സ്‌ക്രീൻ ഉപയോഗം കൂടുതലാണോ? കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കാം, മയോപ്പിയ വഷളാകുന്നത് തടയാം

ഇന്നത്തെ ജീവിതശൈലിയിൽ സ്‌ക്രീൻ ഉപയോഗം ക്രമാതീതമായി വർധിക്കുന്നത് കുട്ടികളുടെ കാഴ്ചശക്തിക്ക് വലിയ ഭീഷണിയാണ്. കുട്ടികളുടെ വാശി മാറ്റാൻ അവർക്ക് മൊബൈൽ ഫോണോ മറ്റ് ഉപകരണങ്ങളോ നൽകുന്നത് മാതാപിതാക്കൾക്ക് ഒരു എളുപ്പവഴിയായി തോന്നാമെങ്കിലും ഈ ശീലം അവരുടെ കാഴ്ചശക്തിക്ക് ഗുരുതരമായ ദോഷം ചെയ്യും. മയോപ്പിയ എന്നത് ദൂരെയുള്ള വസ്തുക്കൾ വ്യക്തമായി കാണാൻ കഴിയാത്ത അവസ്ഥയിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് അത് കുട്ടികളുടെ പഠനത്തെയും ഏകാഗ്രതയെയും സ്കൂളിലെ പ്രകടനത്തെയും സാരമായി ബാധിക്കുന്നു. ചില ശീലങ്ങളിലൂടെ കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കുകയും മയോപ്പിയ (ഹ്രസ്വദൃഷ്ടി) വഷളാകുന്നത് തടയുകയും ചെയ്യാം.

1. സ്വാഭാവിക പ്രകാശമേൽക്കുന്നത് പ്രോത്സാഹിപ്പിക്കുക

ദിവസവും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും സൂര്യപ്രകാശം ഏൽക്കുന്നത് കണ്ണിന്റെ അമിതമായ വളർച്ചയെ തടയാൻ സഹായിക്കുന്നു. സ്വാഭാവിക വെളിച്ചം ഏൽക്കുമ്പോൾ റെറ്റിനയിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഡോപാമൈൻ, മയോപ്പിയയുടെ വളർച്ച കുറക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇത് കണ്ണിന്റെ വികാസത്തിനും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.

2. കണ്ണിന് സമതുലിതമായ വ്യായാമം നൽകുക

അടുത്തുള്ളതോ ദൂരെയുള്ളതോ ആയ ഒരൊറ്റ കാര്യത്തിൽ മാത്രം ദീർഘനേരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുക. അടുത്തും അകലെയുമുള്ള കാഴ്ച ആവശ്യമായി വരുന്ന ഔട്ട്‌ഡോർ ഗെയിമുകൾ പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഇത്തരം പ്രവർത്തനങ്ങൾ കണ്ണിലെ പേശികളെ ശക്തിപ്പെടുത്തുക മാത്രമല്ല, കണ്ണിന്റെ സ്വാഭാവിക ഫോക്കസിങ് കഴിവ് വീണ്ടെടുക്കാനും ആരോഗ്യകരമായ കാഴ്ചശക്തി വളർത്താനും സഹായിക്കുന്നു.

3. ശരിയായ കാഴ്ചാ അകലം പാലിക്കുക

വായിക്കുമ്പോഴും എഴുതുമ്പോഴും പുസ്തകങ്ങളോ സ്ക്രീനോ കണ്ണിൽ നിന്ന് 35-40 സെന്റീമീറ്റർ അകലത്തിലായിരിക്കണം. പേജിന്റെയോ സ്‌ക്രീനിന്റെയോ മുകൾഭാഗം കണ്ണിന്റെ ലെവലിന് അല്പം താഴെയായി ക്രമീകരിക്കുക. മോശം ഇരുപ്പ് രീതിയും താഴേക്ക് ഉറ്റുനോക്കുന്നതും കണ്ണിന് അമിത ആയാസം ഉണ്ടാക്കാൻ സാധ്യതയുണ്ട്.

