് ലോക കാൻസർ ദിനം ആചരിച്ച് വരുന്നത്. അർബുദത്തെ കുറിച്ചും അത് നേരത്തെ കണ്ടെത്താനുള്ള മാർഗങ്ങളെ കുറിച്ചും ആളുകളെ ബോധവൽക്കരിക്കുന്നതും ഈ ദിനാചരണത്തിന്റെ ലക്ഷ്യമാണ്..

കാൻസർ - മിഥ്യയും സത്യവും 

കാൻസർ ഒരു പകർച്ചാവ്യാധിയാണോ ? 

നിരവധി ആളുകൾ ഇപ്പോഴും വച്ചുപുലർത്തുന്ന തെറ്റായ ധാരണയാണ് അർബുദം പകർച്ചവ്യാധിയാണെന്നത്. ഇത്തരത്തിൽ ഒരു ധാരണയുള്ളതുകൊണ്ടു തന്നെ പലരും അർബുദ രോഗികളെ അകറ്റി നിർത്തുന്നതിനും ഇട വരാറുണ്ട്. കോശങ്ങൾ ശരീരത്തിൽ വളരുന്നത് നിർത്താൻ കഴിയാത്ത അവസ്ഥയാണ് കാൻസർ. കാൻസർ ബാധിച്ച ആളുകൾക്ക് മാനസികവും ശാരീരികവുമായ പിന്തുണ പകരുകയാണ് വേണ്ടത്. അല്ലാതെ സാമൂഹിക അകലം പാലിക്കുകയല്ല.

കാൻസർ വളരെ വേദനാജനകമോ ?

ഇങ്ങനെയാണെങ്കിൽ പ്രാരംഭ ഘട്ടത്തിൽ തന്നെ എല്ലാവർക്കും രോഗ നിർണയം സാധ്യമാകുന്നു. കാൻസർ ഓരോ ഘട്ടം കഴിയുന്നതിലൂടെയാണ് വേദനാജനകമായി തീരുന്നത്.

പഞ്ചസാര കാൻസറിനെ കൂടുതൽ വഷളാക്കുന്നുവോ ?

കാൻസർ കോശങ്ങൾ സാധാരണ കോശത്തേക്കാൾ വളരെ വേഗത്തിൽ വളരുന്നതിനാൽ അവ കൂടുതൽ ഗ്ലൂക്കോസ് ഉപയോഗിക്കുന്നു. പഞ്ചസാര കഴിക്കുന്നതോ പഞ്ചസാര ഒഴിവാക്കുന്നതോ കാൻസർ വരുന്നതിന് കാരണമാകുന്നില്ല.

കാൻസർ ഒരു ആധുനിക ജീവിത ശൈലീരോഗമോ? 

ആധുനിക ജീവിത ശൈലി കൊണ്ടാണ് കാൻസർ രോഗം പിടിപെടുന്നതെന്നത് മിഥ്യാധാരണയാണ്. എന്നാൽ ഇന്നത്തെ ഫാസ്റ്റ് ഫുഡ് രീതികളെല്ലാം അതിനു കാരണമാകുന്നില്ലെന്ന് പറയാനാകില്ല. അതുപോലെ തന്നെ കൃത്യമായ രോഗനിർണയവും ചികിത്സ ലഭ്യമാക്കാനും ഇന്നത്തെ കാലത്ത് എളുപ്പമാണ്. അതുപോലെ തന്നെ കൃത്യമായ രോഗനിർണയത്തിനും ചികിത്സ ലഭ്യമാക്കാനും ഇന്നത്തെ കാലത്ത് എളുപ്പമാണ്.

കാൻസർ ചികിത്സ ഗുണത്തേക്കാൾ ഏറെ ദോഷമോ ? 

