വെഡിങ് @ റാസൽഖൈമ

വിവാഹ മംഗള കര്‍മത്തിന് ദുബൈ, ഷാര്‍ജ, അബൂദബി എമിറേറ്റുകള്‍ക്ക് പിറകെ റാസല്‍ഖൈമയും ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമാകുന്നു. ഭരണകൂടങ്ങളുടെ നയതന്ത്ര ബന്ധങ്ങള്‍ക്കുമപ്പുറം ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ ഊഷ്മളമായ സൗഹൃദം നില നിര്‍ത്തുന്നതും ഏഴ് നൂറ്റാണ്ടുകളായി അഭംഗുരം തുടരുന്ന യു.എ.ഇ- ഇന്ത്യ ബന്ധത്തിലെ ഘടകമാണ്.

2023ല്‍ 1.22 ദശലക്ഷം ലോക വിനോദ സഞ്ചാരികളാണ് റാസല്‍ഖൈമയിലത്തെിയത്. ഇതില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നുളളവര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023ല്‍ ഇന്ത്യയില്‍ നിന്ന് റാസല്‍ഖൈമയിലെത്തിയ സന്ദര്‍ശകരുടെ എണ്ണത്തില്‍ 22 ശതമാനമാണ് വര്‍ധന.

പ്രകൃതിയുടെയും സംസ്കാരങ്ങളുടെയും ആസ്വാദനത്തിനപ്പുറം ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തമായ വിവാഹ ചടങ്ങുകള്‍ നടത്തുന്നതിനും ഇന്ത്യക്കാര്‍ റാസല്‍ഖൈമയെ തെരഞ്ഞെടുക്കുന്നത് കൗതുകമുളവാക്കുന്നതെന്ന് റാക് ടൂറിസം ഡെവലപ്പ്മെന്‍റ് അതോറിറ്റി (റാക് ടി.ഡി.എ) സി.ഇ.ഒ റാക്കി ഫിലിപ്പ്സ് പറയുന്നു. വിവിധ രാജ്യക്കാരുടെ വിവാഹ ചടങ്ങുകളോടനുബന്ധിച്ച 2023ല്‍ റാക് റവന്യൂവില്‍ 103 ശതമാനമാണ് വര്‍ധന.


ഒട്ടേറെ ഇന്ത്യക്കാരാണ് വിവാഹത്തിന് റാസല്‍ഖൈമയെ ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തത്. ഈ പ്രവണത നടപ്പ് വര്‍ഷവും വരും വര്‍ഷങ്ങളിലും തുടരുമെന്നാണ് സുചനകള്‍. വിവാഹ ചടങ്ങുകളുടെ ആസൂത്രണവും സംഘാടനവും പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളും റാക് ടി.ഡി.എ നടത്തുന്നു. വിവാഹ ചടങ്ങുകള്‍ വേഗത്തിലും നിയമ നടപടികള്‍ സുഗമമാക്കുന്നതിനുമുള്ള നടപടികള്‍ പരിചയപ്പെടുത്തുന്നതാണ് ഓണ്‍ലൈന്‍ പ്രോഗ്രാം.

സാഹസിക ആകര്‍ഷണ കേന്ദ്രങ്ങള്‍ക്കൊപ്പം വിവാഹ വിപണിയും റാസല്‍ഖൈമയിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെ മുന്നോട്ട് നയിക്കുന്നുവെന്നും റാക്കി ഫിലിപ്സ് പറഞ്ഞു. 3.9 ബില്യണ്‍ ഡോളര്‍ ചെലവില്‍ അല്‍ മര്‍ജാന്‍ ഐലന്‍റ് കേന്ദ്രീകരിച്ച് നിര്‍മാണം തുടങ്ങിയ വിന്‍ റിസോര്‍ട്ടാണ് പദ്ധതികളില്‍ വലുത്.

അടുത്ത വര്‍ഷങ്ങളില്‍ നിലവിലെ ഹോട്ടല്‍ താമസ സൗകര്യങ്ങള്‍ ഇരട്ടിയിലേറെയാകും. ആഗോള ബ്രാന്‍ഡുകളായ നോബു, ഡബ്ളിയു സോഫിടെല്‍ തുടങ്ങിയവ പ്രവര്‍ത്തനം തുടങ്ങുന്നതിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. കുറഞ്ഞ നിരക്കില്‍ ആഢംബര സൗകര്യങ്ങളുള്ള ഓഡിറ്റോറിയവും താമസ സൗകര്യവും ലഭിക്കുന്നതാണ് റാസല്‍ഖൈമയുടെ ആകര്‍ഷണം.

റാക് വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ആഴ്ച്ചയില്‍ 14 വിമാന സര്‍വീസുകളുണ്ട്. ഇത് റാസല്‍ഖൈമയിലേക്ക് ഇന്ത്യക്കാരെ ആകര്‍ഷിക്കുന്ന ഘടകമാണ്. വ്യത്യസ്ത നിറങ്ങളിലുള്ള മരുഭൂമി, കടല്‍, മലനിരകള്‍, കടല്‍ തുടങ്ങി അതുല്യമായ ഭൂപ്രകൃതിയുടെ പശ്ചാത്തലങ്ങളില്‍ ഫോട്ടോ ഷൂട്ട് സാധ്യമാകുന്നതും റാസല്‍ഖൈമയുടെ വിവാഹ വിപണിക്ക് മുതല്‍ക്കൂട്ടാണ്.

Tags:    
News Summary - Wedding at Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.