പൊണ്ണത്തടിക്ക് ശസ്ത്രക്രിയ പരിഹാരമോ...?

ജീവിതശൈലീ രോഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടവയാണ് അമിതവണ്ണം, പൊണ്ണത്തടി മുതലായവ. ശരീരഭാരം ആവശ്യത്തില്‍നിന്നും അല്‍പം കൂടുമ്പോള്‍ അമിതവണ്ണമെന്നും (over weight) വല്ലാതെ കൂടുമ്പോള്‍ പൊണ്ണത്തടി (Obesity) എന്നും പറയുന്നു. ജീവഹാനിക്കുപോലും നിമിത്തമാകുന്ന പൊണ്ണത്തടിയെ Morbid Obesity എന്ന് പറയുന്നു. ഇത്തരക്കാരിലാണ്  ബാരിയാട്രിക് സര്‍ജറി ആവശ്യമായിവരുന്നത്. ലോകത്താകമാനം ഏകദേശം 26 ലക്ഷം പേരാണ് പ്രതിവര്‍ഷം പൊണ്ണത്തടി മൂലം മരിക്കുന്നത്.
ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ അമിത ഭാരം 20-80 ശതമാനത്തിനിടയിലാണ്. കുട്ടികളിലെ അമിത ഭാരവും പൊണ്ണത്തടിയും പലപ്പോഴും മാതാപിതാക്കള്‍ ഒരു രോഗമായി കാണുന്നില്ല എന്നതാണ്  ദു$ഖകരം. വളരുന്ന കുട്ടികളില്‍ നല്ല ഭക്ഷണശീലങ്ങളും നിത്യവ്യായാമത്തിന്‍െറ ആവശ്യകതയും പറഞ്ഞുമനസ്സിലാക്കുന്നതിനും അത്തരം ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും പകരം അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് രക്ഷിതാക്കള്‍ വഴങ്ങുന്നതിന്‍െറ പരിണിത ഫലമായാണ് ജീവിതശൈലീ രോഗങ്ങളെ കാണേണ്ടത്. കുട്ടികളുടെ ഇഷ്ടവസ്തുക്കളായ പിസ, ബര്‍ഗര്‍, ചിപ്സ്, നൂഡ്ല്‍സ്, മറ്റു പൊരിച്ച പദാര്‍ഥങ്ങള്‍, കോളകള്‍, മധുരപാനീയങ്ങള്‍, കേക്കുകള്‍, ചോക്ളറ്റുകള്‍ എന്നിവയെല്ലാം പൊണ്ണത്തടിക്ക് നിദാനമായ ആഹാരങ്ങള്‍ തന്നെയാണ്. വ്യായാമക്കുറവാണ് മറ്റൊരു പ്രധാന ഘടകം. പൊണ്ണത്തടി ഒരു പരിധിയില്‍ കൂടുതലായാല്‍പ്പിന്നെ, ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി കുറയ്ക്കുക ചിലപ്പോള്‍ അസാധ്യമായേക്കാം. അത്തരം സന്ദര്‍ഭങ്ങളിളാണ് വൈദ്യശാസ്ത്രം ബാരിയാട്രിക് സര്‍ജറി നിര്‍ദ്ദേശിക്കുന്നത്.
പലതരത്തിലുള്ള സര്‍ജറികള്‍ നിലവിലുണ്ട്. AGB അഥവാ അഡ്ജസ്റ്റബ്ള്‍ ഗാസ്ട്രിക് ബാന്‍ഡ് എന്ന ശസ്ത്രക്രിയയില്‍ ഒരു ബാന്‍ഡ് ഉപയോഗിച്ച് നമ്മുടെ ആമാശയത്തിന്‍െറ വലുപ്പം കുറയ്ക്കുകയും അതുവഴി ഒരു പ്രാവശ്യം രോഗിക്ക് പരമാവധി കഴിക്കാവുന്ന ആഹാരത്തിന്‍െറ അളവ് കുറപ്പിക്കുകയുമാണ് ചെയ്യുന്നത്. കൂടുതല്‍ ആഹാരം കഴിക്കാന്‍ കഴിയാതെവരുമ്പോള്‍ സ്വാഭാവികമായും രോഗിയുടെ ഭാരം കുറയാന്‍ തുടങ്ങും.
കഴിക്കുന്ന ഭക്ഷണം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് കുറക്കുന്നതാണ് മറ്റൊരു രീതി. അന്നനാളത്തില്‍നിന്ന് ആഹാരം ആമാശയത്തിലേക്ക് കടത്തിവിടാതെ ‘ബൈപ്പാസ്’ ചെയ്ത് ചെറുകുടലിലേക്ക് നേരിട്ട് കടത്തിവിടുന്ന ഈ രീതിക്ക്  ‘റൂക്സ് - എന്‍വൈ ഗാസ്ട്രിക് ബൈപ്പാസ്’ എന്നു പറയുന്നു. കൂടുതല്‍ സങ്കീര്‍ണമായ മറ്റു  പല ശസ്ത്രക്രിയകളും ഇന്ന് നിലവിലുണ്ട്.
കഴിക്കുന്ന ആഹാരത്തിന്‍െറ അളവ് കുറപ്പിച്ചും ആഗിരണം കുറപ്പിച്ചും നേടിയെടുക്കുന്ന ഈ നേട്ടങ്ങള്‍ രോഗികൂടി വിചാരിച്ചാല്‍മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. ശസ്ത്രക്രിയക്കൊപ്പം ആഹാരരീതിയിലും ജീവിതശൈലിയിലും തൃപ്തികരമായ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളൂ. അല്ളെങ്കില്‍, പോയ വണ്ണം ക്രമേണ  തിരിച്ചുവരും.
എല്ലാ ശസ്ത്രക്രിയകളെയുംപോലുള്ള സങ്കീര്‍ണതകള്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്കുമുണ്ട്. പൊതുവെ താക്കോല്‍ദ്വാര ശസ്ത്രക്രിയയായതിനാല്‍ ഇവ കുറവായിരിക്കുമെന്നുമാത്രം. 
അസാധാരണമെങ്കിലും ചിലപ്പോള്‍ ശസ്ത്രക്രിയകള്‍ക്കുണ്ടാകുന്ന പോലുള്ള രക്തസ്രാവം, അണുബാധ, മയക്കുമരുന്നുകളുടെ ചില പാര്‍ശ്വഫലങ്ങള്‍ എന്നിവ ഈ ശസ്ത്രക്രിയകള്‍ക്കുമുണ്ടാകും. 
കൂടാതെ  കുടലില്‍ തടസ്സം നേരിടുക, ഛര്‍ദ്ദി, ഓക്കാനം, വയറിളക്കം, പിത്തസഞ്ചിയില്‍ കല്ലുണ്ടാവുക, ഹെര്‍ണിയ, പോഷകാഹാരക്കുറവ്, അള്‍സര്‍ മുതലായ രോഗങ്ങള്‍ക്കും ചിലപ്പോള്‍ ഇവ കാരണമാകാം. കൂടുതലും ചെറുപ്പക്കാരില്‍ ഈ ശസ്ത്രക്രിയകള്‍ നടത്തുന്നതുകാരണം അവരില്‍ വിദൂരഭാവിയില്‍ ഉണ്ടാവാനിടയുള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.