കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ നമ്മളെല്ലാം ഇന്ന് ദിവസത്തിന്റെ വലിയൊരു ഭാഗവും മൊബൈൽ ഫോണിൽ സമയം ചെലവഴിക്കുന്നവരാണ്. നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും മൊബൈൽഫോൺ കയ്യിൽപിടിച്ചാണ്. തലകുനിച്ചിരുന്നുള്ള ഈ സ്ക്രീൻ ഉപയോഗം കൂടുന്നതിനനുസരിച്ച് നമ്മുടെ കഴുത്തിന്റെ ആരോഗ്യം കുറഞ്ഞുകൊണ്ടിരിക്കുന്നത് എത്രപേർ ശ്രദ്ധിച്ചുകാണും? മൊബൈൽ ഫോൺ, മറ്റ് സ്ക്രീൻ ഉപയോഗം കൂടുന്നതിനനുസരിച്ച് നമ്മുടെ കഴുത്തിന്റെ ആരോഗ്യവും കുറഞ്ഞുകൊണ്ടിരിക്കും. സ്ക്രീൻ ഉപയോഗം നമ്മുടെ കഴുത്തിലെ പേശികൾക്കും സന്ധികൾക്കും അമിതമായ സമ്മർദ്ദം ഉണ്ടാക്കുമെന്ന് പ്രമുഖ ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ വ്യക്തമാക്കുന്നു. ഇത് കഴുത്തുവേദന, കഴുത്തിലെ മരവിപ്പ്, പേശികളുടെ വലിവ്, തോളിലും മുകൾഭാഗത്തെ പുറകിലും വേദന തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കാമെന്നും ഡോ. അരുൺ ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. ഡോ. അരുൺ ഉമ്മന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:
ടെക്സ്റ്റ് നെക്ക് സിൻഡ്രോം
ഇന്ന് കുട്ടികളിലും യുവാക്കളിലും തെറ്റായ ശരീരനിലയും (Posture) ഉദാസീനമായ ജീവിതശൈലിയും വർധിച്ചുവരികയാണ്. ദീർഘനേരം തല കുനിച്ച് ഇരുന്ന് മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ, ടാബ്‌ലെറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കഴുത്തിലെ പേശികൾക്കും സന്ധികൾക്കും അമിതമായ സമ്മർദ്ദം ഉണ്ടാക്കാം. കാലക്രമേണ ഇത് കഴുത്തുവേദന, കഴുത്തിലെ മരവിപ്പ്, പേശികളുടെ വലിവ്, തോളിലും മുകൾഭാഗത്തെ പുറകിലും വേദന തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കാം. ഈ പ്രശ്നങ്ങളെ പൊതുവെ വിളിക്കുന്ന പേരാണ് ‘ടെക്സ്റ്റ് നെക്ക് സിൻഡ്രോം’ (Text Neck Syndrome).കുട്ടികളിലും യുവാക്കളിലും മാത്രമല്ല, മണിക്കൂറുകളോളം കമ്പ്യൂട്ടറിനുമുന്നിൽ ജോലി ചെയ്യുന്ന ഓഫീസ് ജീവനക്കാരിലും ഈ പ്രശ്നം വ്യാപകമായി കണ്ടുവരുന്നു.
ഫോൺ തലച്ചോറിന് ഇഷ്ടമാണ്, പക്ഷേ കഴുത്തിന് അത്ര ഇഷ്ടമല്ല!
തലയുടെ ഭാരം താങ്ങുന്ന സ്വാഭാവിക രൂപകൽപ്പനയാണ് നമ്മുടെ കഴുത്തിനുള്ളത്. എന്നാൽ തല മുന്നോട്ടും താഴേക്കും കുനിച്ച് ദീർഘനേരം ഫോൺ നോക്കുമ്പോൾ, കഴുത്തിലെ പേശികൾക്കും സന്ധികൾക്കും അധിക സമ്മർദ്ദം ഉണ്ടാകുന്നു.
പ്രശ്നം ഫോൺ നോക്കുന്നതു മാത്രമല്ല, ഫോൺ നോക്കുന്ന രീതിയാണ്. ഒരേ തെറ്റായ ശരീരനിലയിൽ (Abnormal posture) ദീർഘനേരം തുടരുന്നതാണ് കഴുത്തിന് യഥാർത്ഥ പ്രശ്നമാകുന്നത്.
