ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടന്ന 'യു മാറ്റർ മോസ്റ്റ് 2026' സദസ്സ്
ദുബൈ: ജീവനക്കാരുമായുള്ള ബന്ധം ദൃഢമാക്കുന്നതിനും തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ‘യു മാറ്റർ മോസ്റ്റ് 2026’ എന്ന പേരിൽ പ്രത്യേക സംഗമം സംഘടിപ്പിച്ചു. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പരിപാടിയിൽ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ജനറൽ ഡയറക്ടറേറ്റിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ അസി. ഡയറക്ടർമാരും ജീവനക്കാരും സംബന്ധിച്ചു. ഉദ്യോഗസ്ഥരും നേതൃത്വവും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം വർധിപ്പിക്കാനും പരസ്പര ബഹുമാനത്തിലൂന്നിയ മികച്ചൊരു തൊഴിൽ സംസ്കാരം വളർത്തിയെടുക്കാനുമാണ് ജി.ഡി.ആർ.എഫ്.എ ദുബൈ സംരംഭത്തിലൂടെ ലക്ഷ്യമിട്ടത്.
ഭാവിയിലെ പ്രവർത്തനങ്ങളെക്കുറിച്ചും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളുടെ പങ്കിനെക്കുറിച്ചും അസി. ഡയറക്ടർ ജനറൽമാർ ജീവനക്കാരുമായി ചർച്ച നടത്തി. ‘നിങ്ങളുടെ ശബ്ദം കേൾക്കുന്നു’ എന്ന സെഗ്മെന്റിലൂടെ ജീവനക്കാർക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും നേതൃത്വത്തോട് നേരിട്ട് പങ്കുവെക്കാനുള്ള അവസരവും ചടങ്ങിൽ ലഭിച്ചു. ജി.ഡി.ആർ.എഫ്.എയുടെ വിജയയാത്രയിലെ യഥാർഥ പങ്കാളികളിൽ പ്രധാനപ്പെട്ടവർ ജീവനക്കാരാണെന്ന് ഡയറക്ടർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
ജീവനക്കാരുമായി നേരിട്ട് സംവദിക്കുന്നതും അവരുടെ കാര്യങ്ങൾ കേൾക്കുന്നതും സ്ഥാപനത്തിന്റെ വളർച്ചക്ക് അനിവാര്യമാണ്. മനുഷ്യവിഭവശേഷിയിലുള്ള നിക്ഷേപമാണ് ഏറ്റവും വലുതും സുസ്ഥിരവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.