അബൂദബി: ഉയര്‍ന്ന അന്തരീക്ഷ താപനില തുടരുന്നതിനിടെ സുരക്ഷിത ഡ്രൈവിങ്ങിന് വാഹനം പതിവായി അറ്റകുറ്റപ്പണികള്‍ ചെയ്യണമെന്ന് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്കി അധികൃതര്‍.
ടയറുകള്‍ തേഞ്ഞുതീരുകയോ വിള്ളലുകള്‍ വീഴുകയോ കീറിപ്പോവുകയോ ചെയ്താല്‍ കൊടുംചൂടില്‍ ഇവ പൊട്ടിത്തെറിച്ച് വലിയ അപകടങ്ങള്‍ക്കു കാരണമായേക്കാമെന്നും അതിനാല്‍ ടയറുകള്‍ പരിശോധിക്കുന്നത് അനിവാര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ടയറുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി ലോറികളും കാറുകളും അടക്കമുള്ള വാഹനങ്ങള്‍ റോഡില്‍ തെന്നിമാറുകയും റോഡ് ബാരിയറിലേക്ക് ഇടിച്ചുകയറുകയും ചെയ്യുന്ന വിഡിയോകളും അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്. വാഹനങ്ങള്‍ക്ക് ഉചിതമായ ടയറുകളാവണം ഉപയോഗിക്കേണ്ടതെന്നും ഇവയുടെ വലുപ്പവും താങ്ങാന്‍ കഴിയുന്ന ഭാരവും താപനിലയും നിര്‍മാണ വര്‍ഷവുമൊക്കെ ഉറപ്പാക്കിയിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ഉപയോഗശൂന്യമായ ടയറുകള്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ 500 ദിര്‍ഹം പിഴയും നാല് ട്രാഫിക് പോയിന്റുകളും ചുമത്തുകയും വാഹനം ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.
വാഹനഉടമകള്‍
ശ്രദ്ധിക്കാന്‍:
1. കാറിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി ചെയ്യുക.
2.ടയറിലെ വായുമര്‍ദം കൃത്യമായിരിക്കുന്നതിന് ഉചിതമായ ടയര്‍ ആണോ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
3. വെയിലടിക്കുന്നിടത്താണ് വാഹനം നിര്ത്തിയിട്ടുള്ളതെങ്കില് പുറപ്പെടുന്നതിനായി സ്റ്റിയറിങ് തണുക്കുന്നതു വരെ കാത്തിരിക്കണം.
4. ഷോപ്പിങ്ങിനോ മറ്റാവശ്യങ്ങള്‍ക്കോ പോയാല്‍ ഒരു കാരണവശാലും കുട്ടികളെ കുറച്ചുസമയത്തേക്കുപോലും വാഹനത്തില്‍ തനിച്ചാക്കി പോവരുത്.
5. വാഹനം നിര്ത്തിപ്പോവുമ്പോള് ചില്ല് അല്പമെങ്കിലും താഴ്ത്തിവെച്ച് വാഹനത്തിനുള്ളിലെ വായുമര്‍ദം കുറക്കാന്‍ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.