വെളിച്ചം വില്ലനാകുമ്പോൾ; ആൽബിനിസത്തെ അടുത്തറിയാം

ആൽബനിസം നമുക്ക് അത്ര സുപരിചിതമായ വാക്കല്ലെങ്കിലും ഇത് മൂലം വിഷമിക്കുന്ന ഒരുപാടാളുകൾ നമുക്ക് ചുറ്റും ഉണ്ട്. മെലാനിൻ എന്ന വർണ്ണവസ്തുവിന്റെ ഉല്പാദനം ശരീരത്തിൽ കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയെയാണ് ആൽബനിസം. ഇതൊരു പകർച്ചവ്യാധിയല്ല, മറിച്ച് ജനിതക അവസ്ഥയാണ്. ചർമം, മുടി, കണ്ണ് എന്നിവക്ക് നിറം നൽകുന്ന ഘടകമാണ് മെലാനിൻ. ഇത് സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു. മെലാനിൻ നിർമാണത്തിന് സഹായിക്കുന്ന ജീനുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ആൽബനിസത്തിന് കാരണമാകുന്നത്. ആൽബിനിസം ബാധിച്ച വ്യക്തികൾക്ക് സാധാരണക്കാർ അനുഭവിക്കുന്നതിനേക്കാൾ തീവ്രമായിട്ടായിരിക്കും ചൂടും വെളിച്ചവും അനുഭവപ്പെടുക.

ചർമത്തിലെ മെലാനിൻ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുകയും ചർമത്തിന്റെ ആഴങ്ങളിലേക്ക് താപം കടന്നുചെല്ലുന്നത് തടയുകയും ചെയ്യുന്നു. ആൽബനിസം ഉള്ളവരിൽ മെലാനിൻ ഇല്ലാത്തതിനാൽ സൂര്യരശ്മികൾ നേരിട്ട് ചർമകോശങ്ങളിലേക്ക് പതിക്കുന്നു. ഇത് 36 ഡിഗ്രി ചൂടിനെപ്പോലും പൊള്ളുന്ന അനുഭവം ആക്കി മാറ്റുന്നു. ചർമത്തിന് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവായതിനാൽ ശരീരം വേഗത്തിൽ ചൂടാകുന്നു. കണ്ണിന്റെ ഐറിസിൽ മെലാനിൻ ഇല്ലാത്തതിനാൽ അമിതമായ വെളിച്ചം കണ്ണിനുള്ളിലേക്ക് കടക്കുന്നു. ഇത് അവർക്ക് കണ്ണ് തുറക്കാൻ പോലും പ്രയാസമുണ്ടാക്കുന്നു. വെളിച്ചം കണ്ണിൽ കുത്തുന്നതുപോലെ അനുഭവപ്പെടുന്നത് ഇതുകൊണ്ടാണ്.

പ്രധാന ലക്ഷണങ്ങൾ

ചർമം: ചർമത്തിന് വെള്ളയോ അല്ലെങ്കിൽ വളരെ ഇളം നിറമോ ആയിരിക്കും. വെയിലേറ്റാൽ ചർമം പെട്ടെന്ന് ചുവന്നുതടിക്കാനും പൊള്ളലേൽക്കാനും സാധ്യതയുണ്ട്.

മുടി: മുടിയുടെ നിറം വെള്ളയോ, ഇളം മഞ്ഞയോ അല്ലെങ്കിൽ തവിട്ടുനിറമോ ആകാം.

കണ്ണുകൾ: കണ്ണിന്റെ കൃഷ്ണമണിക്ക് ഇളം നീലയോ ചാരനിറമോ ആയിരിക്കും. ചിലപ്പോൾ വെളിച്ചം തട്ടുമ്പോൾ കണ്ണുകൾക്ക് ചുവപ്പ് കലർന്ന നിറം തോന്നാം.

ആൽബനിസം ഉള്ളവരിൽ കാഴ്ചയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ കണ്ടുവരാറുണ്ട്. അമിതമായ വെളിച്ചം നോക്കാൻ പ്രയാസം, കണ്ണുകൾ അനിയന്ത്രിതമായി ചലിക്കുക, കാഴ്ച മങ്ങുകയോ വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാതിരിക്കുകയോ ചെയ്യുക എന്നിവയൊക്കെ കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആൽബനിസം ജനിതക അവസ്ഥയായതിനാൽ നിലവിൽ പൂർണ്ണമായ ചികിത്സയോ മരുന്നോ ലഭ്യമല്ല. പൂർണ്ണമായി മാറ്റാൻ കഴിയില്ലെങ്കിലും കൃത്യമായ മുൻകരുതലുകളിലൂടെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. സൺസ്ക്രീൻ ലോഷനുകൾ പുരട്ടുന്നത് ചർമത്തിലെ കാൻസർ തടയാൻ സഹായിക്കും. ഗുണമേന്മയുള്ള സൺഗ്ലാസുകൾ ഉപയോഗിക്കുക. ചർമത്തിലും കണ്ണുകളിലും എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുകയും ഡോക്ടറുടെ നിർദേശം തേടുക.

Tags:    
News Summary - get to know albinism better

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.