ആര്‍ത്തവം നിലക്കുമ്പോള്‍...

സ്ത്രീകളിലെ പ്രത്യുൽപാദന സംവിധാനത്തിന്‍റെ ഭാഗമായുള്ള ആര്‍ത്തവപ്രക്രിയ നിലക്കുന്ന അവസ്ഥയാണ് ആര്‍ത്തവ വിരാമം അഥവാ മെനോപോസ്. വളരെ സാവധാനം ശരീരത്തില്‍ സംഭവിക്കുന്ന പ്രക്രിയയാണിത്. ഇതിന്‍റെ ഭാഗമായി ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുകയും അനുബന്ധമായ പല മാറ്റങ്ങളും അനുഭവപ്പെടുകയും ചെയ്യാം.

സാധാരണ 45നും 51നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. 95 ശതമാനം സ്ത്രീകളിലും 50-51 പ്രായത്തിനുള്ളില്‍ ആര്‍ത്തവ വിരാമം സംഭവിക്കാം. എന്നാല്‍ ചിലരില്‍ വളരെ വൈകി മാത്രം ആര്‍ത്തവം നിലക്കാറുണ്ട്. പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാം. പ്രായപരിധി കഴിഞ്ഞിട്ടും ആര്‍ത്തവ വിരാമം സംഭവിച്ചില്ലെങ്കില്‍ തീര്‍ച്ചയായും വിദഗ്ധ നിർദേശം തേടേണ്ടതും ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതും അനിവാര്യമാണ്.

ലക്ഷണങ്ങള്‍

ആര്‍ത്തവ വിരാമ പ്രക്രിയ തുടങ്ങുന്നതുമുതൽ അവസാനിക്കുന്നതുവരെ ഈ ലക്ഷണങ്ങള്‍ ശരീരത്തില്‍ അനുഭവപ്പെട്ടേക്കാം.

● ആര്‍ത്തവചക്രം ക്രമരഹിതമായി സംഭവിക്കുക

● അമിതമായ രക്തസ്രാവം കണ്ടുവരുക

വേദന/അസ്വസ്ഥത എന്നിവ സാധാരണയിലധികം വര്‍ധിക്കുക

● ലൈംഗികബന്ധത്തിനിടെ അമിതമായ വേദന

● യോനീഭാഗം വരണ്ട അവസ്ഥ

● ശരീരം അമിതമായി വിയര്‍ക്കുക, തണുപ്പുള്ള കാലാവസ്ഥയില്‍പോലും ശരീര താപനില ഉയരുക

● ഉറക്കം കുറയുക

● അമിത ക്ഷീണം

● എല്ല് തേയ്മാനം

● അമിതവണ്ണം

● അകാരണമായ ദേഷ്യം, ഉത്കണ്ഠ, ഭയം, അസ്വസ്ഥത

ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉൽപാദിപ്പിക്കപ്പെടുന്നതിന്റെ അളവ് കുറയുന്നതിനാല്‍ ചില ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഇക്കാലയളവില്‍ അനുഭവപ്പെടാം. എന്നാല്‍, ആര്‍ത്തവ വിരാമം സംഭവിച്ചാല്‍ പൂര്‍ണമായും പ്രശ്നത്തിലാകുന്നു എന്ന ചിന്തയും ശരിയല്ല. എല്ലാ സ്ത്രീകളിലും ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍, അനുബന്ധ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ സമാനമാകണമെന്നില്ല. ഇത് ശരീരത്തില്‍ സംഭവിക്കുന്ന ഒരു സാധാരണ പ്രക്രിയ മാത്രമാണ്, മെച്ചപ്പെട്ട ജീവിതശൈലികൊണ്ട് ഇതുണ്ടാക്കുന്ന അസ്വസ്ഥതകളെ മറികടക്കാന്‍ സാധിക്കും.

പല കാരണങ്ങളാല്‍ ഗര്‍ഭപാത്രം നീക്കംചെയ്യേണ്ടി വരുന്ന സ്ത്രീകളിലും ആര്‍ത്തവ വിരാമം സംഭവിക്കും. സാധാരണ രീതിയില്‍ ആര്‍ത്തവ വിരാമം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഇവരിലും കണ്ടുവരാം. ആര്‍ത്തവ വിരാമ കാലഘട്ടമായി പരിഗണിച്ചുകൊണ്ട്‌ അതിനെ മറികടക്കാനുള്ള വഴികള്‍തന്നെയാണ് ഇത്തരം സ്ത്രീകളും ചെയ്യേണ്ടത്.

