അബൂദബി: രോഗക്കിടക്കയിലായിരുന്ന പ്രിയപ്പെട്ടവൻ കടൽകടന്ന് അരികിലെത്തിയതിെൻറ ആഹ്ലാദത്തിലാണ് സിന്ധു. മീൻമുള്ള് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ആലപ്പുഴ കുട്ടനാട് എടത്വ പച്ചചെക്കടിക്കാട് കറുകച്ചേരിൽ മനോജ് മോഹൻ വീട്ടിൽ തിരിച്ചെത്തിയതിെൻറ ആശ്വാസത്തിലാണ് ഭാര്യ സിന്ധുവും കുടുംബാംഗങ്ങളും. അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ഒന്നര മാസത്തെ വിദഗ്ധ ചികിത്സക്കുശേഷമാണ് ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തോടെ മനോജ് വീട്ടിലെത്തിയത്. ആശുപത്രിയിൽ നിന്ന് നേരെ വിമാനത്താവളത്തിലേക്ക് യാത്രയാവുകയായിരുന്നു.
മീൻമുള്ള് തൊണ്ടയിൽ കുടുങ്ങിയ ശേഷം സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയക്ക് ശേഷമാണ് മനോജ് ഗുരുതരാവസ്ഥയിലായത്. ശരീരത്തിെൻറ ഇടതുഭാഗം തളർന്ന് ശ്വാസതടസ്സമുണ്ടാക്കുംവിധം തലച്ചോറിലേക്കുവരെ നീർക്കെട്ടും പഴുപ്പുമായി അത്യാസന്ന നിലയിലായാണ് മനോജ് ഏപ്രിൽ 27ന് ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെത്തിയത്. അബൂദബിയിൽ നിന്ന് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെട്ട വിമാനത്തിൽ രാത്രി 10.30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ ഭാര്യയും അമ്മാവെൻറ മകൻ വിഷ്ണുവും ആംബുലൻസുമായി എത്തിയിരുന്നു.
പുലർച്ച രണ്ടിനാണ് ആലപ്പുഴ എടത്വ ചക്കുളത്തു കാവിലെ അമ്മാവൻ പവിത്രെൻറ വീട്ടിലെത്തിയത്. ഇനി 14 ദിവസത്തെ ക്വാറൻറീൻ. ഭാര്യ സിന്ധു, അമ്മായി സോളി, അവരുടെ മകൻ വിഷ്ണു എന്നിവർ ഈ വീട്ടിലുണ്ടാകും. ക്വാറൻറീൻ കഴിഞ്ഞാവും അമ്മയെയും മക്കളെയും മറ്റു ബന്ധുക്കളെയും കാണുക. ഫിസിയോ തെറപ്പി ഉൾപ്പെടെയുള്ള തുടർ ചികിത്സയും ഇതിനുശേഷം ആരംഭിക്കും. അബൂദബി യൂനിയൻ പൈപ്പ് ഇൻഡസ്ട്രീസ് കമ്പനിയിലെ വെൽഡറായ മനോജിനെ നാട്ടിലെത്തിക്കാൻ പരിശ്രമിച്ചത് സഹ പ്രവർത്തകൻ അഭിലാഷ് ചാക്കോയും ബന്ധുവായ ദിലീപുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.