നമ്മുടെ ജോലി, സാമൂഹിക ജീവിതം, പഠനം എന്നിവയെ എല്ലാം തടസ്സപ്പെടുത്തുന്ന ഒരു മോശപ്പെട്ട ആരോഗ്യ അവസ്ഥയാണ് മൈഗ്രേന്‍. ജീവിത ശൈലിയിലെ ചെറിയ മാറ്റങ്ങൾ, സമയം തെറ്റിയുള്ള ഭക്ഷണം, പ്രതികൂല കാലാവസ്ഥ തുടങ്ങിയവ മൈഗ്രേന്റെ തീവ്രത വർധിപ്പിക്കുന്നതാണ്.
ഭീകരമായ തലവേദന, വെയിലും തണുപ്പും ശബ്ദവും ഉറക്കപ്രശ്‌നങ്ങളും സ്ട്രെസും ഗന്ധവും ഭക്ഷണത്തിലെ പ്രശ്‌നങ്ങളും ഒക്കെ നിത്യജീവിതം ദുഷ്‌കരമായ അവസ്ഥയിലേക്ക് മാറ്റും. മൈഗ്രേന്‍ രോഗ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ പലരും മരുന്നുകളെ ആശ്രയിക്കുകയാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്നുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ സഹിക്കാനാകാവുന്നതിനും അപ്പുറവുമാണ്.
ജീവിത ശൈലികൾക്ക് പുറമേ വിറ്റാമിൻ ഡി, റൈബോഫ്‌ളേവിന്‍, മഗ്നീഷ്യം, കോഎന്‍സൈം ക്യു 10 തുടങ്ങിയ പ്രധാന വിറ്റാമിനുകളുടെയും അവശ്യ ധാതുക്കളുടെയും കുറവ് മൈഗ്രേനിന്റെ തീവ്രതയും ദൈര്‍ഘ്യവും കൂട്ടുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഓരോരുത്തരിലെയും അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ് കണ്ടുപിടിച്ച് മൈഗ്രേന്റെ തീവ്രതയും ദൈര്‍ഘ്യവും നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്.
വിറ്റാമിന്‍ ഡി യുടെ കുറവ് ഹോര്‍മോണ്‍ സംവിധാനങ്ങളുൾപ്പടെ നിരവധി ആരോഗ്യ സ്ഥിതികളെ ബാധിക്കുന്ന ഒന്നാണ്. ഇത് മൈഗ്രേന്‍ വരാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അതോടൊപ്പം മൈഗ്രേനിന് കാരണമാവുന്ന മാഗ്നീഷ്യവും വിറ്റാമിന്‍ ഡിയും തമ്മിൽ ബന്ധമുണ്ട്. ശരീരത്തിനാവശ്യമായ മഗ്നീഷ്യം ഫലപ്രദമായി ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി ആവശ്യമാണ്. അതിനാൽ മഗ്നീഷ്യത്തിന്റെ കുറവ് മൈഗ്രേനിലേക്ക് നയിക്കുന്നു.
മഗ്നീഷ്യം വിറ്റാമിൻ ഡിയുമായി ചേരുമ്പോൾ വിവിധ ശാരീരിക പ്രവർത്തനങ്ങൾ ശക്തിപ്പെടും. നാഡീ സിഗ്നലിങ് ന്യൂറോമസ്‌കുലര്‍ സ്ഥിരത എന്നിവ ഉള്‍പ്പെടെ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ മഗ്നീഷ്യം വിറ്റാമിന്‍ ഡിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മഗ്നീഷ്യത്തിന്റെ അളവ് കൂടുന്നത് മൈഗ്രേനിന്റെ ആവർത്തനവും തീവ്രതയും കുറക്കും. അതുകൊണ്ട് ഭക്ഷണത്തിലൂടെയും സപ്ലിമെന്റിലൂടെയും ശരീരത്തിന് ആവശ്യമായ മഗ്നീഷ്യം ഉറപ്പാക്കുക.
വിറ്റാമിന്‍ ബി12 അഥവാ റിബോഫ്ലേവിൻ കോശങ്ങളിലെ ഊര്‍ജ്ജ ഉത്പാദനത്തെ സഹായിക്കുന്നതാണ്. ഊര്‍ജ്ജം വര്‍ധിപ്പിക്കാനും മൈഗ്രേന്‍ ഉണ്ടാകുന്നത് കുറയാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. മുതിര്‍ന്നവരില്‍ നടത്തിയ ചില പരീക്ഷണങ്ങള്ളിൽ വിറ്റാമിന്‍ ബി12 മൈഗ്രേൻ കുറക്കാൻ സഹായിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.
