ഉദരാർബുദവും താക്കോൽദ്വാര ശസ്ത്രക്രിയയും

അർബുദം അഥവാ കാൻസർ പിടിപെട്ടുവെന്ന് അറിഞ്ഞുകഴിഞ്ഞാൽ ഭയപ്പെടാത്തരവരായി ആരുമില്ല. ഉദരാർബുദം എന്നു കേട്ടാൽ പ്ര ത്യേകിച്ചും. എന്നാൽ, ഉദരാർബുദത്തിന് കൃത്യവും ഫലപ്രദവുമായ ചികിത്സാരീതികൾ ഉണ്ടെന്നുള്ളതാണ് വാസ്തവം. പക്ഷേ, അത്​ നേരത്തേതന്നെ കണ്ടുപിടിക്കണമെന്നും ചികിത്സിക്കപ്പെടണമെന്നും മാത്രം.


അർബുദം ദഹനേന്ദ്രിയ വ്യൂഹത്തിൽപെട്ട ഏത് അവയവത്തെയും ബാധിക്കാം. അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ, മലാശയം, കരൾ, പിത്തസഞ്ചി, പിത്തക്കുഴൽ, ആഗ്​നേയഗ്രന്ഥി, പാൻക്രിയാസ്, പ്ലീഹ തുടങ്ങിയ അവയവങ്ങൾ ചേരുന്നതാണ് ദഹനേന്ദ്രിയവ്യൂഹം. ഇതിൽ ഏത്​ അവയവത്തെയും അർബുദം ബാധിക്കാം. പൊതുവേ ഈ അവയവങ്ങൾക്കുണ്ടാകുന്ന അർബുദത്തെ ഉദരാർബുദം എന്ന്​ വിവക്ഷിക്കപ്പെടുന്നു.
ഉദരാർബുദത്തി​​​െൻറ ലക്ഷണങ്ങൾ അർബുദം ഏത് അവയവത്തെയാണ് ബാധിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് അന്നനാളവുമായി ബന്ധപ്പെട്ടാണെങ്കിൽ ആഹാരം വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ടായിരിക്കും അനുഭവപ്പെടുക. ആമാശയാർബുദമാകട്ടേ ഛർദിയോ വയറുവേദനയോ ആയി പ്രത്യക്ഷപ്പെടാം. അപൂർവം ചിലരിൽ രക്തം കലർന്ന ഛർദിയും കറുത്തനിറത്തിലുള്ള മലവും ഉണ്ടാകാം. ചെറുകുടലുമായി ബന്ധപ്പെട്ട അർബുദം പൊതുവെ അപൂർവമാണ്. വിട്ടുവിട്ടുള്ള വയറുവേദനയാണ് ഇതി​​​െൻറ പ്രധാന ലക്ഷണം. വൻകുടലിലെ അർബുദം പൊതുവെ പ്രത്യക്ഷപ്പെടുന്നത് മലവിസർജ്യത്തിലെ രക്തസ്രാവമായിട്ടാണ്. വൻകുടലിലേയും മലാശയത്തിലെയും കാൻസറുകൾ സാധാരണ അർശസ് ആയി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

മദ്യപാനം മൂലമുള്ള സിർറോഹോസിസ് അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് (ബിയും സിയും) മൂലമുള്ള സിർറോഹോസിസ് ബാധിച്ചവർക്കാണ് കൂടുതലായും കരൾ സംബന്ധമായ കാൻസർ കാണപ്പെടുന്നത്. മഞ്ഞപ്പിത്തമായിട്ടോ, ക്രമാതീതമായ ഭാരക്കുറയിലായിട്ടോ ഇത് അനുഭവപ്പെടാം. പിത്തസഞ്ചിയിലോ പിത്തക്കുഴലിലോ ഉണ്ടാകുന്ന അർബുദം മഞ്ഞപ്പിത്തമായിട്ടോ ശരീരമാസകലമുള്ള ചൊറിച്ചിലായിട്ടോ പ്രത്യക്ഷപ്പെടാം. പാൻക്രിയാസ് ഗ്രന്ഥിയുടെ ശിരോഭാഗത്തുള്ള അർബുദം പ്രത്യക്ഷപ്പെടുന്നതും ഇങ്ങനെ തന്നെ. പാൻക്രിയാസ് ഗ്രന്ഥിയുടെ തന്നെ ഉടൽഭാഗത്തുണ്ടാകുന്ന അർബുദം വളരെ വൈകിയേ കണ്ടുപിടിക്കപ്പെടാറുള്ളൂ. ഭാരനഷ്​ടം, നട്ടെല്ലിനുള്ള വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

മേൽപറഞ്ഞ ലക്ഷണങ്ങളുള്ള വ്യക്തികൾ നിശ്ചയമായും ചികിത്സ തേടേണ്ടതാണ്. രോഗം മൂർച്ഛിക്കുന്നതിന് മുമ്പ് കണ്ടുപിടിക്കപ്പെട്ടാൽ ചികിത്സിച്ചു ഭേദമാക്കാവുന്നതാണ് മിക്കവയും. രോഗം കണ്ടുപിടിക്കുന്നതിന് എൻഡോസ്കോപ്പി, കൊളനോസ്കോപ്പി, സ്കാൻ മുതലായ ടെസ്​റ്റുകൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ ചില ഘടകങ്ങളുടെ തോത് ഒരു നിശ്ചിത അളവിന് അപ്പുറമാവുന്നത്​ അർബുദം രോഗം കണ്ടുപിടിക്കുന്നതിനും ചികിത്സാശേഷം വീണ്ടും അർബുദം വരുന്നോ എന്ന് നിരീക്ഷിക്കുന്നതിനും ഉപകരിക്കും. ട്യൂമർ മാർക്കേഴ്സ് എന്നാണ് ഈ ഘടകങ്ങൾ അറിയപ്പെടുന്നത്.