കഴുത്തിന്റെ സ്വാഭാവിക വളവ് നഷ്ടപ്പെടുമ്പോൾ…
നമ്മുടെ കഴുത്തിന് സ്വാഭാവികമായി മുന്നോട്ട് വളഞ്ഞിരിക്കുന്ന ‘C’ ആകൃതിയിലുള്ള വളവ് ( Cervical Lordosis)ഉണ്ട്. ഇത് തലയുടെ ഭാരം ശരിയായി താങ്ങാനും കഴുത്തിന്റെ സ്വാഭാവിക ചലനവും സന്തുലിതാവസ്ഥയും നിലനിർത്താനും സഹായിക്കുന്നു. തെറ്റായ ശരീരനില ദീർഘകാലം തുടരുമ്പോൾ ചിലരിൽ കഴുത്തിന്റെ സ്വാഭാവിക വളവ് നേരെയാകുകയും, ( Cervical Straightening) മറ്റു തേയ്മാന മാറ്റങ്ങളോടൊപ്പം വളവ് പിന്നോട്ടായി മാറുകയും ചെയ്യാം ( Cervical Kyphosis).തല കൂടുതൽ മുന്നോട്ട് വരുന്നതോടെ കഴുത്തിലെ സമ്മർദ്ദം വർധിച്ച് തീവ്രമായ വേദന, കൈകളിലേക്ക് പടരുന്ന വേദന, മരവിപ്പ്, ബലക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്
* കഴുത്തിൽ തുടർച്ചയായ വേദനയോ മുറുക്കമോ
* തോളിലും മുകൾഭാഗത്തെ പുറകിലും വേദന
* കഴുത്ത് തിരിക്കാനോ ചലിപ്പിക്കാനോ ബുദ്ധിമുട്ട്
* ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന
* കഴുത്തിലെ പേശികളിൽ വലിവോ മുറുക്കമോ
* കഴുത്തിൽ നിന്ന് കൈകളിലേക്ക് പടരുന്ന വേദന
* കൈകളിൽ മരവിപ്പ്, തരിപ്പ്, സൂചികുത്തുന്നതുപോലുള്ള അനുഭവം
* മൂർച്ചയുള്ളതോ കുത്തിപ്പിടിക്കുന്നതോ ആയ വേദന
* ദീർഘനേരം ഫോൺ ഉപയോഗിച്ചതിനുശേഷം വേദന വർധിക്കുക
മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതും കഴുത്തുവേദനയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ തെറ്റായ ശരീരനില മാത്രമല്ല കാരണം—ശാരീരിക പ്രവർത്തനക്കുറവ്, ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം തുടങ്ങിയ ഘടകങ്ങളും കഴുത്തുവേദനയ്ക്ക് കാരണമാകാം.
ശ്രദ്ധിക്കുക
കഴുക്ക് വേദന ഒഴിവാക്കാൻ ഫോൺ ഉപേക്ഷിക്കേണ്ടതില്ല,ഉപയോഗിക്കുന്ന രീതി മാറ്റിയാൽ മതി.ഫോൺ ഉപയോഗിക്കുന്ന രീതി മാറ്റിയാൽ മതി.
* ഫോൺ കണ്ണിന്റെ ഉയരത്തിൽ പിടിക്കുക, തല കുനിക്കുന്നതിന് പകരം ഫോൺ ഉയർത്തുക.
* ഒരേ ശരീരനിലയിൽ ദീർഘനേരം ഇരിക്കരുത്. ഇടയ്ക്കിടെ എഴുന്നേൽക്കുക. നടക്കുക. കഴുത്തും തോളുകളും ചലിപ്പിക്കുക.
* “കൃത്യമായ ഇടവേളകൾ” ശീലമാക്കുക. തുടർച്ചയായി ദീർഘനേരം ഫോൺ നോക്കാതെ ഇടയ്ക്കിടെ കണ്ണിനും ശരീരത്തിനും വിശ്രമം നൽകുക.
* പുറത്തിന് മതിയായ താങ്ങ് ( Support) ലഭിക്കുന്ന വിധത്തിൽ ഇരിക്കുക. തോളുകൾ സ്വാഭാവികമായി അയഞ്ഞ നിലയിൽ വയ്ക്കുക. തല മുന്നോട്ട് തള്ളിയുള്ള ഇരിപ്പ് ഒഴിവാക്കുക. കഴുത്തും നട്ടെല്ലും സ്വാഭാവികമായ നേരായ നിലയിൽ ( Erect) നിലനിർത്താൻ ശ്രദ്ധിക്കുക..
* കിടന്നുകൊണ്ട് ഫോൺ ഉപയോഗിക്കരുത്
പ്രത്യേകിച്ച് വലിയ തലയിണയിൽ തല ഉയർത്തിവെച്ച് കഴുത്ത് വളച്ചുള്ള ഫോൺ ഉപയോഗം ഒഴിവാക്കുക.
* പതിവായി വ്യായാമം ചെയ്യുക. കഴുത്ത്, തോളുകൾ, മുകൾഭാഗത്തെ പുറം എന്നിവയ്ക്കുള്ള വലിച്ചുനീട്ടൽ-ശക്തിവർധക വ്യായാമങ്ങൾ സഹായകരമാണ്. വ്യക്തിഗത പ്രശ്നങ്ങളുണ്ടെങ്കിൽ വിദഗ്ധരുടെ നിർദ്ദേശം തേടുക.
