പ്രതീകാത്മക ചിത്രം

യുവാക്കളിൽ വൻകുടൽ കാൻസർ വർധിക്കുന്നു; മലവിസർജ്ജനത്തിലെ ഈ മാറ്റങ്ങളിലൂടെ രോഗം നേരത്തെ കണ്ടെത്താം

വൻകുടൽ കാൻസർ അഥവാ മലാശയ കാൻസർ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. 30-നും 40-നും ഇടയിൽ പ്രായമുള്ളവരിൽ പോലും അവസാന ഘട്ടങ്ങളിൽ രോഗനിർണയം നടക്കുന്നത് ഡോക്ടർമാരെയും ആശങ്കപ്പെടുത്തുന്നു. വൻകുടൽ കാൻസറിന്‍റെ ആദ്യ ഘട്ടങ്ങളിൽ വേദനയോ വ്യക്തമായ ലക്ഷണങ്ങളോ ഉണ്ടാക്കുന്നില്ല എന്നതാണ് രോഗനിർണയം വൈകുന്നതിന്‍റെ പ്രധാന കാരണം. എന്നാൽ മലവിസർജ്ജനത്തിലെ സൂക്ഷ്മമായ മാറ്റങ്ങളിലൂടെ രോഗം നേരത്തെ കണ്ടെത്താമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ ഈ ലക്ഷണങ്ങളെ ദഹന പ്രശ്നങ്ങളായോ സമ്മർദ്ദം കൊണ്ടാണെന്നോ കരുതി പലരും തള്ളിക്കളയുന്നു.

ജമ നെറ്റ്‌വർക്കിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ മലം സംബന്ധമായ ചില ലക്ഷണങ്ങളിലൂടെ പ്രാരംഭ ഘട്ടത്തിൽ തന്നെ വൻകുടൽ കാൻസർ തിരിച്ചറിയാമെന്ന് വിശദീകരിക്കുന്നു. ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് സമയബന്ധിതമായ പരിശോധനക്കും ഫലപ്രദമായ ചികിത്സക്കും അതിജീവനത്തിനുള്ള ഉയർന്ന സാധ്യതക്കും കാരണമാകും. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ അഭിപ്രായത്തിൽ വൻകുടൽ കാൻസർ നേരത്തെ കണ്ടെത്തിയവരിൽ ഏതാണ്ട് 90 ശതമാനം പേരും അപകടനില തരണം ചെയ്യുന്നുണ്ട്. എന്നിരുന്നാലും കാൻസർ അടുത്തുള്ള കലകളിലേക്കോ മറ്റ് അവയവങ്ങളിലേക്കോ പടർന്നുകഴിഞ്ഞാൽ അതിജീവന നിരക്ക് കുത്തനെ കുറയുന്നു. രോഗം നേരത്തെ കണ്ടെത്തുന്നത് ചികിത്സ ചെലവ് കുറക്കാനും സഹായിക്കും.

മലവിസർജ്ജനത്തിലെ മാറ്റങ്ങൾ

മലത്തിന്‍റെ ആകൃതിയിൽ വരുന്ന പെട്ടെന്നുള്ളതും സ്ഥിരവുമായ മാറ്റം അവഗണിക്കരുത്. വൻകുടലിലോ മലാശയത്തിലോ ട്യൂമർ വളരുമ്പോൾ അത് മലം കടന്നുപോകുന്ന വഴിയെ ചുരുക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ഇത് മലത്തിന്റെ ആകൃതി പെൻസിൽ പോലെ നേർത്തതാക്കി മാറ്റുന്നു. ഈ മാറ്റം കുറച്ച് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടണം.

കുടൽ പാളിയെ സംരക്ഷിക്കാനും ലൂബ്രിക്കേറ്റ് ചെയ്യാനും ശരീരം ചെറിയ അളവിൽ മ്യൂക്കസ് ഉത്പാദിപ്പിക്കുന്നു. എന്നിരുന്നാലും, അമിതമായ അളവിൽ മ്യൂക്കസ് മലത്തിൽ പ്രത്യക്ഷപ്പെടുന്നത് ഒരു മുന്നറിയിപ്പാവാം. ട്യൂമർ കാരണം വൻകുടൽ പാളിക്ക് കേടുപാടുകൾ വരികയോ വീക്കം സംഭവിക്കുകയോ ചെയ്യുമ്പോൾ മ്യൂക്കസ് ഉത്പാദനം കൂടാം.

