നിയന്ത്രണവിധേയമാകാത്ത ആസ്ത്മക്ക് പുതിയതരം ചികിത്സ

ഒരു വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ ബാധിക്കാവുന്നതും ശരിയായ തുടര്‍ചികിത്സവഴി പൂര്‍ണമായും രോഗ നിയന്ത്രണം സാധ്യവുമായ ഒരു രോഗമാണ് ബ്രോങ്കിയല്‍ ആസ്ത്മ. ശ്വാസകോശങ്ങളിലേക്ക് വായുവിനെ എത്തിക്കുന്ന ശ്വാസക്കുഴലുകളില്‍ അലര്‍ജി മൂലമുണ്ടാകുന്ന നീര്‍ക്കെട്ടും അതിനനുബന്ധമായി ഉണ്ടാകുന്ന ഇറുക്കവും മൂലം കുറുകലോടെയാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത്. ചുമയും കഫക്കെട്ടും നെഞ്ചിലുണ്ടാകുന്ന പിടിത്തവുമാണ് ആസ്ത്മയുടെ മറ്റ് ലക്ഷണങ്ങള്‍. ശ്വാസംമുട്ടലില്ലാതെ തന്നെ ഇടവിട്ടു വരുന്നതും വിട്ടുമാറാത്തതുമായ ചുമയും ആസ്ത്മ മൂലമാകാം.

അന്തരീക്ഷവായുവിലെ ചില സാധാരണ വസ്തുക്കള്‍ക്കെതിരായ ഐ.ജി.ഇ (Immunoglobulin E) ആന്‍റി ബോഡികള്‍മൂലം മനുഷ്യ ശരീരത്തില്‍ കൂടുതലായി ഉല്‍പാദിക്കപ്പെടുന്ന പ്രതിഭാസമായ എടോപ്പിയാണ് ഈ രീതിയിലുള്ള അലര്‍ജികള്‍ക്ക് കാരണം. പാരമ്പര്യ ഘടകങ്ങള്‍ ഉള്‍പ്പെടെ പലകാര്യങ്ങള്‍ ഈ പ്രതിഭാസത്തിന് പ്രേരകമാണ്. ഇവ ഏതൊക്കെ എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ഇനിയും നടന്നു കൊണ്ടിരിക്കുന്നതിനാല്‍ ഏതെങ്കിലും പ്രത്യേക ചികിത്സവഴി രോഗം പൂര്‍ണമായി സുഖപ്പെടുത്താനാവില്ല. എങ്കിലും ഫലപ്രദമായ മരുന്നുകള്‍ നല്‍കിയും ദിനചര്യകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയും ആസ്ത്മയെ പൂര്‍ണമായി നിയന്ത്രിക്കാനും ഇതുവഴി  രോഗിക്ക് മറ്റുള്ളവരെപ്പോലെ സാധാരണ ജീവിതം നയിക്കാനും സാധിക്കും.

പൊടിയും പുകയുമുള്ള അന്തരീക്ഷം, കാലാവസ്ഥാ വ്യതിയാനം, വൈറല്‍ രോഗാണു ബാധയും ജലദോഷവും, അന്തരീക്ഷത്തിലെ പൂമ്പൊടി, പൂപ്പലുകള്‍, സിഗരറ്റ്പുകയുള്ള അന്തരീക്ഷം, മാനസികമായ പിരിമുറുക്കം, വളര്‍ത്തു മൃഗങ്ങളുമായുള്ള സമ്പര്‍ക്കം, അമിത വ്യായാമം, ചില മരുന്നുകള്‍ എന്നിവയാണ് ആസ്ത്മയുള്ളവരില്‍ രോഗലക്ഷണം പ്രകടമാക്കാനുള്ള ഘടകങ്ങള്‍. രോഗനിയന്ത്രണത്തിനായി ഇക്കാര്യങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

രോഗ നിയന്ത്രണത്തിനുള്ള ഫലപ്രദവും പാര്‍ശ്വ ഫലങ്ങളില്ലാത്തതുമായ ഇന്‍ഹേലര്‍ മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇവ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം തുടര്‍ച്ചയായി ഉപയോഗപ്പെടുത്തുകയും നിര്‍ദേശിക്കപ്പെട്ട സമയങ്ങളില്‍ തുടര്‍ പരിശോധനക്ക് വിധേയമായി ഇന്‍ഹേലറില്‍ ഉപയോഗിക്കുന്ന മരുന്നിന്‍റെ അളവ് ക്രമീകരിക്കുകയും ചെയ്താല്‍ രോഗം പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാം.