കോഎന്‍സൈം ക്യൂ10 മൈറ്റോകോണ്‍ട്രിയല്‍ ഊര്‍ജ്ജ ഉത്പാദനത്തിന് നിര്‍ണായകമായ ഒരു പോഷകമാണ് . മൈഗ്രേന്‍ തലവേദന തടയാന്‍ കോഎന്‍സൈം ക്യൂ10 സപ്ലിമെന്റുകള്‍ സഹായിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്.
എന്തുകൊണ്ടാണ് മൈഗ്രേന്‍ ഉണ്ടാകുന്നത്
ലോക ജനസംഖ്യയുടെ 12 ശതമാനത്തോളം പേര്‍ക്കും മൈഗ്രേന്‍ അനുഭവപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഏറ്റവും സാധാരണമായ നാഡീവ്യവസ്ഥ പ്രശ്‌നങ്ങളില്‍ ഒന്നാണ് മൈഗ്രേന്‍. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളിലും ഇത് കാണപ്പെടുന്നുണ്ട്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ലഘുവോ കഠിനമോ ആയ തലവേദനക്കൊപ്പം ഓക്കാനം, വെളിച്ചം കാണുമ്പോഴും ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോഴുമുള്ള ബുദ്ധിമുട്ട്, തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെടാം.
കാഴ്ചയിലെ പ്രശ്‌നങ്ങള്‍, സംസാരിക്കാനുളള ബുദ്ധിമുട്ടുകള്‍, അസ്വസ്ഥതകള്‍ തുടങ്ങിയ താല്‍ക്കാലിക ന്യൂറോളജിക്കല്‍ അസ്വസ്ഥതകളും ചിലർക്ക് അനുഭവപ്പെടും. ഇവ ക്രമേണ വികസിക്കുകയും അഞ്ച് മുതല്‍ 60 മിനിറ്റ് വരെ നീണ്ടുനില്‍ക്കുകയും ചെയ്യും.
മൈഗ്രേൻ ഉണ്ടാകാനുള്ള കാരണം പലർക്കും പലതാണ്. ചില വ്യക്തികള്‍ക്ക് ചില ഭക്ഷണങ്ങളോടുള്ള അലര്‍ജികൊണ്ട് മൈഗ്രേന്‍ ഉണ്ടാകാറുണ്ട്. മറ്റു ചിലര്‍ക്ക് കാലാവസ്ഥാ വ്യതിയാനങ്ങള്‍ അല്ലെങ്കില്‍ ശക്തമായ ഗന്ധം പോലുള്ള പാരിസ്ഥിതിക ഘടകങ്ങളോ നിര്‍ജ്ജലീകരണം, സമര്‍ദം, ഹോര്‍മോണിലെ വ്യതിയാനം, ക്രമരഹിതമായ ഉറക്ക രീതികള്‍ എന്നിവയുമായും മൈഗ്രേന്‍ ബന്ധപ്പെട്ടിരിക്കാം. ചിലര്‍ക്ക് ഭക്ഷണത്തിന്റെയും സപ്ലിമെന്റുകളുടെയും പാർശ്വഫലങ്ങൾ കാരണമായിരിക്കാം.
എങ്ങനെ മറികടക്കാം
ഇടക്കിടെയുള്ളതോ കഠിനമായതോ ആയ മൈഗ്രേന്‍ അനുഭവിക്കുന്നവര്‍ രോഗ നിര്‍ണയം നടത്തുകയും മതിയായ ചികിത്സ തേടുകയും ചെയ്യേണ്ടതാണ്. മരുന്നുകൾക്ക് പുറമേ ജീവിത ശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും ഇതിന് സഹായിച്ചേക്കാം. ദിവസേനെ ചെയ്യുന്ന ദിനചര്യകള്‍ കൃത്യമായി പാലിക്കുക. പ്രത്യേകിച്ച് ഉറക്കത്തിന്റെയും ഭക്ഷണത്തിന്റെയും സമയങ്ങള്‍. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക, ചെറിയ രീതിയിലുള്ള വ്യായാമം, ശരീര ഭാരം നിയന്ത്രിക്കല്‍ എന്നിവയും മൈഗ്രേന്‍ ചികിത്സയെ സഹായിക്കും. സമര്‍ദ നിയന്ത്രണവും ശ്വസന വ്യയാമങ്ങളും മൈഗ്രേന്‍ നിയന്ത്രിക്കുന്നതിന് ഏറെ പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.