എയ്റ്റീസ് (80) കിഡ്സ് ഒന്ന് കണ്ണാടിയിൽ നോക്കിയേ. മുടിയും താടിയും നരകയറി പ്രായമാവുന്നതിന്റെ സൂചന ശരീരം പ്രകടിപ്പിച്ചു തുടങ്ങിക്കാണും. 10-15 സ്റ്റെപ്പുള്ള കോണിപ്പടി കയറുമ്പോഴും, പത്ത് മീറ്റർ ഒന്നാഞ്ഞു നടക്കുമ്പോഴും ശരീരം കിതച്ചുതുടങ്ങും. ചിലപ്പോൾ, ശ്വാസത്തിനായി ഏന്തി വലിയേണ്ടിയും വന്നേക്കാം. പ്രായമായെന്ന് മനസ്സ് സമ്മതിച്ചില്ലെങ്കിലും ശരീരം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയെന്ന് സാരം.
എന്നാൽ, സമൂഹ മാധ്യമങ്ങളിൽ 50ഉം 70ഉം കടന്ന ചില ‘വയസ്സൻ’മാരുടെ റീലുകൾ കാണുമ്പോൾ ഈ എയ്റ്റീസ് കിഡ്സാവും മൂക്കത്ത് വിരൽ വെക്കുന്നവരിൽ ഏറെയും. അടുത്തിടെയാണ് ബോളിവുഡ് പിന്നണി ഗായകൻ സോനുനിഗം തന്റെ ഫിറ്റ്നസ് പരിശീലനത്തിന്റെ ഒരു വിഡിയോ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്. ജിം വർക്കൗട്ട് മുതൽ, യോഗയും സൂര്യനമസ്കാരവും വരെ നീണ്ടു വ്യായാമം.
52ാം വയസ്സിലും കൗമാരക്കാരന്റെ മെയ്‍വഴക്കവും ഫിറ്റ്നസും പ്രകടിപ്പിക്കുന്ന പാട്ടുകാരനോട് ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ എന്ന് ചോദിക്കുന്നത് 40-45കാരാണ്. എന്നാൽ, ജിമ്മും വർക്കൗട്ടും വെറുമൊരു ശരീരഭംഗിക്കുള്ള കലാപരിപാടിയല്ലെന്ന് ഓർമിപ്പിക്കുകയാണ് ഫിറ്റ്നസ് പരിശീലകർ. വ്യായാമത്തോടും വർക്കൗട്ടിനോടും നോ പറയുന്നവർ, പ്രായം ഒരു 40നോട് അടുക്കുമ്പോഴെങ്കിലും ഇതൊക്കെ ശീലമാക്കിയില്ലെങ്കിൽ പണികിട്ടുമെന്ന് ഫിറ്റ്നസ് എക്സ്പേർട്ട് ഗരിമ ഗോയൽ ഓർമിപ്പിക്കുന്നു. സോനു നിഗവും മമ്മൂട്ടിയുമൊന്നും ആയില്ലെങ്കിലും, സ്വന്തം തടിയും എല്ലും രോഗം വരാതെ കാക്കാൻ ചില കരുതൽ നല്ലതാണ്.
35 വയസ്സുവരെ എല്ലും പേശികളുമെല്ലാം കരുത്തോടെയിരിക്കുമെങ്കിലും, പ്രായം 40നോട് അടുക്കവെ എല്ലാം റിവേഴ്സ് ഗിയറിലേക്ക് തിരിഞ്ഞോടും. പേശി വളർച്ച നിർത്തി, ദുർബലമാവാൻ തുടങ്ങുമ്പോൾ സന്ധികളും എല്ലുകളും ഓരോന്നായി പ്രായാധിക്യം പ്രകടിപ്പിച്ചുതുടങ്ങും. അവിടെയാണ് കൃത്യമായ വ്യായാമവും, ഭക്ഷണ ക്രമവുമെല്ലാം നിർണായകമാവുന്ന റെസിസ്റ്റൻസ് ട്രെയിനിങ്ങിന്റെ പ്രാധാന്യം.
ശരീരഭാരം നിലനിർത്താൻ: ശരീര ഭാരം ഓവറാകാനും പാടില്ല, കുറയാനും പാടില്ല. പ്രായത്തിനും ഉയരത്തിനുമൊത്ത ഭാരം നിലനിർത്തിയാലേ ആരോഗ്യകരമായ ശരീരം നിലനിർത്താനാവൂ. ഇതിന് റെസിസ്റ്റൻസ് ട്രെയിനിങ് അനിവാര്യമാണ്. പേശികൾ കരുത്തോടെ നിലനിർത്തി ദഹനപ്രക്രിയ സുഗമമാക്കുന്നു.
സന്ധികളുടെ ആരോഗ്യവും ചലനശേഷിയും: സന്ധികൾ പിണങ്ങുന്നതാണ് മധ്യവയസ്സിലെ പ്രധാന പ്രശ്നം. എന്നാൽ, ജോയന്റ് മസിലുകൾ ശക്തിപ്പെടുത്തുന്നത് ഈ ഭാഗങ്ങളിലെ ആർത്രൈറ്റിസ് ലക്ഷണങ്ങൾ കുറക്കുകയും, ചലനം എളുപ്പമാക്കുകയും ചെയ്യുന്നു. ലഞ്ച് എക്സസൈസുകൾ, സ്റ്റെപ്പ് അപ്പ്, റോ എക്സസൈസ് എന്നിവയിലൂടെ ജോയന്റ്
മാനസിക കരുത്തും വർധിപ്പിക്കാം: റെസിസ്റ്റൻസ് ട്രെയിനിങ്ങിലൂടെ ശാരീരിക കരുത്ത് മാത്രമല്ല, മാനസിക ആരോഗ്യവും വർധിപ്പിക്കാം. സമ്മർദവും വിഷാദവും ടെൻഷനുമെല്ലാം മാറുന്നതോടെ മനസ്സിനും ഉല്ലാസമാവും. മികച്ച വ്യായാമം നല്ല ഉറക്കത്തിനും മെച്ചപ്പെട്ട ജീവിതത്തിനും അടിത്തറയിടുന്നു.
യോഗയും ശീലമാക്കാം: റെസിസ്റ്റൻസ് ട്രെയിനിങ്ങിൽ യോഗയും ഉൾപ്പെടുത്തിയാൽ നന്നാവും. പേശികളുടെ പ്രവർത്തനം, സന്ധികളുടെ ചലനശേഷി, ശാരീരിക കരുത്ത് എന്നിവ മെച്ചപ്പെടുത്താൻ യോഗയിലൂടെ സാധ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.