ദുബൈ: രാജ്യത്തെയോ ദേശീയ സ്ഥാപനങ്ങളെയോ ദേശീയ ചിഹ്നങ്ങളെയോ അവമതിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന രീതിയിൽ സമൂഹമാധ്യമ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നവർക്ക് മുന്നറിയിപ്പ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് അഭ്യൂഹങ്ങളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ഫെഡറൽ നിയമപ്രകാരം 5 ലക്ഷം ദിർഹം വരെ പിഴയും 5 വർഷം വരെ തടവും ചുമത്തുമെന്നാണ് അബൂദബി ജുഡീഷ്യൽ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കും രാജ്യത്തിന്റെ സുരക്ഷക്കും ഐക്യത്തിനും അന്താരാഷ്ട്രതലത്തിലെ സ്ഥാനത്തിനും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. ‘എക്സ്’ അക്കൗണ്ടിലൂടെയാണ് അബൂദബി ജുഡീഷ്യൽ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നിയമത്തിലെ ആർട്ടിക്കിൾ 20 മുതൽ 26 വരെയുള്ള വ്യവസ്ഥകൾ പ്രകാരം സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ, കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ, അല്ലെങ്കിൽ രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നവർ തുടങ്ങിയവർ കർശനമായ ശിക്ഷ നേരിടേണ്ടിവരും. ദേശീയ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതും ഐക്യത്തിന് ഭീഷണിയാകുന്നതും അല്ലെങ്കിൽ രാജ്യത്തിന്റെ അന്തസ്സിന് കോട്ടം വരുത്തുന്നതുമായ പ്രവർത്തനങ്ങൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടും.
ആർട്ടിക്കിൾ 25 ആണ് രാജ്യത്തെയും അതിന്റെ നേതാക്കളെയും ദേശീയ ചിഹ്നങ്ങളെയും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവർക്ക് കാര്യമായ ശിക്ഷകൾ ചുമത്തുന്നത്. കുറ്റകൃത്യത്തിന്റെ സാഹചര്യമനുസരിച്ച്, ക്രിമിനൽ ശിക്ഷകൾക്ക് പുറമേ, കൗൺസലിങ് അല്ലെങ്കിൽ ഇലക്ട്രോണിക് നിരീക്ഷണം പോലുള്ള ഇതര നടപടികളും കോടതിക്ക് ചുമത്താവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.