* വേദനയെ നിസ്സാരമായി കാണരുത്. കൈകളിൽ മരവിപ്പ്, തരിപ്പ്, ബലക്കുറവ്, ശക്തമായി പടരുന്ന വേദന, നടക്കുമ്പോൾ സന്തുലിതാവസ്ഥ നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ വൈദ്യപരിശോധന ആവശ്യമാണ്.
ഫോൺ താഴെയല്ല… കണ്ണിന് മുന്നിൽ!
നമ്മുടെ ജീവിതം എളുപ്പമാക്കാനാണ് ഫോൺ—ശരീരത്തെ വേദനിപ്പിക്കാനല്ലെന്ന ഫോൺ ഉപയോഗക്കുമ്പോൾ ഓർക്കണമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. നമ്മുടെ ഫോണിന് ദിവസവും ചാർജിങ് ആവശ്യമാണ്. അതിലേറെനമ്മുടെ ശരീരത്തിനും തലച്ചോറിനും പരിചരണം ആവശ്യമാണ്.
കഴുത്ത് വേദന പ്രതിരോധിക്കാം
മനുഷ്യശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിവർന്നുനിൽക്കുന്ന ശരീരനില (posture) നിലനിർത്തുന്നതിനാണ്, അതിനാൽ എല്ലായ്പ്പോഴും ശരിയായ ശരീരനില നിലനിർത്തുക. ശരിയായ മെത്തയിൽ ഉറങ്ങുക, ചെറിയ തലയിണ അല്ലെങ്കിൽ സെർവിക്കൽ തലയിണ ഉപയോഗിക്കുക. ഇരുന്ന് ഒരിക്കലും ഉറങ്ങരുത്. ചലിക്കുന്ന വാഹനത്തിൽ ഒരിക്കലും ഉറങ്ങരുത്..
കഴുത്ത് വളയാതിരിക്കാൻ കമ്പ്യൂട്ടർ / ലാപ്‌ടോപ്പ് കണ്ണ് തലത്തിൽ വയ്ക്കുക. കമ്പ്യൂട്ടർ ജോലി, ഡ്രൈവിങ് അല്ലെങ്കിൽ മറ്റേതെങ്കിലും ജോലി എന്നിവയ്ക്കിടയിൽ ഇടയ്ക്കിടെ കഴുത്ത് ചലിപ്പിക്കാ൯ മറക്കരുത്. പേശികളെ ശക്തിപ്പെടുത്തുന്നതിന് കഴുത്തിലെ വ്യായാമങ്ങൾ പതിവായി പരിശീലിക്കുക. ഭാരം വളരെ ശ്രദ്ധാപൂർവ്വം പൊക്കുക. കഴിയുന്നത്ര ഹെഡ്‌ലോഡിങ് ഒഴിവാക്കുക.
ചികിത്സ എങ്ങനെ?
കഴുത്തുവേദനയുടെ യഥാർത്ഥ കാരണം കണ്ടെത്തുകയാണ് ചികിത്സയിലെ ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘട്ടം. തെറ്റായ ശരീരനില, പേശിവലിവ്, ഡിസ്ക് പ്രശ്നങ്ങൾ, സന്ധികളുടെ തേയ്മാനം, നാഡീസമ്മർദ്ദം തുടങ്ങിയ കാരണങ്ങൾക്കനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ലഘുവായ വേദന പലപ്പോഴും വിശ്രമം, ചൂടുപ്രയോഗം, ശരിയായ ശരീരനില, ലളിതമായ വേദനസംഹാരികൾ എന്നിവയിലൂടെ മെച്ചപ്പെടാം. ആവശ്യാനുസരണം ഡോക്ടറുടെ നിർദ്ദേശപ്രകാരം മസിൽ റിലാക്സന്റുകൾ, ഫിസിയോതെറാപ്പി, വലിച്ചുനീട്ടൽ-ശക്തിവർധക വ്യായാമങ്ങൾ തുടങ്ങിയവയും ഉപയോഗിക്കാം.
കൃത്യമായ രോഗനിർണയം നടത്താതെ തിരുമ്മലോ ശക്തമായ ചികിത്സകളോ ചെയ്യുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് കൈകളിൽ മരവിപ്പ്, തരിപ്പ്, ബലക്കുറവ്, കൈകളിലേക്ക് പടരുന്ന വേദന തുടങ്ങിയവയുണ്ടെങ്കിൽ വിദഗ്ധ പരിശോധന അനിവാര്യമാണ്.തുടർച്ചയായോ ആവർത്തിച്ചോ വരുന്ന വേദനയിൽ ആവശ്യാനുസരണം എക്‌സ്-റേ, എം.ആർ.ഐ., സി.ടി. സ്കാൻ, നാഡീപരിശോധനകൾ ( Nerve conduction study) തുടങ്ങിയവ ഉപയോഗിച്ച് കാരണം കണ്ടെത്താം.അപൂർവമായി നാഡീസമ്മർദ്ദം പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയാൽ മാത്രമാണ് ശസ്ത്രക്രിയ പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.