മദ്യപാനി എത്തിച്ചേരുന്ന രോഗാവസ്ഥകൾ

മദ്യത്തിനോടുള്ള അമിതാസക്തി സ്വന്തം ആരോഗ്യവും ജീവിതവും കുടുംബവും ഇല്ലാതാക്കുന്നതിനോടൊപ്പം സാമൂഹികാരോഗ്യത്തെയും ബാധിക്കുന്നു. മദ്യപിച്ച് കലഹമുണ്ടാക്കുക, കൈയാങ്കളി, കത്തിക്കുത്ത്, കൊലപാതകം എന്നുവേണ്ട മദ്യപാനം മൂലം വിപത്തുകള്‍ അനവധിയാണ്. മദ്യത്തിന്‍റെ അമിത ഉപയോഗം ഒരു വ്യക്തിയുടെ ശാരീരിക മാനസിക സാമൂഹിക ജീവിതത്തില്‍ തകരാറുകള്‍ ഉണ്ടാക്കുമ്പോള്‍ ആല്‍ക്കഹോളിസം എന്ന രോഗാവസ്ഥയായി മാറുന്നു.

ആല്‍ക്കഹോള്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രാം (Alcohol Dependence Syndrome) എന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച.ഒ) ഇതിനെ നിര്‍വചിച്ചിരിക്കുന്നത്. ഒരു പ്രവര്‍ത്തി ചെയ്യാന്‍ മദ്യത്തിന്‍റെ ആവശ്യം വേണമെന്നു തോന്നുക, മദ്യം കഴിക്കാത്തപ്പോള്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അകറ്റാന്‍ മദ്യപിക്കണമെന്നു തോന്നുക എന്നിവയെല്ലാം മദ്യം ഇടക്കിടെയോ കൂടെക്കൂടെയോ ക്രമാതീതമായോ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്നു. അക്യൂട്ട് ഇന്‍റോക്സിക്കേഷന്‍ (Acute Intoxication), വിഡ്രോവല്‍ സിന്‍ഡ്രാം (Withdrawal syndrome) എന്നീ രണ്ട് തരം തകരാറുകളാണ് ഇത് മൂലമുണ്ടാകുന്നത്.

അമിതമായി മദ്യപിച്ചശേഷം ചുരുങ്ങിയ സമയത്തെ ഉത്തേജിതാവസ്ഥക്കു ശേഷം ശാരീരികവും മാനസികവുമായ മന്ദതയാണ് അക്യൂട്ട് ഇന്‍റോക്സിക്കേഷന്‍. രക്തത്തിലെ മദ്യത്തിന്‍റെ അളവുകൂടുമ്പോള്‍ രോഗാവസ്ഥയുടെ തീവ്രതയും വര്‍ധിക്കുന്നു. ഇത്തരക്കാര്‍ സ്വയം നിയന്ത്രണം നഷ്ടപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കും. ഗുരുതരമായ ഓര്‍മ്മതകരാറുകളും ഇത്തരക്കാരില്‍ കണ്ടുവരാറുണ്ട്.

വിഡ്രോവല്‍ സിന്‍ഡ്രാം ശാരീരിക ബലക്കുറവ്, കൈകാല്‍ വിറയല്‍, ഓക്കാനം, ഛര്‍ദ്ദി, ഉറക്കക്കുറവ്, ഉത്ക്കണ്ഠ എന്നിവ പൊതു പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുക. ചിലരില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും ബാധിക്കും.

അമിതമദ്യപാനികളായ 10 ശതമാനം രോഗികളില്‍ മദ്യോപയോഗത്തിനുശേഷം 12 മുതല്‍ 48 വരെ മണിക്കൂറിനകമുണ്ടാകുന്ന സന്നി രോഗാവസ്ഥയാണ് ആല്‍ക്കഹോളിക് സീഷര്‍ (Alcholic seezure).

അമിത മദ്യപാനികളില്‍ ഉണ്ടാകുന്ന ഗുരുതര മനോരോഗാവസ്ഥയാണ് ആല്‍ക്കഹോള്‍ ഇന്‍ഡ്യൂസ്ഡ് സൈക്കോട്ടിക്ക് ഡിസ്ഓര്‍ഡര്‍. ഇത്തരക്കാര്‍ അസാധാരണ ശബ്ദങ്ങളോ കാഴ്ചകളോ അനുഭവിക്കുന്ന രീതിയില്‍ പ്രതികരിച്ചേക്കാം.

മദ്യപാനിയുടെ മാനസികാവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ആല്‍ക്കഹോള്‍ ഇന്‍ഡ്യൂസ്ഡ് മൂഡ് ഡിസ് ഓര്‍ഡര്‍. വളരെയധികം സന്തോഷവാനായോ തീരെ ദുഃഖിതനായോ രണ്ടും ചേര്‍ന്ന അവസ്ഥയിലോ ഇവര്‍ പ്രതികരിക്കും. ആത്മഹത്യ പ്രവണതയും ഇത്തരക്കാര്‍ കാണിച്ചേക്കാം. അമിത മദ്യപാനികള്‍ പലപ്പോഴും അകാരണമായ ഭയാശങ്കകള്‍ വെച്ചുപുലര്‍ത്തുന്നതായി കാണുന്നുണ്ട്.

അസുഖം കൃത്യമായി നിര്‍ണയിച്ചശേഷം ഇന്‍റര്‍വെന്‍ഷന്‍, ഡീറ്റോക്സിഫിക്കേഷന്‍, പുനരധിവാസം (റീഹാബിലിറ്റേഷന്‍) എന്നി മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തരക്കാര്‍ക്ക് ചികിത്സ നല്‍കുന്നത്. വ്യക്തിയുടെ ശാരീരികാരോഗ്യം മെച്ചപ്പെടുത്തിയതിനുശേഷം മാത്രമേ മാനസികാരോഗ്യ ചികിത്‌സയിലേക്ക് കടക്കുകയുള്ളു. സര്‍ക്കാറിന്‍റെയും സ്വകാര്യ മാനേജ്‌മെന്‍റ് ഉടമസ്ഥതയിലുള്ളതുമായ സ്ഥാപനങ്ങള്‍ എല്ലാ ജില്ലകളിലും ഇത്തരം ചികിത്സ നല്‍കുന്നു.

Tags:    
News Summary - Illnesses caused by alcohol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.