ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ മഴ ലഭിച്ചു. കനത്ത ചുട് തുടരുന്നതിനിടെ ലഭിച്ച മഴയെ തുടർന്ന് രാജ്യത്താകമാനം താപനിലയിൽ കുറവ് രേഖപ്പെടുത്തി. ഖോർഫക്കാൻ, ദുദ്ന, ഫുജൈറയിലെ അൽ ഫുഖൈത് എന്നിവിടങ്ങളിലാണ് മഴ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അൽഐനിലെ റക്നയിലാണ്. ഇവിടെ വെള്ളിയാഴ്ച രാവിലെ 5.45ന് 16.6 ഡിഗ്രിയാണ് തണുപ്പ് രേഖപ്പെടുത്തിയത്. 42 ഡിഗ്രിയാണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ ചൂട്. അൽജസീറയിൽ ഉച്ച 2.30നാണ് ഈ ചൂട് രേഖപ്പെടുത്തിയത്. രാജ്യത്താകമാനം വെള്ളിയാഴ്ച ആകാശം മിക്കവാറും തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായിരുന്നു. ശനിയാഴ്ച രാവിലെയോടെ ഈർപ്പത്തിന്റെ അളവ് ഉയരുമെന്നും തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും അധികൃതർ പ്രവചിക്കുന്നുണ്ട്.
ശനിയാഴ്ചയും കിഴക്ക്, വടക്ക് പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഞായറാഴ്ച രാവിലെ വരെ രാത്രി മുഴുവൻ ഈർപ്പം നിലനിൽക്കും. ഇത് മൂലം ചില തീരദേശ, ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞിന് കാരണമാകും.
തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് വരെ മണിക്കൂറിൽ 40 കി.മീറ്റർ വരെ വേഗതയിൽ കാറ്റ് പ്രതീക്ഷിക്കാം. എന്നാൽ കടൽ താരതമ്യേന ശാന്തമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.വേനൽ മാസങ്ങളിൽ കനത്ത താപനിലക്ക് സാധ്യതയുള്ള രാജ്യത്ത്, സീസൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ സാധാരണയേക്കാൾ ഉയർന്ന താപനില ഈ വർഷം രേഖപ്പെടുത്തിയിരിന്നു. കഴിഞ്ഞ മാസം യു.എ.ഇയിലെ ഏറ്റവും ചൂടേറിയ മേയ് മാസ ചൂടാണ് രേഖപ്പെടുത്തിയത്.
2003ൽ താപനില രേഖപ്പെടുത്തുന്നത് ആരംഭിച്ചതിന് ശേഷം മേയ് മാസത്തിൽ അടയാളപ്പെടുത്തിയ ഏറ്റവും വലിയ ചൂടായിരുന്നു ഇത്. ജൂൺ തുടക്കത്തിലും പല ദിവസങ്ങളിലും 50 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതിന് അൽപം ആശ്വാസമായാണ് മഴ ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.