സൂക്ഷിക്കുക; സൂര്യാഘാതത്തെ

കടുത്ത വേനല്‍ചൂടില്‍ ഉരുകിയൊലിക്കുകയാണ് കേരളം. പകല്‍ പൊള്ളുന്ന വെയില്‍. രാത്രിയില്‍ വീശിയടിക്കുന്ന തീക്കാറ്റ്. കിണറുകളും കുളങ്ങളുമെല്ലാം വറ്റിവരളുന്നു. ചൂടിന്‍െറ ആധിക്യത്താല്‍ ജീവജാലങ്ങള്‍ തളരുകയാണ്. ദുസ്സഹമായ കാലാവസ്ഥ. നമ്മുടെ സംസ്ഥാനം ഇതുവരെയില്ലാത്ത നിലയില്‍ കടുത്ത വേനലിന്‍െറ പിടിയിലമര്‍ന്നിരിക്കുന്നു.

സംസ്ഥാനത്തെ വിവിധ മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന താപനില ദീര്‍ഘകാല ശരാശരിയില്‍നിന്ന് ഒരു ഡിഗ്രി ഉയര്‍ന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാവിലെ നമ്മള്‍ ഉണര്‍ന്നെണീക്കുമ്പോള്‍ ചൂട് 25-26 ഡിഗ്രി. സൂര്യന്‍ ഉച്ചിയിലെത്തുന്ന നട്ടുച്ചക്ക് ചൂട് 34-35 ഡിഗ്രി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലും വെല്ലുന്ന അസഹ്യമായ ചൂട് നല്ല കാലാവസ്ഥക്ക് പേരുകേട്ടിരുന്ന കേരളത്തിന് തിരിച്ചടിയായിരിക്കുകയാണ്.
ആഗോള താപനമാണ് കാലാവസ്ഥ വ്യതിയാനത്തിന്‍െറ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൊള്ളുന്ന വേനലിന്‍െറ പ്രശ്നങ്ങള്‍ പലതരത്തിലാണ് മനുഷ്യനെ ബാധിക്കുന്നത്. നിര്‍ജലീകരണത്തെ തുടര്‍ന്നുണ്ടാകുന്ന ക്ഷീണവും തളര്‍ച്ചയും മുതല്‍ അതീവ ഗുരുതരമായ സൂര്യാഘാതത്തിന്‍െറ പ്രശ്നങ്ങള്‍വരെ കടുത്ത ചൂടിന്‍െറ ഫലമായുണ്ടാകും. ഇപ്പോള്‍തന്നെ  സംസ്ഥാനത്തിന്‍െറ വിവിധ  ജില്ലകളില്‍ സൂര്യാഘാതത്തിന് സമാനമായ നിരവധി പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
അമിത ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഏറ്റവും സാധാരണ പ്രശ്നം ശരീരക്ഷീണവും തളര്‍ച്ചയുമാണ്. ശരീരത്തില്‍നിന്ന് ജലാംശവും വിയര്‍പ്പിലൂടെ സോഡിയം ഉള്‍പ്പെടെയുള്ള ലവണങ്ങളും നഷ്ടപ്പെടുന്നതാണ് തളര്‍ച്ചയുടെ പ്രധാന കാരണം. ചൂടിനെ തുടര്‍ന്നുണ്ടാകുന്ന നിര്‍ജലീകരണവും മൂലകങ്ങളുടെ കുറവും വൃദ്ധജനങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നത്. കടുത്ത ചൂടില്‍ അമിതമായി അധ്വാനിക്കുന്ന റോഡു പണിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ക്ക് ചൂടിന്‍െറ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകാനിടയുണ്ട്. ഏറെനേരം അമിതചൂടില്‍ നില്‍ക്കുന്നതിനെ തുടര്‍ന്ന് ബോധക്ഷയം പോലും ഉണ്ടാകാം. മൂത്രത്തിന്‍െറ അളവ് കുറയുന്നതും സ്വഭാവ വ്യതിയാനവും സ്ഥിതി വഷളാകുന്നതിന്‍െറ ലക്ഷണമാണ്. പ്രായമേറിയവരിലും കുട്ടികളിലും പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം തുടങ്ങിയ ശാരീരിക പ്രശ്നങ്ങളുള്ളവരിലും അമിത താപത്തെ തുടര്‍ന്നുണ്ടാകുന്ന തളര്‍ച്ച സങ്കീര്‍ണമാകാനിടയുണ്ട്.
അമിത ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. ഉടന്‍തന്നെ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണംപോലും സംഭവിക്കാം. പ്രായമേറിയവരിലും കുട്ടികളിലും മറ്റ് ശാരീരിക പ്രശ്നങ്ങളുള്ളവരിലുമാണ് സൂര്യാഘാതം സാധാരണയുണ്ടാകുന്നത്. എന്നാല്‍, കഠിനമായ ചൂടില്‍ അത്യധ്വാനം ചെയ്യുന്ന അരോഗദൃഢഗാത്രരിലും ഈ പ്രശ്നമുണ്ടാകാം.
കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു. ആന്തരാവയവങ്ങളായ തലച്ചോര്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിക്കുകയും രോഗി അതീവ ഗുരുതരാവസ്ഥയില്‍ എത്തുകയും ചെയ്യുന്നു.
സൂര്യാഘാതം രണ്ടുതരത്തില്‍ പ്രശ്നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഈ വിഭാഗത്തില്‍പെട്ട സൂര്യാഘാതം കണ്ടുവരുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. എന്നാല്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരില്‍ അമിത ചൂടില്‍ അത്യധ്വാനത്തിലേര്‍പ്പെടുന്നതിനെ തുടര്‍ന്ന് സൂര്യാഘാതമുണ്ടാകാം. പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും വൃക്ക സ്തംഭനം ഉള്‍പ്പടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു.
തലച്ചോറിന്‍െറ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്‍െറ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങി അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥക്കും (കോമ) ഇടയാക്കുന്നു. വൃദ്ധജനങ്ങളില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ചര്‍മം ഉണങ്ങി വരണ്ടിരിക്കും. എന്നാല്‍, അത്യധ്വാനത്തെ തുടര്‍ന്നുണ്ടാകുന്ന സൂര്യാഘാതമേറ്റവരില്‍ ശരീരം വിയര്‍ത്ത് നനഞ്ഞിരിക്കും.
സൂര്യാഘാതമുണ്ടായാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കുന്നതിന് തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണനിരക്ക് 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുപോലും 20 ശതമാനത്തിനും തലച്ചോറില്‍ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ട്. ഓര്‍മക്കുറവ്, നാഡീഞരമ്പുകളുടെ തളര്‍ച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും തുടരാനിടയുണ്ട്.

സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം?

  • സൂര്യാഘാതമേറ്റയാളെ തണലുള്ള സ്ഥലത്തേക്ക് ഉടന്‍ മാറ്റുക
  • വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റുക
  • മൂക്കിലും വായിലും പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയും തുടച്ചുമാറ്റുക
  • തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും
  • തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക
  • കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും
  • രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക

വേനല്‍ചൂടിനെ നേരിടാം

  • നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടുലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം
  • കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യും
  • പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക
  • അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക. രാവിലെ പത്തുമുതല്‍ ഉച്ചക്ക് രണ്ടുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക
  • നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്
  • നട്ടുച്ചനേരത്തുള്ള ജാഥകള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക
  • പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക

(ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന്‍ അസോസിയേറ്റ് പ്രഫസറാണ് ലേഖകന്‍)

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.