'എന്റെ ഓഫീസ് ജീവനക്കാരിൽ 85 ശതമാനവും വനിതകൾ; രാജ്യത്തെ ബിരുദധാരികളിൽ 70 ശതമാനവും അവർ തന്നെ -ഇതല്ലേ യഥാർഥ സ്ത്രീ ശാക്തീകരണം'

തന്‍റെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. ഞായറാഴ്ച യു.എ.ഇയിൽ വനിതാദിനം ആചരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വനിതകളുടെ സംഭാവനകളെ പുകഴ്ത്തിയും സ്ത്രീകളുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടും ദുബൈ ഭരണാധികാരി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് അദ്ദേഹം തന്റെ ചിന്തകൾ പങ്കുവച്ചത്.

ആഗസ്റ്റ് 28 ആണ് ഇമാറാത്തി വനിതാ ദിനമായി ആചരിക്കുന്നത്. സ്ത്രീകളുടെ നേട്ടങ്ങളെ സ്മരിക്കാനും പരിശ്രമങ്ങളെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഈ ദിവസം ഉപയോഗപ്പെടുത്തുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് ശൈഖ് മുഹമ്മദ് ബിൻ റാശിദ് പ്രത്യേക വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

എമിറേറ്റ്സിന്റെ മാതാവ് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ പതിറ്റാണ്ടുകൾ നീണ്ട പ്രയത്നത്തിന് ഇമാറാത്തി വനിതാ ദിനത്തിൽ ഞങ്ങൾ അഭിനന്ദനം അറിയിക്കുന്നതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

'എമിറേറ്റ്‌സിന്റെ പെൺമക്കൾ, അവർ നേടിയ നേട്ടങ്ങൾക്കും അവരുടെ രാഷ്ട്ര നിർമാണ പ്രവർത്തനങ്ങൾക്കും ഞങ്ങൾ അഭിനന്ദനം അറിയിക്കുന്നു. യു.ഇ.യിലെ സ്ത്രീകൾ വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും വേണ്ടി അർപ്പണബോധമുള്ളവരാണ്. അവർക്ക് വിശാലവും, ശോഭനവുമായ ഭാവിയുണ്ട്'-അദ്ദേഹം വിഡിയോയിൽ പറഞ്ഞു.

'യു.എ.ഇയിലെ ബിരുദധാരികളിൽ 70 ശതമാനവും സ്ത്രീകളാണ്. എന്റെ ഓഫീസിലെ 85% ജീവനക്കാരും സ്ത്രീകളാണ്. അവരിൽ ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. ഒരു സ്ത്രീക്ക് ആയിരം പുരുഷന്മാരുടെ ശക്തിയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു'-അദ്ദേഹം തുടരുന്നു. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇമാറാത്തി വനിതകളുടെ സമൂഹത്തിലെ പങ്കിനെ പ്രശംസിച്ചു.


'ഇമാറാത്തി വനിതാ ദിനത്തിൽ, യു.എ.ഇയിലുടനീളമുള്ള എല്ലാ സ്ത്രീകളെയും ഞങ്ങൾ അഭിവാദ്യം ചെയ്യുകയും നമ്മുടെ സമൂഹത്തിനും നമ്മുടെ രാജ്യത്തിനും അവർ നൽകിയ സംഭാവനകൾക്ക് ആത്മാർഥമായ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. 50 വർഷങ്ങളായി സ്ത്രീകൾ ഞങ്ങളുടെ വിജയത്തിലും നമ്മുടെ ഭാവി രൂപപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു'-ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.

Tags:    
News Summary - VIDEO: 85% of employees in Sheikh Mohammed’s office are women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.