ഈത്തപ്പഴത്തിന്​ ഗുണങ്ങളേറെ; അമിതമായി കഴിച്ചാൽ 'പണി പാളും'

റമദാൻ സമാഗതമായതോടെ ഇപ്പോൾ ഈത്തപ്പഴത്തിന്‍റെ കാലമാണ്​. വിവിധ പോഷകങ്ങളാൽ സമ്പുഷ്​ടമായതിനാൽ നോമ്പുതുറക്ക്​ ഉപയോഗിക്കുന്ന പ്രധാന വിഭവമാണ്​ ഈത്തപ്പഴം. ഖുർആനിൽ പല ഭാഗങ്ങളിലും ഈത്തപ്പഴത്തെ കുറിച്ചുള്ള പരാമർശവുമുണ്ട്​. ഈത്തപ്പഴം ദിവസവും കഴിച്ചാൽ ഏറെ ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുക. നാരുകളുള്ള നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്​. ഹൃദയത്തിനും ശ്വാസകോശ ആരോഗ്യത്തിനും ഗുണം ചെയ്യുന്ന ആൻറി ഓക്‌സിഡൻറുകളാലും ഇവ സമ്പന്നമാണ്. അതേസമയം, അമിതമായി കഴിച്ചാൽ വിപരീത ഫലമുണ്ടാകുമെന്നതിനാൽ മിതമായി മാത്രം ഈത്തപ്പഴം ഭക്ഷണത്തിന്‍റെ ഭാഗമാക്കണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ദഹനപ്രക്രിയ സുഗമമാകും, പേശികളെ ബലപ്പെടുത്തും

ഈത്തപ്പഴത്തിൽ ഫാറ്റ് കുറവായതിനാൽ കൊളസ്ട്രോൾ അളവ് ബാലൻസ് ചെയ്യും. മാത്രമല്ല, എനർജി വർധിപ്പിക്കാനും ഈത്തപ്പഴം സഹായിക്കും. ധാരാളം ഫൈബർ അടങ്ങിയ പഴമായതിനാൽ ദഹനപ്രശ്നം ഉള്ളവർ ഈത്തപ്പഴം കഴിക്കുന്നത്​ നല്ലതാണ്​. ഇത്​ ദഹനപ്രക്രിയ സുഗമമാക്കും. പ്രോട്ടീൻ അടങ്ങിയതിനാൽ പേശികളുടെ ബലത്തിനും ഈത്തപ്പഴം സഹായിക്കും. അനീമിയ, ഹൃദയരോഗങ്ങൾ, മലബന്ധം തുടങ്ങി പല ആരോഗ്യപ്രശ്നങ്ങൾക്കും ​ഈത്തപ്പഴം പരിഹാരം കാണുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്​.

ഇതിൽ ധാരാളം നാരുകൾക്കു പുറമേ ബി വിറ്റമിനുകളായ റൈബോഫ്ലേവിനും നിയാസിനും തയാമിനും പിന്നെ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. കാൽസ്യവും അയണും ആന്‍റി ഓക്സിഡന്‍റും ധാരാളമായുണ്ട്​. അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും അസ്ഥി സംബന്ധമായ തകരാറുകൾ തടയാനും അസ്ഥി ശക്തിപ്പെടുത്താനും ഈ പഴം സഹായിക്കും. കോപ്പർ, സെലിനിയം, മഗ്നീഷ്യം എന്നിവയാൽ ഇത്​ സമ്പന്നമാണ്.

ചർമ്മത്തിന്‍റെ ആരോഗ്യവും സംരക്ഷിക്കും. വിറ്റാമിൻ സി, ഡി എന്നിവ അടങ്ങിയതിനാൽ ഇത് ചർമ്മത്തിന്‍റെ ഇലാസ്തികത നിലനിർത്തും. ലോലമായ ചർമ്മം സാധ്യമാക്കും. ചുളിവുകൾ കുറക്കുകയും മെലാനിൻ അടിയുന്നത് തടയുകയും ചെയ്യുന്നു.

പ്രമേഹ രോഗികൾ അമിതമായി കഴിക്കരുത്​

ധാരാളം കാർബോഹൈഡ്രേറ്റ് ഉള്ളതിനാൽ പ്രമേഹരോഗികൾ ഈത്തപ്പഴം അമിതമായി കഴിക്കരുതെന്ന്​ ആരോഗ്യ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. ചില ഈത്തപ്പഴങ്ങളിൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്​. പക്ഷേ, ഒട്ടുമിക്കവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുമെന്നാണ്​​ ആരോഗ്യ വിദഗ്​ധർ നൽകുന്ന മുന്നറിയിപ്പ്​.

ഈത്തപ്പഴത്തിന്‍റെ അമിത ഉപയോഗം ശരീരഭാരം കൂട്ടുന്നതായും ചില പഠനങ്ങളിൽ ക​ണ്ടെത്തിയിട്ടുണ്ട്​. അമിതമായി ഈത്തപ്പഴം കഴിക്കുന്ന ചിലരിൽ ഗ്യാസും പുളിച്ചുതികട്ടലും ഉണ്ടാകുന്നതായും കണ്ടുവരുന്നു. ഈത്തപ്പഴം കഴിച്ച ശേഷം വായ്​ നന്നായി വൃത്തിയാക്കിയില്ലെങ്കിൽ പല്ലുകൾക്ക് കേടുവരാനുള്ള സാധ്യതയുമുണ്ട്​. ദഹിക്കാൻ സമയം എടുക്കുന്നതിനാൽ കൊച്ചുകുട്ടികൾക്ക്​ ഈത്തപ്പഴം മുഴുവനായി കൊടുക്കുന്നതിനെയും ​ആരോഗ്യ വിദഗ്​ധർ പ്രോത്സാഹിപ്പിക്കുന്നില്ല.  

Tags:    
News Summary - Dates- health benefits and drawbacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.