4. പോഷകസമൃദ്ധമായ ഭക്ഷണം

കാരറ്റ് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കാരറ്റിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ല്യൂട്ടിൻ, സിയാക്സാന്തിൻ, വിറ്റാമിൻ എ, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണം കുട്ടികളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക. ചീര, കാരറ്റ്, പയറുവർഗങ്ങൾ, വാൽനട്ട് എന്നിവയിൽ ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ റെറ്റിനയുടെ ആരോഗ്യം സംരക്ഷിക്കാനും, കണ്ണിലെ ജലാംശം നിലനിർത്തി കണ്ണ് വരളുന്നത് തടയാനും സഹായിക്കുന്നു.

5. വർഷത്തിലൊരിക്കൽ വിശദമായ കണ്ണ് പരിശോധന നടത്തുക

അഞ്ച് വയസ്സ് മുതൽ, കുട്ടികൾക്ക് വർഷത്തിലൊരിക്കൽ കണ്ണ് പരിശോധന നടത്തേണ്ടതാണ്. ഇതിൽ സൈക്ലോപ്ലെജിക് റിഫ്രാക്ഷൻ, റെറ്റിന പരിശോധന എന്നിവ ഉൾപ്പെടുത്തണം. കാഴ്ചയിലെ തകരാറുകൾ, കോങ്കണ്ണ് തുടങ്ങിയവ നേരത്തെ കണ്ടെത്തുന്നതിലൂടെ ആംബ്ലിയോപ്പിയ തടയാനും മയോപ്പിയ കൂടാനുള്ള സാധ്യത കുറക്കാനും സാധിക്കും.

കണ്ണട ഉപയോഗിക്കേണ്ടി വരുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വലിയ വർധനവ് ആശങ്കാജനകമായ ഒരു കാര്യമാണ്. 'ഇന്ത്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് എക്സ്പിരിമെന്‍റൽ ഓഫ്താൽമോളജി' പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് 11മുതൽ 15 വയസ്സുവരെയുള്ള കുട്ടികളിലാണ് 50 ശതമാനത്തോളം കാഴ്ചശക്തി കുറയുന്നത് (Progression) കണ്ടുവരുന്നത്. 'പ്രോഗ്രഷൻ' എന്നത് കൊണ്ട് അർത്ഥമാക്കുന്നത് മയോപ്പിയ അല്ലെങ്കിൽ ഹ്രസ്വദൃഷ്ടി വഷളാകുന്നു എന്നാണ്. അതായത് അവരുടെ കണ്ണിന്റെ പവർ കൂടുന്നു. അതിനാൽ കുട്ടികൾക്ക് കണ്ണട വെക്കേണ്ടി വരുന്നു എന്ന് മാത്രമല്ല, കണ്ണടയുടെ പവർ കൂടുകയും ചെയ്യുന്നു.

കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കാൻ മാതാപിതാക്കൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് എച്ച്.ടി ലൈഫ്‌സ്‌റ്റൈൽ, മാക്‌സിവിഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഓഫ്താൽമോളജിസ്റ്റും ഫക്കോ സർജനുമായ ഡോ. സ്വാതി പിന്നമനേനി പറയുന്നു. അമിതമായ സ്ക്രീൻ ഉപയോഗവും വീടിന് പുറത്തുള്ള കളികളുടെ കുറവുമാണ് കുട്ടികളുടെ നേത്ര ആരോഗ്യത്തെ സാരമായി ബാധിക്കുന്നത്. ഈ പ്രവണത തുടരുകയാണെങ്കിൽ 2050ഓടെ ഇന്ത്യൻ കുട്ടികളിൽ 50 ശതമാനം പേർക്കും മയോപ്പിയ വരാൻ സാധ്യതയുണ്ട്. ഇത് അവരുടെ പഠനത്തെ ബാധിക്കുക മാത്രമല്ല, പിൽക്കാലത്ത് ഗുരുതരമായ നേത്രരോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. 

Tags:    
News Summary - Can children's eyesight be protected and myopia can be prevented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.