​കൃത്രിമക്കാൽ വെച്ചുപിടിപ്പിക്കുന്നു,കൃത്രിമക്കൈകളുമായി ഫലസ്തീൻ യുവതി

64 ഫലസ്തീനികൾക്ക് കൃത്രിമ അവയവങ്ങൾ ഘടിപ്പിച്ചു നൽകി യു.എ.ഇ ഫ്ലോട്ടിങ് ആശുപത്രി

ദുബൈ: ഇ​സ്രായേലിന്‍റെ കൊടുംക്രൂരതയിൽ ജീവിതം ​ത്രിശങ്കുവിലായ നിസ്സഹായർക്ക്​ കരുണയുടെ കരങ്ങളുമായി യു.എ.ഇ. ഗസ്സയിലെ നീതിരഹിതമായ ആക്രമണങ്ങളിൽ അവയവങ്ങൾ നഷ്ടമായ 64 ഫലസ്തീനികൾക്ക് കൃത്രിമ അവയവങ്ങൾ വിജയികരമായി ഘടിപ്പിച്ചു നൽകി.

ഈജിപ്ഷ്യൻ നഗരമായ അൽ ആരിശിൽ പ്രവർത്തിക്കുന്ന യു.എ.ഇ ഫ്ലോട്ടിങ് ആശുപത്രിയിൽ ‘പ്രതീക്ഷയുടെ ചുവടുകൾ’ എന്നർഥം വരുന്ന ‘സ്റ്റെപ്​ ഓഫ് ഹോപ്​’ പദ്ധതിയിലൂടെയാണ്​ ഇവർക്ക്​ ജീവിതത്തിലേക്ക്​ ചുവടുവെക്കാനും പിടിച്ചുകയറാനും താങ്ങായത്​. ‘ഓപറേഷൻ ഷിവൽറസ് നൈറ്റ് 3’ എന്ന ചാരിറ്റി ദൗത്യത്തിന്‍റെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതി, ഫലസ്തീൻ ജനതയോടുള്ള യു.എ.ഇയുടെ സഹായ മനോഭാവവും പ്രതിബദ്ധതയും വെളിവാക്കുന്നതാണ്.

വൈകല്യം സംഭവിച്ചവരെ പുനരധിവസിപ്പിക്കാൻ സമഗ്ര വൈദ്യസഹായങ്ങളാണ് പദ്ധതിയിലൂടെ നൽകുന്നത്. കൃത്യമായ വൈദ്യപരിശോധന, കൃത്രിമ അവയവങ്ങളുടെ നിർമാണവും ഘടിപ്പിക്കലും, ഫിസിയോതെറാപ്പി, ശാരീരിക പുനരധിവാസം, തുടർച്ചയായ പരിചരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശാരീരികക്ഷമത വീണ്ടെടുത്ത് ദൈനംദിന ജീവിതത്തിലേക്ക് തിരികെ വരാൻ രോഗികളെ സഹായിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഓരോ രോഗിയുടെയും ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തി അവർക്കായി പ്രത്യേക ചികിത്സാ പദ്ധതികളാണ് വിദഗ്ധ മെഡിക്കൽ സംഘം തയാറാക്കിയിരിക്കുന്നത്. മികച്ച ചികിത്സാ ഫലങ്ങൾ ഉറപ്പുവരുത്താനും പെട്ടെന്നുള്ള രോഗമുക്തിക്കും വേണ്ടി ഫിസിയോതെറാപ്പിയും മറ്റ് പുനരധിവാസ പരിശീലനങ്ങളും തുടർച്ചയായി നൽകിവരുന്നു.

ഇന്‍റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ, ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ, ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ, ദാർ അൽ ബെർ സൊസൈറ്റി, സായിദ് അതോറിറ്റി ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, മആൻ തുടങ്ങിയ പ്രമുഖ യു.എ.ഇ ജീവകാരുണ്യ സംഘടനകളുടെ പിന്തുണയോടെയാണ് പദ്ധതി. ഫലസ്തീനികളുടെ ദുരിതമകറ്റാൻ ജീവകാരുണ്യ പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചുള്ള യു.എ.ഇയുടെ സഹകരണ നിലപാടിന്‍റെ സാക്ഷ്യമാണിത്.

ആധുനിക സൗകര്യങ്ങളും മികച്ച മെഡിക്കൽ ടീമുമുള്ള യു.എ.ഇ ഫ്ലോട്ടിങ് ആശുപത്രി പരിക്കേറ്റവർക്ക് സമഗ്രമായ ആരോഗ്യപരിപാലനമാണ് ഉറപ്പാക്കുന്നത്. 

Tags:    
News Summary - UAE floating hospital provides prosthetic limbs to Palestinians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.