എണ്ണമയമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ താരൻ മിക്ക ആളുകളും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ്. തലക്ക് അസ്വസ്ഥതയുണ്ടാക്കുകയും ചൊറിച്ചിലിനും മുടികൾ പൊട്ടുന്നതിനും ഇത് കാരണമാകാറുണ്ട്. ചിലർക്ക് താരൻ പൊടിഞ്ഞ് വീണ് വസ്ത്രത്തിലും ശരീരത്തിലും പറ്റിപ്പിടിക്കാറുമുണ്ട്. ഇത്തരത്തിൽ പൊടിയുന്ന താരൻ ചർമത്തിന് ദോഷം ചെയ്യും.
എങ്ങനെയാണ് താരൻ ഉണ്ടാകുന്നത്?
തലയിലെ ചർമ കോശങ്ങൾ വളരെ വേഗത്തിൽ ഇളകിപ്പോകുമ്പോഴാണ് താരൻ ഉണ്ടാകുന്നത്. സാധാരണയായി എല്ലാവരുടെയും ചർമകോശങ്ങൾ അടർന്നുപോകാറുണ്ട്. എന്നാൽ താരനുള്ള ആളുകളിൽ ഇത് വളരെ വേഗത്തിലായിരിക്കും.
എല്ലാവരുടെയും തലയോട്ടിയിൽ കാണാറുള്ള മലാസേഷ്യ എന്ന ഫംഗസിന്റെ അമിത വളർച്ച താരനുണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഇത് ചർമ കോശങ്ങളുടെ പുനരുജ്ജീവനത്തെ തടസ്സപ്പെടുത്തുന്നു. മറ്റൊരു കാരണമാണ് എണ്ണ ഉത്പാദിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികൾ. ഇവയിൽ നിന്നുള്ള അമിത എണ്ണ താരൻ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. തലയോട്ടി ഈർപ്പമില്ലാതെ വരണ്ടു കിടക്കുകയും വൃത്തിയാക്കാതെ വരുമ്പോഴും താരൻ ഉണ്ടാകാനുള്ള സാധ്യത കൂടും. കൂടാതെ അലർജിയും താരന് കാരണമാകും.
താരൻ ഉണ്ടാകാൻ സാധ്യതയുള്ള കാരണങ്ങൾ മനസിലാക്കിയാലേ ഫലപ്രദമായ മാർഗത്തിലൂടെ മുടി സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. ശുചിത്വം ശീലമാക്കുകയാണ് ഏറ്റവും അടിസ്ഥാന കാര്യം.
ശരിയായ ആന്റി-ഡാൻഡ്രഫ് ഷാംപൂ തിരഞ്ഞെടുക്കുക-എണ്ണമയമുള്ള താരൻ നിയന്ത്രിക്കാൻ അനുയോജ്യമായ ഷാംപൂ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. മികച്ച ഷാംപൂ തിരഞ്ഞെടുക്കുന്നതോടൊപ്പം പ്രധാനമാണ് അവ ഉപയോഗിക്കുന്ന രീതിയും. ഷാംപൂ കൈകളിലാക്കി വളരെ മൃദുവായി തലയോട്ടിയോടടുപ്പിച്ചുള്ള ഭാഗങ്ങളിൽ കൈവിരലുകൾ കൊണ്ട് മസാജ് ചെയ്യുക.
കൃത്യമായ ഇടവേളകളിൽ തല കഴുകുക-പതിവായി മുടി കഴുകുന്നത് എണ്ണയും അഴുക്കും അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുമെങ്കിലും താരൻ വർധിക്കുന്നതിന് കാരണമാകും. അമിതമായി മുടി കഴുകുന്നതിലൂടെ തലയോട്ടിയിൽ അധിക എണ്ണ ഉത്പാദിപ്പിക്കപ്പെടും. അതുകൊണ്ട് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുടി കഴുകുന്നതാണ് നല്ലത്. പക്ഷേ ചൂട് കാലാവസ്ഥയിലോ അമിതമായി വിയർക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഇടക്കിടെ മുടി കഴുകേണ്ടത് ആവശ്യമായി വന്നേക്കാം.
