സായിദ് സുസ്ഥിരത പുരസ്കാരം അബൂദബി മേരി ലാന്‍ഡ് ഇന്റര്‍നാഷനല്‍ സ്കൂളിലെ മോണിക്ക അക്കിനേനിക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാൻ കൈമാറുന്നു
അബൂദബി: സായിദ് സുസ്ഥിരത സമ്മാനം അബൂദബി മേരി ലാന്‍ഡ് ഇന്റര്‍നാഷനല്‍ സ്കൂളിലെ ഇന്ത്യൻ വിദ്യാർഥിനിക്ക് സമ്മാനിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിനി മോണിക്ക അക്കിനേനിക്ക് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനാണ് പുരസ്കാരം സമ്മാനിച്ചത്.
സഹപാഠി മുസ്കാന് മഹേശ്വരിയുമായി ചേര്‍ന്ന് വായു ശുദ്ധീകരിക്കാന്‍ പച്ച ആല്‍ഗകള്‍ ചേര്‍ത്ത് കാര്‍ബണ്‍ ടൈലുകള്‍ നിര്‍മിക്കുന്ന പദ്ധതി തയാറാക്കിയാണ് മോണിക്ക അക്കിനേനി പുരസ്കാര ജേത്രിയായത്. ഇരുവരും ചേര്‍ന്ന് പദ്ധതിയെക്കുറിച്ച് ശൈഖ് മുഹമ്മദിന് വിശദീകരിച്ചു നല്‍കുകയും ചെയ്തു.
പ്രസിഡന്റിനെ കാണുകയെന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യമാണെന്നും അദ്ദേഹത്തോടൊപ്പം നടക്കുകയും തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം ക്ഷമയോടെ കേള്‍ക്കുകയും ചെയ്തുവെന്നും മോണിക്ക പറഞ്ഞു. അബൂദബിയില്‍ നടന്ന സമ്മാനവിതരണചടങ്ങില്‍ മുസ്കാനും സ്കൂള്‍ പ്രിന്‍സിപ്പല്‍ ശുഭ ക്ലിഫോര്‍ഡും സംബന്ധിച്ചു. മിന റീജ്യനിലെ സ്കൂളുകളുടെ ഗണത്തിലാണ് പുരസ്കാരം. സമ്മാനവിതരണം നിര്‍വഹിച്ച പ്രസിഡന്റ് മോണിക്കക്ക് ഹൈ ഫൈവും സമ്മാനിച്ചു. ഇത് അവിസ്മരണീയ നിമിഷമായിരുന്നുവെന്ന് മോണിക്ക പ്രതികരിച്ചു. കാര്‍ബണ്‍ ഡൈഓക്സൈഡ് ആഗിരണം ചെയ്ത് ഓക്സിജന്‍ പുറന്തള്ളുന്ന ടൈലിന് കാര്‍ബണ്‍ സ്പോഞ്ച് ടൈല്‍ എന്നാണ് തങ്ങള്‍ പേരിട്ടിരിക്കുന്നതെന്ന് മോണിക്കയും മുസ്കാനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.