പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലെന്ന് പഠനം

പുരുഷന്മാർക്ക് ആമാശയ കാൻസർ വരാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ. ആഗോളതലത്തിലും അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ കണക്കുകൾ പ്രകാരവും ആമാശയ കാൻസർ സ്ത്രീകൾക്ക് ഉള്ളതിനേക്കാൾ ഏകദേശം രണ്ട് ഇരട്ടിയോളം സാധ്യത പുരുഷന്മാർക്കുണ്ട്. ആമാശയത്തിലെ ഉൾപ്പാളിയിൽ കാൻസർ കോശങ്ങൾ രൂപപ്പെടുന്ന രോഗമാണിത്. ഇതിനെ ഗാസ്ട്രിക് കാൻസർ എന്നും വിളിക്കാറുണ്ട്. ഇത് സാധാരണയായി വളരെ പതുക്കെയാണ് വളരുന്നത്. തുടക്കത്തിൽ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽ ലക്ഷണങ്ങൾ അവ്യക്തമായിരിക്കും.

വയറുവേദന, വിശപ്പില്ലായ്മ, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ശരീരഭാരം കുറയൽ, ഛർദ്ദി, ഓക്കാനം, മലത്തിൽ രക്തം, ക്ഷീണം, വിളർച്ച, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവയൊക്കെ ആമാശയ കാൻസറിന്റെ ചില സാധാരണ ലക്ഷണങ്ങളാണ്. ഏത് പ്രായത്തിലുള്ളവർക്കും ആമാശയ കാൻസർ വരാൻ സാധ്യതയുണ്ടെങ്കിലും ഏറ്റവും കൂടുതൽ സാധ്യത പുരുഷന്മാർക്കാണ്. അതിനാൽ ഇക്കാര്യത്തിൽ പുരുഷന്മാർ കൂടുതൽ ബോധവാന്മാരാകണം. ജീവിതശൈലിയിലെ തെരഞ്ഞെടുപ്പുകളെ കുറിച്ചും അറിഞ്ഞിരിക്കണം. മാത്രമല്ല നിരന്തരം സ്‌ക്രീനിങ് നടത്തേണ്ടതും ആവശ്യമാണ്.

പുരുഷന്മാരിൽ ഈ അവസ്ഥ ഉണ്ടാവാനുള്ള സാധ്യത കൂടുതലായതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. ആമാശയ കാൻസറിനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളാണ് പുകവലിയും അമിതമായ മദ്യപാനവും. സ്ത്രീകളേക്കാൾ ഈ ശീലങ്ങൾ പുരുഷന്മാരിൽ കൂടുതലായി കണ്ടുവരുന്നത് രോഗസാധ്യത വർധിപ്പിക്കുന്നു. ചില വ്യവസായശാലകളിലെ രാസവസ്തുക്കൾ, റബ്ബർ സംയുക്തങ്ങൾ, കൽക്കരി പൊടി, ചിലതരം ലോഹങ്ങൾ എന്നിവയുമായി കൂടുതൽ സമ്പർക്കം പുലർത്തുന്ന ജോലികൾ ചെയ്യുന്നവരിൽ സാധ്യത കൂടാം. കൂടുതൽ ഉപ്പുള്ളതും പുകയിൽ വേവിച്ച അച്ചാറിട്ട നൈട്രേറ്റ് അടങ്ങിയതുമായ സംസ്‌കരിച്ച മാംസങ്ങൾ കഴിക്കുന്നതും ഇതിന് കാരണമാകാം.

ആമാശയ കാൻസറുകളിൽ ഭൂരിഭാഗവും (ഏകദേശം 90-95%) അഡിനോകാർസിനോമ (Adenocarcinoma) എന്ന വിഭാഗത്തിൽ പെടുന്നു. ഇത് ആമാശയത്തിന്റെ ഉൾഭാഗത്തെ പാളിയായ മ്യൂക്കോസയിലെ ഗ്രന്ഥികോശങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. വയറിന് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ പരിശോധനകൾ നടത്തുക. കുടുംബത്തിൽ ആർക്കെങ്കിലും ആമാശയ കാൻസറുണ്ടെങ്കിൽ ഇത്തരം പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ഡോക്ടറെ കാണണം. ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കരുത്. ഇത് ചികിത്സയെ കൂടുതൽ സങ്കീർണമാക്കും. രോഗത്തെ കുറിച്ച് അവബോധം ഉണ്ടാവുകയെന്നതാണ് അപകടകരമായ സാഹചര്യത്തിലേക്ക് എത്തുന്നതിനെ തടയുന്ന പ്രധാന കാര്യമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗത്തിന്റെ ഘട്ടം, സ്ഥാനം, രോഗിയുടെ പൊതുവായ ആരോഗ്യം എന്നിവ അനുസരിച്ച് ചികിത്സ വ്യത്യാസപ്പെടാം.

Tags:    
News Summary - Men are more likely to get stomach cancer, study finds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.