ഹർമൻപ്രീത്
കൗർ
ദുബൈ: ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങൾ സൃഷ്ടിക്കുന്ന സമ്മർദത്തെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റേതൊരു മത്സരത്തേക്കാളും ഉയർന്ന സമ്മർദമാണ് പാകിസ്ഥാനെതിരായ കളി നൽകുന്നത്. കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷകൾ നിറവേറ്റുക എന്നത് വലിയ വെല്ലുവിളിയാണ്. സമ്മർദങ്ങൾക്കിടയിലും കാര്യങ്ങളെ ലളിതമായി കാണാനാണ് ശ്രമിക്കുന്നതെന്നും ഹർമൻപ്രീത് പറഞ്ഞു. യു.എ.ഇയിൽ ആഗസ്റ്റ് 28 മുതൽ ആരംഭിക്കുന്ന വനിതാ ഏഷ്യാ കപ്പിന് മുന്നോടിയായാണ് ക്യാപ്റ്റന്റെ പ്രതികരണം. ദുബൈ ഇന്‍റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്ന ടൂർണമെന്‍റിൽ സെപ്റ്റംബർ അഞ്ചിനാണ് ഇന്ത്യ-പാക് മത്സരം.
ആകെ എട്ട് ടീമുകൾ മാറ്റുരക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ, പാകിസ്ഥാൻ, തായ്ലാൻഡ്, ഹോങ്കോങ് എന്നിവർ ഗ്രൂപ് എയിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, യു.എ.ഇ എന്നിവരാണ് ഗ്രൂപ് ബിയിൽ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സെമിയിലെത്തും. ഏഷ്യൻ ക്രിക്കറ്റിൽ ആധിപത്യം പുലർത്തുന്ന ഇന്ത്യൻ ടീമിൽ ഇത്തവണയും ആരാധകർ കിരീടപ്രതീക്ഷ അർപ്പിക്കുന്നുണ്ട്. ഒരു എതിരാളികളെയും നിസ്സാരരായി കാണില്ലെന്നും ലോകകപ്പിന്‍റെ തുല്യ പ്രാധാന്യത്തോടെയാണ് ഈ ടൂർണമെന്‍റിനെ കാണുന്നതെന്നും ക്യാപ്റ്റൻ വ്യക്തമാക്കി.
കഴിഞ്ഞ 4-5 വർഷമായി മികച്ച ഫോമിലുള്ള ഇന്ത്യൻ ടീം വലിയ പ്രതീക്ഷയിലാണ് ടൂർണമെന്‍റിനിറങ്ങുന്നത്. കടലാസിൽ ടൂർണമെന്‍റിലെ ഏറ്റവും കരുത്തരും ഇന്ത്യയാണ്. അടുത്തിടെ ലോർഡ്സിൽ നേടിയ വിജയം ഉൾപ്പെടെ തുടർച്ചയായ മികവ് ടീമിന്‍റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ശ്രീലങ്കയാണ് ഏഷ്യ കപ്പിൽ നിലവിലെ ചാമ്പ്യന്മാർ. കളത്തിൽ കരുത്തുകാട്ടി കിരീടം തിരിച്ചുപിടിക്കുകയെന്നതാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. സെപ്റ്റംബർ 13നാണ് ഫൈനൽ.
ഏഷ്യാ കപ്പിന് പുറമെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനെയും ടീം പ്രാധാന്യത്തോടെയാണ് സമീപിക്കുന്നത്. ട്രോഫികൾക്കായി പോരാടുന്ന താരങ്ങൾക്ക് രാജ്യത്തിനായി മെഡലുകൾ നേടാനുള്ള അപൂർവ അവസരമാണ് ഏഷ്യൻ ഗെയിംസെന്ന് ഹർമൻപ്രീത് പറഞ്ഞു. മറ്റ് കായിക മേഖലകളിലെ താരങ്ങളുമായി ഇടപഴകാനും അവരുടെ പരിശീലന രീതികൾ മനസ്സിലാക്കാനും ഏഷ്യൻ ഗെയിംസ് സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ആഗസ്റ്റ് 30ന് തായ്ലാൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.