ഡബിൾ റിൻസ് - തലമുടികൾ നനക്കുമ്പോൾ രണ്ടു തവണ കഴുകാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്താൽ പ്രകൃതിദത്ത എണ്ണകൾ അമിതമായി നീക്കം ചെയ്യാതെ ആഴത്തിലുള്ള വൃത്തിയാക്കൽ സാധിക്കും. ആദ്യം ഉണങ്ങിയ മുടിയിൽ ഷാംപൂ പുരട്ടി തലയോട്ടിയിൽ മസാജ് ചെയ്ത് കഴുകി കളയുക. തുടർന്ന് മുടി വീണ്ടും നനച്ച് ഷാംപൂ നേരിട്ട് തലയോട്ടിയിൽ പുരട്ടി നന്നായി കഴുകുക. ഈ രീതി തലയോട്ടിയിലെ മുരടിച്ച അടരുകളെയും അമിതമായി ഉൽപാദിക്കപ്പെട്ട സെബവും ഫലപ്രദമായി നീക്കം ചെയ്യും.
പ്രകൃതിദത്തമായ മാർഗങ്ങൾ- ഷാംപൂവിന് പുറമേ പ്രകൃതിദത്ത മാർഗങ്ങളിലൂടെയും താരൻ അകറ്റാൻ സാധിക്കും.
കറ്റാർ വാഴ- താരൻ കാരണം അനുഭവപ്പെടുന്ന ചൊറിച്ചിലും അസ്വസ്ഥതയും കുറക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് കറ്റാർ വാഴ.
ടീ ട്രീ ഓയിൽ- താരന് കാരണമാകുന്ന ഫംഗസിനെ ചെറുക്കാൻ ആവശ്യമായ ആന്റിഫംഗൽ ഗുണങ്ങൾ അടങ്ങിയ എണ്ണയാണ് ടീ ട്രീ ഓയിൽ.
ഭക്ഷണം ക്രമീകരിക്കുക- തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണ ക്രമത്തിന് കാര്യമായ പങ്കുണ്ട്. സാൽമൺ, ഇലക്കറികൾ, നട്സ്, ധാന്യങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ബി, ഇ എന്നിവ മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തെ പിന്തുണക്കാൻ സഹായിക്കുന്നതാണ്. കൂടാതെ കൊഴുപ്പുള്ളതും പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങൾ കുറക്കുന്നതും നല്ലതാണ്.
ഹോർമോൺ നിയന്ത്രിക്കുക- സമ്മർദത്തിന് കാരണമാകുന്ന ഹോർമോൺ താരനെ കൂടുതൽ വഷളാക്കുന്നതാണ്. അതുകൊണ്ട് യോഗ, നടത്തം അല്ലെങ്കിൽ ലഘുവായ വ്യായാമങ്ങൾ പോലുള്ള പതിവ് ശാരീരിക പ്രവർത്തനങ്ങൾ ശീലമാക്കുന്നതോടൊപ്പം മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ഇത്തരത്തിൽ സമർദം കൈകാര്യം ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തോടൊപ്പം മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യുന്നതാണ്.
ശുചിത്വം- മുടിയിൽ ഇടക്കിടെ തൊടുന്നത് ഒഴിവാക്കുക. കാരണം ഇത് നിങ്ങളുടെ കൈകളിൽ നിന്ന് എണ്ണയും ബാക്ടീരിയയും തലയോട്ടിയിലേക്ക് മാറ്റും. ചീപ്പുകൾ, ബ്രഷുകൾ, ഹെയർ ആക്‌സസറികൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക. കൂടാതെ സൗന്ദര്യ ഉൽപ്പന്നങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക. അമിതമായ ജെല്ലുകൾ, സ്പ്രേകൾ അല്ലെങ്കിൽ ക്രീമുകൾ എന്നിവ എണ്ണയും അടരുകളും കുമിഞ്ഞുകൂടാൻ കാരണമാകും. തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും എണ്ണ ഉൽപാദനം നിയന്ത്രിക്കുന്നതിനും തലയോട്ടിയിൽ പതിവായി മസാജ് ചെയ്യുക. ദിവസവും അഞ്ച് മുതൽ പത്ത് മിനിറ്റ് നേരം വിരലുകളുപയോഗിച്ച് തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുക. സ്ഥിരമായ പരിചരണം നൽകിയിട്ടും താരൻ തുടരുകയാണെങ്കിൽ ഒരു ചർമ വിദഗ്ധനെ സമീപിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.