ഗസ്സ സഹായവുമായി യു.എ.ഇയുടെ കപ്പൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്ത് എത്തിയപ്പോൾ
ദുബൈ: വെടിനിർത്തലിനെത്തുടർന്ന് സമാധാനം കൈവന്ന ഗസ്സയിലേക്ക് 5,800 ടൺ വസ്തുക്കളുമായി പുറപ്പെട്ട യു.എ.ഇ കപ്പൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തെത്തി. രാജ്യത്തുനിന്ന് പുറപ്പെടുന്ന ഏറ്റവും വലുതും ആറാമത്തെയും സഹായക്കപ്പലാണിത്. രാഷ്ട്ര മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് സംഭാവന ചെയ്ത സഹായ വസ്തുക്കൾ യു.എ.ഇയുടെ ഓപറേഷൻ ഗാലന്റ് നൈറ്റിന്റെ ഭാഗമായാണ് പുറപ്പെട്ടത്. ദുബൈ അൽ ഹംറിയ തുറമുഖത്തുനിന്ന് ഭക്ഷണം, മരുന്നുകൾ, നിരവധി ആംബുലൻസുകൾ എന്നിവയടക്കമുള്ള വസ്തുക്കളാണ് കപ്പലിൽ കയറ്റിയത്. ജനുവരി 20നാണ് കപ്പൽ പുറപ്പെട്ടത്.
അൽ ആരിഷ് തുറമുഖത്തെത്തിയ കപ്പലിനെ സഹമന്ത്രി ഡോ. മൈഥ ബിൻത് സാലിം അൽ ശംസി, എമിറേറ്റ്സ് റെഡ് ക്രസന്റ് സെക്രട്ടറി ജനറൽ റാശിദ് അൽ മൻസൂരി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. വരുംദിവസങ്ങളിൽ അൽ ആരിഷിൽനിന്ന് സഹായ വസ്തുക്കൾ ഗസ്സയിലെത്തിക്കും. യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ഗസ്സ നിവാസികൾക്ക് റമദാനിൽ ഈ സഹായം ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആരംഭിച്ച ഓപറേഷൻ ഗാലൻറ് നൈറ്റ്-മൂന്നിന്റെ ഭാഗമായി എമിറേറ്റ്സ് റെഡ് ക്രസൻറ്, യു.എ.ഇയിലെ മാനുഷിക, ചാരിറ്റബിൾ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സഹായങ്ങൾ എത്തിക്കുന്നത്.
500ൽ അധികം വിമാനങ്ങൾ, ആറുകപ്പലുകൾ, ഈജിപ്തിൽനിന്ന് ഗസ്സയിലേക്ക് സഹായം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന 2500 ലോറികൾ എന്നിവയാണ് 55,000 ടണ്ണിലധികം സഹായം എത്തിക്കാൻ ഇതിനകം ഉപയോഗിച്ചത്. ‘ബേഡ്സ് ഓഫ് ഗുഡ്നെസ് ഓപറേഷ’ന്റെ ഭാഗമായി പാരച്യൂട്ട് വഴി 3700 ടണ്ണിലധികം മാനുഷിക സഹായവും എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.