വ്യായാമം നേരത്തേ തുടങ്ങാം

ശരീരത്തില്‍ സംഭവിക്കുന്ന മാറ്റം മനസ്സിനെയും ബാധിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍, ഇതില്‍നിന്ന് രക്ഷനേടുന്നതിനായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഗുണം ചെയ്യും. മാനസിക പിരിമുറുക്കം ഇല്ലാതാക്കാന്‍ ശ്വസന വ്യായാമങ്ങള്‍, ധ്യാനം, യോഗ പോലുള്ളവയും മറ്റ് വ്യായാമങ്ങളും സഹായിക്കും.

ആര്‍ത്തവ വിരാമം സംഭവിച്ചശേഷം വ്യായാമങ്ങള്‍ ചെയ്തു തുടങ്ങുന്നതിനേക്കാള്‍ നല്ലത് വളരെ നേരത്തേതന്നെ ചിട്ടയായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുന്നതാണ്. കുറഞ്ഞത് 35 വയസ്സിലെങ്കിലും ചിട്ടയായ വ്യായാമം ആരംഭിക്കണം. അനാവശ്യ കൊഴുപ്പടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്. ആര്‍ത്തവ കാലഘട്ടത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കാനും കൂടുതല്‍ ഊർജസ്വലമായി മുന്നോട്ട് പോകാനും ഇതുവഴി സാധിക്കും. ഈ സമയത്ത് എല്ലുകളുടെ ആരോഗ്യം കുറയാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനാവശ്യമായ ഭക്ഷണരീതിയും വ്യായാമങ്ങളും പിന്തുടരാം. കാത്സ്യം, അയണ്‍ സപ്ലിമെന്റുകള്‍ ഈ സമയത്ത് കൃത്യമായി കഴിക്കാം.

ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താം

ഈസ്ട്രജന്‍ ഹോര്‍മോണ്‍ അളവില്‍ ഗണ്യമായ കുറവ് സംഭവിക്കുന്നതിനാല്‍ ആര്‍ത്തവ വിരാമ സമയത്ത് ലൈംഗിക പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാല്‍, മികച്ചൊരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് വളരെ ലളിതമായ മാര്‍ഗങ്ങളിലൂടെ ഇതിന് പരിഹാരം കാണാം. വിദേശ രാജ്യങ്ങളില്‍ ഹോര്‍മോണ്‍ തെറപ്പി പോലുള്ള വളരെ ഫലപ്രദമായ ചികിത്സ രീതികള്‍ സാധാരണമാണ്. അതുകൊണ്ടുതന്നെ ആര്‍ത്തവ വിരാമത്തിനുശേഷവും സാധരണ രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കും.

നേരത്തേയുള്ള ആര്‍ത്തവ വിരാമം

45 വയസ്സിന് മുമ്പ് ആര്‍ത്തവ വിരാമം സംഭവിക്കുകയാണെങ്കില്‍ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ സംഭവിക്കുന്നത് അപകട സൂചനയാണ്. ഇത്തരത്തില്‍ അനുഭവപ്പെടുന്നവര്‍ തീര്‍ച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തി കാരണം കണ്ടെത്തേണ്ടതും ചികിത്സ സ്വീകരിക്കേണ്ടതും അനിവാര്യമാണ്. ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള രോഗം ബാധിച്ചതിന്റെ ഭാഗമായോ അസാധാരണമായ ഹോര്‍മോണ്‍ വ്യതിയാനങ്ങളോ ആകാം ഇതിനുപിന്നില്‍.

കൂടെ നില്‍ക്കാം

ആര്‍ത്തവവിരാമ കാലഘട്ടത്തില്‍ ഒരു സ്ത്രീ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ വളരെ വലുതാണ്‌. ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മാനസികാവസ്ഥയെ വളരെയധികം ബാധിക്കും. ഈ സമയത്ത് പങ്കാളി, മക്കള്‍ തുടങ്ങി കൂടെയുള്ളവരുടെ പിന്തുണ പ്രധാനമാണ്. അകാരണമായ ദേഷ്യം, അസ്വസ്ഥത എന്നിവ പ്രകടിപ്പിക്കുമ്പോള്‍ അത് മനസ്സിലാക്കുകയും മികച്ച രീതിയില്‍ സമീപിക്കുകയും ചെയ്യേണ്ടതുണ്ട്. ആ ഘട്ടം മറികടക്കാന്‍ അവരോടൊപ്പം ചേര്‍ന്നുനില്‍ക്കേണ്ടത് ചുറ്റുമുള്ളവരുടെ ഉത്തരവാദിത്തമാണ്.


ഡോ. ശ്രുതി എം. കുമാർ

mbbs ms Consultant

Department of obstetrics and gynaecology 

News Summary - menstruation When standing...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.