ദുബൈ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യു.എ.ഇ ഭരണാധികാരികൾ രാജ്യത്തും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും നന്മയുടെയും സന്ദേശങ്ങൾ നേർന്നു. പ്രവാചകന്‍റെ ജീവിത മാതൃകയും കാരുണ്യം, സഹിഷ്ണുത, സാഹോദര്യം എന്നീ മൂല്യങ്ങളും വരുംതലമുറകൾക്ക് വലിയ പ്രചോദനമാണെന്ന് നേതാക്കൾ സന്ദേശത്തിൽ വ്യക്തമാക്കി.
പ്രവാചകന്‍റെ പാരമ്പര്യം സ്നേഹത്തിലും കരുണയിലുമാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ അനുസ്മരിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സമാധാനവും സുസ്ഥിരതയും പ്രധാനം ചെയ്യാൻ ദൈവത്തോട് പ്രാർഥിക്കുന്നതായി അദ്ദേഹം ‘എക്‌സി’ൽ കുറിച്ചു. പ്രവാചകൻ മനുഷ്യകുലത്തിനാകെ കാരുണ്യമായിട്ടാണ് അയക്കപ്പെട്ടതെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
ഹിജ്റ കലണ്ടറിലെ റബീഉൽ അവ്വൽ 12 (ആഗസ്റ്റ് 25) ആണ് നബിദിനമെങ്കിലും, യു.എ.ഇയിൽ പൊതു അവധി ആഗസ്റ്റ് 28 വെള്ളിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ ശനി, ഞായർ ദിവസങ്ങൾ ഉൾപ്പെടെ തുടർച്ചയായ മൂന്ന് ദിവസത്തെ അവധി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.