അബൂദബി: സമാധാനത്തിനും സ്ഥിരതക്കും വേണ്ടി നിലയുറപ്പിച്ച് വളർച്ചയുടെ പാതയിൽ മുന്നോട്ടുപോകുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ബുധനാഴ്ച വൈകുന്നേരം ആറിന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ സംസാരത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്‍റെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തി ആഗോള സൂചികകളിൽ മുന്നേറ്റം തുടരും. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും കഴിവുകൾ വികസിപ്പിക്കുക എന്നതിന് മുൻഗണന നൽകും. സമ്പദ്‌വ്യവസ്ഥയിൽ സ്വകാര്യ മേഖലക്ക് സുപ്രധാന പങ്കുണ്ട്. വരും തലമുറക്ക് ശോഭനമായ ഭാവി ഉറപ്പാക്കുകയാണ് നമ്മുടെ ഉത്തരവാദിത്തം. ഈ ലക്ഷ്യം നേടാൻ കഠിനാധ്വാനം ചെയ്യുകയും പരിശ്രമങ്ങളെ ഏകോപിപ്പിക്കുകയും വേണം. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നത് വികസനത്തിന്റെ അടിസ്ഥാനപരമായ ആവശ്യമാണ് -തന്‍റെ കാഴ്ചപ്പാടുകൾ അദ്ദേഹം വിശദീകരിച്ചു.
മേഖലയിലും ലോകത്താകമാനവും സമാധാനവും സ്ഥിരതയും പിന്തുണക്കുന്ന ശൈലി പിന്തുടരും. വിവിധ രാജ്യങ്ങളുമായി ശക്തമായ ബന്ധമുണ്ടാക്കി മുന്നോട്ടുപോകും. മത, വർണ, വംശ ഭിന്നതകൾക്ക് അതീതമായി എല്ലാ സമൂഹങ്ങൾക്കും സഹായമെത്തിക്കുന്നത് തുടരും. എല്ലാ പദ്ധതികളുടെയും അടിസ്ഥാനം യു.എ.ഇയിലെ ജനങ്ങളുടെ സന്തോഷവും സമൃദ്ധിയുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.