ബലഹീനത, ശരീരഭാരം കുറയൽ, മുടി കൊഴിച്ചിൽ എന്നിവ കാൻസർ ചികിത്സയുടെ പാർശ്വഫലങ്ങളാണെന്നാണ് പൊതു ധാരണ. കാൻസർ ചികിത്സകൾ വേദനയുണ്ടാക്കുമെന്നും ഒടുവിൽ മരണം തേടിയെത്തുമെന്നും ആളുകൾ ധരിച്ചു വച്ചിരിക്കുന്നു. ഇത്തരം ധാരണകൾ ജീവൻ രക്ഷിക്കാനുള്ള ചികിത്സകൾ നിരസിക്കുന്നതിന് കാരണമാകുന്നു.

കാൻസർ പരിശോധനകൾ എപ്പോൾ ചെയ്യണമെന്ന സംശയം ആളുകളിൽ കണ്ടുവരുന്നുണ്ട്. ലക്ഷണങ്ങൾ ഒന്നുമില്ലാത്തവർ പ്രായം നാൽപ്പതുകളിൽ എത്തുമ്പോൾ കാൻസർ രോഗനിർണയം നടത്തുന്നത് നല്ലതാണ്. അല്ലാത്തവർക്ക് എന്തെങ്കിലും ലക്ഷണങ്ങൾ കാണപ്പെട്ടാൽ മാത്രം ഡോക്ടറുടെ നിർദ്ധേശപ്രകാരവും പരിശോധന നടത്താം.

കാൻസർ നിർണയത്തിന് രക്തപരിശോധന:

ബ്ലഡ് കാൻസർ :-

ബീറ്റാ മൈക്രോ ഗ്ലോബുലിൻ എന്ന രക്തപരിശോധനക്ക് വിധേയമാകുന്നതിലൂടെ രക്തത്തിലെ അർബുദത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കും.

ഗർഭാശയ കാൻസറും വൃഷണത്തിലെ കാൻസറും:

പുരുഷൻമാരിലും ഗർഭിണിയല്ലാത്ത സ്ത്രീകളിലും ബീറ്റ HCG ടെസ്റ്റ് നടത്താം. ബീറ്റ H CG പുരുഷൻമാരിൽ ചെയ്യുന്നതിലൂടെ വൃഷണത്തിലെ കാൻസർ കണ്ടെത്താൻ സാധിക്കും.

പിത്താശയം, പാൻക്രിയാസ്, ആമാശയം :-

CA19-9 ചെയ്യാം

ഒവേറിയൻ കാൻസർ :-

CEA, CA 125 എന്നീ പരിശോധനകൾ നടത്താം

ഇതൊക്കെയാണ് കാൻസർ ഉണ്ടോ എന്ന് കണ്ടെത്താനുള്ള പ്രധാന പരിശോധനകൾ.

പോരാട്ടം, അതിജീവനം :-

ധാരാളം കാൻസർ അതിജീവന പോരാളികളെ നമുക്ക് അറിയാം. അതിൽ പരിചിത മുഖങ്ങളാണ് ചലച്ചിത്ര താരങ്ങളായ ഇന്നസെന്റ്, മംത മോഹൻദാസ് തുടങ്ങിയവർ. അർബുദത്തെ ഫലപ്രദമായ ചികിത്സ കൊണ്ടും ഇച്ഛാശക്തികൊണ്ടും വരുതിയിലാക്കി മുന്നോട്ട് കുതിക്കുന്നവരാണിവർ. മനശക്തിയാൽ എന്തിനെയും നേരിട്ടാൽ തന്നെ ആ പോരാട്ടവീര്യം മറ്റുള്ളവർക്ക് കരുത്തും പ്രചോദനവുമേകും.

അതിനാൽ അർബുദരഹിത ലോകത്തിനായി ഈ ദിനത്തിൽ നല്ല ആരോഗ്യ ചര്യകളുടെ ഭാഗമായി നമുക്ക് കൈകോർക്കാം.

Tags:    
News Summary - World Cancer Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.