മലത്തിൽ രക്തം കാണുന്നത് വൻകുടൽ കാൻസറിന്റെ പെട്ടെന്ന് തിരിച്ചറിയാവുന്ന ആദ്യകാല ലക്ഷണങ്ങളിൽ ഒന്നാണ്. ഇത് കടും ചുവപ്പോ ഇരുണ്ടതോ ആയി കാണപ്പെടാം. വൻകുടൽ കാൻസർ ബാധിച്ചവരിൽ പകുതി പേർക്കും പ്രാരംഭ ഘട്ടത്തിലുള്ള രക്തസ്രാവം അനുഭവപ്പെടുന്നുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. പൈൽസ്, അണുബാധകൾ എന്നിവ രക്തസ്രാവത്തിന് കാരണമാകുമെങ്കിലും മലത്തിൽ ആവർത്തിച്ചുള്ള രക്തം കാണുന്നത് ചികിത്സ തേടണം.

തുടർച്ചയായ വയറിളക്കം, മലബന്ധം, അല്ലെങ്കിൽ ഇവ രണ്ടും മാറി വരുന്നത് മലവിസർജ്ജന ശീലങ്ങളിലെ ദീർഘകാല മാറ്റങ്ങൾ വൻകുടലിൽ സൃഷ്ടിച്ച മാറ്റങ്ങളെ സൂചിപ്പിക്കുന്നു. കുടലിനെ ഭാഗികമായി തടയുകയോ മാലിന്യങ്ങൾ കടന്നുപോകുന്നത് തടസ്സപ്പെടുകയോ ചെയ്യുന്നത് വഴി കാൻസർ സ്വാഭാവിക മലവിസർജ്ജനത്തെ തടസ്സപ്പെടുത്തും. ഇത്തരം മാറ്റങ്ങൾ ആഴ്ചകളോളം തുടരുകയാണെങ്കിൽ കൊളോനോസ്കോപ്പി ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾ ഡോക്ടർമാർ ശിപാർശ ചെയ്യുന്നു.

ചെറുപ്പക്കാരിൽ വൻകുടൽ കാൻസർ വർധിച്ചുവരുന്നു

ലാൻസെറ്റ് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച ഗവേഷണം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പഠനങ്ങളിൽ 25 മുതൽ 49 വയസ്സ് വരെ പ്രായമുള്ളവരിൽ വൻകുടൽ കാൻസറിന്റെ കുത്തനെയുള്ള വർധനവ് കാണിക്കുന്നു. മോശം ഭക്ഷണ ശീലം, പൊണ്ണത്തടി, വ്യായാമ കുറവ് തുടങ്ങിയ ജീവിതശൈലി ഘടകങ്ങളുമായി വിദഗ്ധർ ഈ പ്രവണതയെ ബന്ധിപ്പിക്കുന്നു. ചെറുപ്പക്കാർ പതിവായി പരിശോധന നടത്താത്തതിനാൽ രോഗം മൂർഛിക്കുന്നത് വരെ ലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. കൊളോറെക്ടൽ കാൻസർ നേരത്തെ കണ്ടെത്തിയാൽ ചികിത്സിക്കാൻ വളരെ എളുപ്പമാണ്. മലത്തിലെ മാറ്റങ്ങൾ പലപ്പോഴും ശരീരത്തിന്റെ ആദ്യ മുന്നറിയിപ്പുകളാണ്. സ്വയം രോഗനിർണയം ഒഴിവാക്കുക, സമയബന്ധിതമായി വൈദ്യോപദേശം തേടുക എന്നിവ കാൻസർ ചികിത്സയിൽ നിർണായക ഘടകങ്ങളാണ്.

Tags:    
News Summary - Colon cancer is increasing in young people; these changes in bowel movements can help detect the disease early

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.