പ്രതീകാത്മക എ.ഐ ചിത്രം
ദുബൈ: ദുബൈയിൽ പുതിയ അധ്യയവർഷം 26 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി പ്രവർത്തനമാരംഭിക്കും. ഇതോടെ എമിറേററ്റിലെ വിദ്യാലയങ്ങളിൽ 17,000 പുതിയ സീറ്റുകൾ കൂടി വർധിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് അന്താരാഷ്ട്ര യൂനിവേഴ്സിറ്റികളും, ഏഴ് സ്കൂളുകളും, 17 നഴ്സറികളുമാണ് ദുബൈയിൽ പുതിയ അധ്യയനവർഷം ആരംഭിക്കുന്നത്. പുതുതായി ആരംഭിക്കുന്ന സ്കൂളുകളിൽ നാലെണ്ണം ബ്രിട്ടീഷ് കരിക്കുലവും മൂന്നെണ്ണം ഇന്‍റർനാഷനൽ ബാക്കലറേറ്റ് രീതിയും പിന്തുടരുന്നവയാണ്.
‘ഹാരോ ഇന്‍റർനാഷനൽ സ്കൂൾ’, ‘ക്വീൻ എലിസബത്ത് സ്കൂൾ’, ‘റഗ്ബി സ്കൂൾ’ തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് സ്ഥാപനങ്ങളുടെ കാമ്പസുകൾ ഇതിൽ ഉൾപ്പെടുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന് കുട്ടികളെ സജ്ജരാക്കുന്ന ഏർലി ചൈൽഡ് ഹുഡ് സെന്‍ററുകളാണ് നഴ്സറികൾക്ക് സമാനമായി ആരംഭിക്കുന്നത്. ഇത്തരം 17 കേന്ദ്രങ്ങളിലായി 1700 കുട്ടികൾക്ക് ഈവർഷം അധികം പ്രവേശനം നൽകാൻ കഴിയും.
ഉന്നതവിദ്യാഭ്യാസ മേഖലയിലും വലിയ മുന്നേറ്റമാണ് നടക്കുന്നത്. ലെബനനിലെ പ്രശസ്തമായ ‘അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ബെയ്റൂത്ത്’ (എ.യു.ബി) ദുബൈ കാമ്പസ് 2026 സെപ്റ്റംബറിലും, ക്യു.എസ് റാങ്കിങ്ങിൽ ആഗോളതലത്തിൽ 47-ാം സ്ഥാനത്തുള്ള ‘പെക്കിങ് യൂനിവേഴ്സിറ്റി എച്ച്.എസ്.ബി.സി ബിസിനസ് സ്കൂൾ’ (പി.എച്ച്.ബി.എസ്) തങ്ങളുടെ എം.ബി.എ പ്രോഗ്രാമുകൾ 2027 ജനുവരിയിലും ദുബൈയിൽ ആരംഭിക്കും. കഴിഞ്ഞ മൂന്നുവർഷത്തിനിടെ സർവകലാശാലാ പ്രവേശനത്തിൽ 29 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ അഡ്മിഷൻ തേടുന്നവരുടെ എണ്ണത്തിൽ ഓരോവർഷവും 4.6 ശതമാനം വർധനയുണ്ടാകുന്നു എന്നാണ് കണക്ക്. കഴിഞ്ഞ മൂന്ന് അധ്യയനവർഷങ്ങളിലായി ഈ പ്രവണത തുടരുകയാണെന്നും ദുബൈയിലെ വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എ ചൂണ്ടിക്കാട്ടി. മൂന്ന് വർഷത്തിനിടെ അധ്യാപകരുടെ എണ്ണത്തിൽ 17.5 ശതമാനം വർധനവുണ്ടായത് ഈ മേഖലയുടെ ജനപ്രിയതയുടെ തെളിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.