ഉദരാശയ അർബുദത്തി​​​െൻറ ചികിത്സാവിധികൾ പലതാണ്. ശസ്ത്രക്രിയ, കീമോതെറപ്പി, റേഡിയോതെറപ്പി എന്നിവ ചികിത്സയിലെ പ്രധാന വിധികളാണ്. അതിൽ ശസ്ത്രക്രിയക്ക് തന്നെയാണ് പ്രാധാന്യം. ശസ്ത്രക്രിയ നിശ്ചയിക്കുന്നത് രോഗം ബാധിച്ചിട്ടുള്ള അവയവങ്ങളുടെയും അതി​​​െൻറ ഘട്ടത്തെയും ആശ്രയിച്ചാണ്. സി ടി സ്കാൻ, എം.ആർ.ഐ സ്കാൻ, എൻഡോസ്കോപ്പിക് അൾട്രാസൗണ്ട് മുതലായ സ്കാനുകളുടെ സഹായത്താലാണ് ശസ്ത്രക്രിയക്കുമുമ്പ് ഏത് ഘട്ടത്തിലാണ് രോഗം എന്ന് നിർണയിക്കപ്പെടുന്നത്. ഇതനുസരിച്ചാണ് ശസ്ത്രക്രിയ, കീമോതെറപ്പി, റേഡിയോതെറപ്പി എന്നിവയിൽ ഏതാണ് ആദ്യം ചെയ്യേണ്ടത് എന്ന് നിശ്ചയിക്കുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ശസ്ത്രക്രിയാ രംഗത്തു വിപ്ലവകരമായ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. താക്കോൽദ്വാര ശസ്ത്രക്രിയയുടെ സാധ്യതകൾ ഒരു മുറിവി​​​െൻറ വലുപ്പക്കുറവിനപ്പുറം അനന്തമായ പ്രയോജനങ്ങളാണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. ചെറിയ മുറിവ്, അണുബാധക്കുള്ള സാധ്യതക്കുറവ്, കുറഞ്ഞ ആശുപത്രിവാസം. വേദനരഹിതമായ മുറിവുകൾ രോഗിയുടെ ആരോഗ്യസ്ഥിതി പൊടുന്നനെ വീണ്ടെടുക്കാൻ സഹായിക്കുമെന്നുള്ളത് ഏവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ, അർബുദ ശസ്ത്രക്രിയയുടെ കാര്യത്തിൽ ലാപ്​റോസ്കോപ്പി (കീഹോൾ)യുടെ പ്രയോജനങ്ങൾ അതിനപ്പുറമാണ്.

സാധാരണ അർബുദ ശസ്ത്രക്രിയ ചെയ്യുമ്പോൾ നഗ്നനേത്രങ്ങൾ കൊണ്ടാണ് രോഗമുള്ള അവയവം നിരീക്ഷിക്കപ്പെടുന്നത്. എന്നാൽ, താക്കോൽദ്വാര ശസ്ത്രക്രിയയിൽ കാമറക്കണ്ണുകളിലൂടെ സൂം ചെയ്യപ്പെട്ട് കാണുന്നതിനാൽ രോഗം പിടിപ്പെട്ട ഭാഗം പതിൻമടങ്ങ് വലുപ്പത്തിൽ കാണുകയും രോഗം പിടിപ്പെട്ട ഭാഗവും അനുബന്ധ കലകളും അതിസൂക്ഷ്​മതയോടെയും കൃത്യതയോടെയും നീക്കം ചെയ്യുന്നതിനും സാധിക്കുന്നു. ലാപ്​റോസ്കോപ്പി സാധാരണ ശസ്ത്രക്രിയയെക്കാൾ ആയുസ്സും ആരോഗ്യവും വർധിപ്പിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
ലാപ്​റോസ്കോപ്പി(മിനിമൽ അക്സസ്​ സർജറി) യുടെ സാധ്യതകൾ ഇത്രയൊക്കെ ആണെങ്കിലും അതിൽ പരിശീലനം ലഭിച്ചവർ കുറവാണെന്നുള്ളതാണ് ദുഃഖകരമായ വസ്തുത. ഇതിൽ പ്രത്യേക പ്രാവീണ്യം ലഭിച്ചവരുടെ അഭാവം ആരോഗ്യമേഖലയെ അലട്ടുന്നുണ്ട്.

Tags:    
News Summary - Stomach cancer and keyhole surgery-health news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.