ദുബൈ: വെർട്ടിക്കൽ ടേക്ക് ഓഫും ലാൻഡിങ്ങും നടത്തുന്ന ഇലക്ട്രിക് ഹെലിടാക്സികൾക്കും ഹെലികോപ്ടറുകൾക്കും ഒരുപോലെ നിലവിലെ ഹെലിപ്പാഡുകൾ ഉപയോഗിക്കാൻ അനുമതി നൽകി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ). ഇതിനായുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ നിയമചട്ടക്കൂട് അതോറിറ്റി പുറത്തിറക്കി.
രാജ്യത്തെ നിലവിലെ വ്യോമയാന സംവിധാനങ്ങളിലേക്ക് അഡ്വാൻസ്ഡ് എയർ മൊബിലിറ്റി (എ.എ.എം) പരിഹാരങ്ങളെ സംയോജിപ്പിക്കുന്നതിൽ പുതിയ നിർദേശങ്ങൾ നിർണായകമാവും. അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവ് കുറഞ്ഞ മാതൃകയാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്.
കൂടാതെ പ്രവർത്തന സന്നദ്ധത ത്വരിതപ്പെടുത്തുകയും വിവിധ മേഖലകളിൽ ഉയർന്ന കാര്യക്ഷമതയും ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാത്ത പരിഹാരങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതിൽ യു.എ.ഇ സർക്കാറിന്റെ പ്രതിബദ്ധതയോട് ചേർന്നുനിൽക്കുന്നതാണ് പുതിയ നീക്കമെന്ന് ജി.സി.എ.എ വ്യക്തമാക്കി. കഴിഞ്ഞ മാസം അബൂദബിയിൽ എയർ ടാക്സികളുടെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ചിരുന്നു.
അബൂബദി ക്രൂസ് ടെർമിനലിലെ ഹെലിപ്പാഡിൽനിന്നാണ് എയർടാക്സികൾ ടേക്ക് ഓഫും ലാൻഡിങ്ങും നടത്തിയത്. അബൂദബിയിൽമാത്രം 70ലധികം ഹെലിപ്പാഡുകൾ ഉണ്ടെന്നും അത് എയർ ടാക്സി ഉപയോഗത്തിൽ വലിയ അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്നും പ്രമുഖ ഹെലിടാക്സി നിർമാതാക്കളായ ആർച്ചർ ഏവിയേഷൻ സി.സി.ഒ നിഖിൽ ഗോയൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.