മെയ് 3 ലോക ആസ്ത്മ ദിനം

ശ്രീനിവാസുമായി അവന്‍െറ മാതാപിതാക്കള്‍ കണ്‍സള്‍ട്ടിംഗ് റൂമിലേക്ക്  വന്നപ്പോള്‍ എനിക്ക് ആദ്യം തോന്നിയത് അവന്‍ ഒട്ടും സന്തോഷവാനല്ല എന്നാതായിരുന്നു. പുറത്ത് കൂട്ടുകാരുമായി കളിക്കാന്‍ അവനെ അനുവദിക്കാത്തതാണ് ഇതിനു കാരണമെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. 12 വയസു പ്രായമുള്ള ശ്രീനിവാസ് തന്‍െറ പ്രായത്തിലുള്ള കുട്ടികള്‍ ക്രിക്കറ്റും ഫുട്ബോളും കളിക്കുകയും സമപ്രായക്കാരുമായുള്ള മറ്റുവിനോദങ്ങള്‍ ആസ്വദിക്കുകയും ചെയ്യുമ്പോള്‍ കൂട്ടിലടക്കപ്പെട്ടതുപോലെ വീടിനുള്ളില്‍ കഴിയുകയായിരുന്നു. കാരണം അവന് ഇടക്കിടെചുമയും ശ്വാസംമുട്ടലും ഉണ്ടാവുകയും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും വീടിന് പുറത്തായിരിക്കുമ്പോള്‍ അവസ്ഥ രൂക്ഷമാവുകയും ചെയ്യുമായിരുന്നു. അങ്ങനെ സ്കൂളില്‍എല്ലാ മാസങ്ങളിലും അഞ്ചോ ആറോ ദിവസങ്ങള്‍ വരെ അവന് ക്ളാസ്സുകള്‍ നഷ്ടമായിരുന്നു.
ശ്രദ്ധയോടെ ചോദിച്ചപ്പോഴാണ് അവന്‍െറ മാതാപിതാക്കള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിപ്രായമനുസരിച്ച് പലപല ഡോക്ടര്‍മാരെ കണ്ടിരുന്നുവെന്ന് സമ്മതിച്ചത്. മകന് രോഗലക്ഷണങ്ങളില്‍നിന്ന് ആശ്വാസം കിട്ടുമ്പോള്‍ അവര്‍ മരുന്നിന്‍െറ  ഉപയോഗം നിര്‍ത്തിവക്കാറായിരുന്നു പതിവ്. മറ്റുപല രീതിയിലുള്ള മരുന്നുകളും ഉപയോഗിച്ചെങ്കിലും ഫലമൊന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. രണ്ടു വര്‍ഷം മുമ്പ് രോഗത്തിന്‍െറ ആദ്യലക്ഷണങ്ങള്‍ കണ്ടപ്പോള്‍ മുതല്‍ ഈ പ്രക്രിയ അവര്‍ ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. പ്രശ്നം വ്യക്തമായതിനാല്‍ ചികിത്സതുടങ്ങുതിനുമുമ്പ് ആദ്യം ചെയ്തത് മാതാപിതാക്കളെ രോഗത്തെക്കുറിച്ചു ചികിത്സയെക്കുറിച്ചും ബോധവത്കരിക്കുക എന്നതായിരുന്നു. രോഗത്തിന് ആശ്വാസം കിട്ടുമ്പോള്‍ മരുന്നുപയോഗിക്കുന്നത് നിര്‍ത്താതെ ചികിത്സ തുടരുക എന്നുള്ള കാര്യം അവരെ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു.
ആസ്ത്മ ഇന്ന് ലോകത്തിലെ 30 കോടിയിലേറെ ആളുകളില്‍ കണ്ടുവരുന്നു. ഉപയോഗിക്കാന്‍ എളുപ്പമുള്ള മരുന്നുകള്‍ ആവശ്യത്തിനു ലഭ്യമാണെങ്കിലും, ഗുണമേന്മയുള്ള ജീവിതം ഉറപ്പുവരുത്തുന്നതാണെങ്കിലും 90 ശതമാനം ആസ്ത്മ രോഗികളിലും ചികിത്സ കൃത്യമായി നടക്കാറില്ല. ഇതിനുള്ള പ്രധാന കാരണം രോഗികള്‍ രോഗലക്ഷണങ്ങള്‍ക്ക് ശമനം കിട്ടുമ്പോള്‍ത്തന്നെ ചികിത്സ നിര്‍ത്തുകയും തുടര്‍ന്ന് ഡോക്ടറുടെ മേല്‍നോട്ടത്തില്‍  ചികിത്സ തുടരുകയും ചെയ്യാറില്ല എന്നതാണ്.  
