അബൂദബി: എമിറേറ്റിൽ ടാക്സി ബുക്കിങ്ങിന് രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ യാങ്കോയുമായി കൈകോർത്ത് അബൂദബി മൊബിലിറ്റി. പൊതു, സ്വകാര്യ ടാക്സികൾ ബുക്ക് ചെയ്യാൻ ഇനി മുതൽ യാങ്കോ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പുതിയ സഹകരണം വഴിയൊരുക്കും.
അബൂബദിയിൽ ടാക്സി സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയാണ് പുതിയ സഹകരണത്തിന്റെ ലക്ഷ്യം. മുന്നൂറോളം ടാക്സികൾ ഉപയോഗിച്ച് അഞ്ച് മാസത്തോളം നീണ്ട പരീക്ഷണ ഓട്ടം വിജയിച്ചതോടെയാണ് യാങ്കോ ബുക്കിങ് സംവിധാനം അബൂദബിയിൽ വ്യാപമാക്കുന്നത്.
നിലവില്‍ 1500ലേറെ ടാക്സികള്‍ യാങ്കോ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നും അധികൃതർ അറിയിച്ചു. ആപ്ലിക്കേഷനില്‍ അറബിക്, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകള്‍ തിരഞ്ഞെടുക്കാനാവും.
ആപ് തുറന്ന് എവിടേക്കാണ് പോവേണ്ടതെന്ന് ആദ്യം തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. നില്ക്കുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതോടെ തൊട്ടടുത്തുള്ള ടാക്സി വാഹനം ആപ്പില്‍ കാണിക്കും.
ഇതോടെ ആപ് ഉപയോക്താവിന് ടാക്സി വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും. യാത്രക്കിടെ വിലപിടിപ്പുള്ള വസ്തുക്കള്‍ യാത്രക്കാരന് ടാക്സിയിൽ മറന്നുവെച്ചാല്‍ അത് യാത്രക്കാരന് തിരികെ നല്‍കുന്നതിനോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ഏൽപിക്കുന്നതിനോ ടാക്സി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
ഇങ്ങനെ മറന്നുവെച്ച വസ്തുക്കള്‍ ഡ്രൈവര്‍മാര്‍ ആപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ മുഖേന റിപ്പോര്‍ട്ട് ചെയ്യുകയും ഈ റിപ്പോര്‍ട്ട് അബൂദബി മൊബിലിറ്റിക്ക് കൈമാറുകയും ചെയ്യും.
അബൂദബി ടാക്സി ആപ് മുഖേന 600535353 എന്ന നമ്പറില്‍ വിളിച്ചോ യാത്രികര്‍ക്ക് ടാക്സി ബുക്ക് ചെയ്യാം. രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ വഴി ടാക്സി സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അബൂദബി മൊബിലിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മസ്റൂയി, യാങ്കോ ജി.സി.സി ജനറല്‍ മാനേജര്‍ ഇസ്ലാം അബ്ദുല്‍ കരിം എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.