ദുബൈ: മദ്യലഹരിയിൽ രണ്ട് ഇ-സ്കൂട്ടറുകൾ മോഷ്ടിച്ച ഈജിപ്ഷ്യൻ യുവാവിന് 2,000 ദിർഹം പിഴയിട്ട് ദുബൈ കോടതി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിനാസ്പദ സംഭവമുണ്ടായത്. വർസാൻ പ്രദേശത്തെ തന്റെ താമസ സ്ഥലത്തുവെച്ചാണ് 28കാരനായ പ്രതി മദ്യപിച്ചത്. പിന്നീട് ഒരു മണിക്കൂറിനുശേഷം പുറത്തിറങ്ങിയ ഇയാൾ ഒരു ബേക്കറിക്ക് പിന്നിൽ പാർക്ക് ചെയ്ത രണ്ട് ഇ-സ്കൂട്ടറുകൾ മോഷ്ടിക്കുകയായിരുന്നു. 1,500 ദിർഹം വീതം വിലയുള്ളതാണ് സ്കൂട്ടറുകൾ. ബേക്കറിയിലെ ജീവനക്കാരുടേതായിരുന്നു ഇവ.
സ്ഥാപനത്തിന്റെ സമീപത്തായതിനാൽ സ്കൂട്ടറിൽനിന്ന് ചാവി മാറ്റിയിരുന്നില്ല. ഈ സമയത്താണ് ഇയാൾ സ്കൂട്ടറുകൾ ഓടിച്ചുപോയതെന്നാണ് കേസ്. രണ്ട് ദിവസത്തിനുശേഷം ബാറ്ററി തീർന്നതോടെ ഇത് റീചാർജ് ചെയ്യാൻ മോഷ്ടിച്ചയാൾ ഒരു ഗ്രോസറി കടയിൽ എത്തിക്കുകയായിരുന്നു. ഇത് കണ്ട ബേക്കറി ഉടമ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ മോഷണവും നിയമവിരുദ്ധമായി മദ്യപാനം നടത്തിയതും ഇയാൾ സമ്മതിക്കുകയായിരുന്നു. എന്നാൽ കോടതിയിൽ ഹാജരായപ്പോൾ കുറ്റം ഇയാൾ നിരസിച്ചാണ് മൊഴി നൽകിയത്.
തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ട് കുറ്റങ്ങളും തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഒരു മാസം ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ അപ്പീൽ കോടതിയിൽ ശിക്ഷ പുനഃപരിശോധിച്ച് 2000 ദിർഹം പിഴ വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.