ശ്രീനിവാസിന്‍െറ കാര്യത്തില്‍ തുടര്‍ച്ചയായി മരുന്നുകള്‍ നല്‍കാത്തത് മൂലം എളുപ്പത്തില്‍ കൈകാര്യം ചെയ്യാമായിരുന്ന ഒരു പ്രശ്നം ഗുരുതരമായി മാറിയതാണ് നാം കണ്ടത്. ബോധവത്കരണത്തിന് ശേഷം കുട്ടിയുടേത് ഗൗരവമുള്ള ഒരു പ്രശ്നമാണെന്നും ഏറെ നാള്‍ചികിത്സ വേണ്ടിവരുമെന്നും മാതാപിതാക്കള്‍ക്കു ബോധ്യമായി. ചികിത്സ തുടങ്ങി ഒരു മാസത്തിനുശേഷം കുട്ടി പുറത്തുപോകാനും കൂട്ടുകാരൊത്ത് കളിക്കുവാനും തുടങ്ങി. വളരെ വൈകാതെ ഫുട്ബോള്‍ കളിക്കാനും ആരംഭിച്ചു. ഇപ്പോള്‍ അടുത്ത മാച്ചിനായി ആകാംക്ഷയോടെകാത്തിരിക്കുകയാണ് അവന്‍. സാധാരണ ജീവതത്തിലേക്കുള്ള ഈ മാറ്റം അവന്‍െറ സ്കൂളിലെ പഠനത്തിലും പ്രതിഫലിച്ചു. മാര്‍ക്കുകളും ഏറെ മെച്ചപ്പെട്ടു.
ശ്വാസനാളികളില്‍  നീര്‍ക്കെട്ടും ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യുന്ന ഗുരുതരമായേക്കാവുന്ന രോഗമാണ് ആസ്ത്മ. കൃത്യമായചികിത്സയിലൂടെ ഈ അസുഖത്തെ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിയും. ചികിത്സ നല്‍കാതിരുന്നാല്‍ രോഗം ഗുരുതരമാകുകയും തുടര്‍ന്ന് മരണത്തിന് കാരണമാകകയും ചെയ്തേക്കാം.
മൂന്നു രീതിയിലുള്ള സമീപനമാണ് ആസ്ത്മയ്ക്ക് വേണ്ടത്. 1.രോഗം വര്‍ധിക്കാതെ ശ്രദ്ധിക്കുക. 2.രോഗലക്ഷണങ്ങള്‍ ഒഴിവാക്കാനായി തുടര്‍ച്ചയായി മരുന്നു കഴിക്കുക. 3.ആസ്ത്മ വീണ്ടും ഉണ്ടാവുകയാണെങ്കില്‍ചികിത്സിക്കാന്‍ ആവശ്യമായ തയാറെടുപ്പുകള്‍ നടത്തുക.
ഇപ്പോള്‍ ഇന്‍ഹേലറുകള്‍ വഴി എളുപ്പത്തില്‍ ആസ്ത്മ മരുന്നുകള്‍ ശ്വാസകോശത്തിലേക്ക് നേരിട്ടു നല്‍കാന്‍ സാധിക്കും. കൃത്യമായ ഇടവേളകളില്‍ ഇന്‍ഹേലറുകള്‍ ഉപയോഗിച്ചാല്‍ രോഗത്തിന്‍െറ ആക്രമണം വീണ്ടും വരാതിരിക്കുതിനും ഉണ്ടായാല്‍ത്തന്നെ ശമനം ലഭിക്കുന്നതിനും സാധിക്കും. ഇന്‍ഹേലറില്‍ ഉപയോഗിക്കു മരുന്നുകള്‍ ഏറ്റവും മികച്ച ചികിത്സക്ക് ഉപകരിക്കുന്നതും 99 ശതമാനവും ഗുണം ലഭിക്കുന്നതുമാണ്.
റിഫ്രാക്ടറി ആസ്ത്മ (Refractory Asthma) എന്നു വിളിക്കുന്ന, ഒരു ശതമാനം മാത്രം വരുന്ന  കേസുകളില്‍ മാത്രമേ സാധാരണ മരുന്നുകള്‍ പ്രയോജനപ്പെടാതിരിക്കുന്നുള്ളൂ. ഇത്തരം കേസുകളില്‍ തുടര്‍ച്ചയായി സ്റ്റിറോയിഡ് ഗുളികകളും മറ്റ് ദീര്‍ഘകാല ചികിത്സകളും നല്‍കേണ്ടി വന്നേക്കാം.
തുടക്കത്തില്‍ ശ്രീനിവാസിന് ഇന്‍ഹേലര്‍ മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് ഉപയോഗിക്കാന്‍ മടിയായിരുന്നു.  എന്നാല്‍ അവന്‍െറ പ്രിയ കളിക്കാരനായ ഡേവിഡ് ബെക്കാം കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ത്തന്നെ ആസ്ത്മ ബാധിതനായിരുന്നു വെന്നും ചികിത്സ വഴിയാണ് ഉയരങ്ങളില്‍ എത്താന്‍ സാധിച്ചതെന്നും അറിഞ്ഞപ്പോള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുതിനുള്ള അവന്‍െറ മടിമാറി. തുടര്‍ച്ചയായ ചികിത്സ വഴി ഇപ്പോള്‍ ആസ്ത്മയുടെ ലക്ഷണങ്ങള്‍ ഒന്നും അവനില്‍ കാണുന്നില്ല. കൂട്ടുകാരേപ്പോലെ സാധാരണ ജീവിതം നയിക്കാന്‍ അവന് കഴിഞ്ഞിട്ടുണ്ട്.

(ലേഖകന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് പീഡിയാട്രിഷ്യനാണ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.