ബ്രോങ്കിയല്‍ തെര്‍മോപ്ലാസ്റ്റി

രോഗം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ചില ആസ്ത്മ രോഗികളുടെ ശ്വാസക്കുഴലുകളുടെ ഭിത്തിയിലെ പേശികള്‍ക്ക് ക്രമേണ കട്ടികൂടുകയും ഇതുമൂലം ശ്വാസക്കുഴലുകളുടെ വ്യാസം കുറഞ്ഞ് ശ്വാസ തടസ്സമുണ്ടാവുകയും ചെയ്യുന്നു. മരുന്നുകളും മറ്റു ചികിത്സാരീതികളും ഉപയോഗിച്ച് നിയന്ത്രിക്കാനാവാത്ത അവസ്ഥയില്‍ ഉപയോഗിക്കുന്ന നൂതന ചികിത്സാ രീതിയാണ് ബ്രോങ്കിയല്‍ തെര്‍മോപ്ലാസ്റ്റി. റേഡിയോ ഫ്രീക്വന്‍സി തരംഗാവൃത്തിയിലുള്ള താപോര്‍ജ സിഗ്നലുകള്‍ അയച്ച് ശ്വാസനാളികളിലെ കട്ടികൂടിയ പേശികളെ നശിപ്പിക്കുന്ന രീതിയാണിത്. ബ്രോങ്കോസ്കോപ്പിലൂടെ പ്രത്യേകം നിര്‍മിച്ച ഒരു കത്തീറ്റര്‍ കടത്തുകയും അതിലൂടെ റേഡിയോ ഫ്രീക്വന്‍സി എനര്‍ജി കടത്തിവിട്ട് 65 ഡിഗ്രി സെല്‍ഷ്യസിലുള്ള താപോര്‍ജം 10 സെക്കന്‍ഡ് നേരത്തേക്ക് ഈ പേശികളില്‍ പ്രയോഗിക്കുകയും ചെയ്യുന്നു.

മൂന്നാഴ്ച ഇടവിട്ട് മൂന്നുതവണ ഈ ചികിത്സ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഓരോ തവണയും രോഗിക്ക് അന്നുതന്നെ വീട്ടിലേക്ക് മടങ്ങാം എന്നതാണ് ഈ ചികിത്സയുടെ സൗകര്യം. വളരെ ചെലവേറിയതും അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുമാണ് ബ്രോങ്കിയല്‍ തെര്‍മോപ്ലാസ്റ്റി. 2010 മുതല്‍ അമേരിക്കയില്‍ ഈ ചികിത്സക്ക് നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇനിയും ഡ്രഗ് കണ്‍ട്രോളറുടെ അനുമതി ലഭ്യമായിട്ടില്ല. ഇന്ത്യയിലെ രോഗികളില്‍ നടത്തുന്ന പഠന നിരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും ഇവിടെ അനുമതി നല്‍കുക. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന തുടര്‍പഠനങ്ങളനുസരിച്ച് നിലവിലുള്ള ചികിത്സാരീതികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാനാവാത്ത രോഗികളില്‍ മാത്രം ബ്രോങ്കിയല്‍ തെര്‍മോപ്ലാസ്റ്റി പ്രയോഗിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നമ്മുടെ നാട്ടിലും ഈ ചികിത്സാരീതി അടുത്ത കാലത്ത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

(സീനിയര്‍ കണ്‍സല്‍ട്ടന്‍റ്, കിംസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.