ദുബൈ: ഞങ്ങൾക്കും പിടിപെട്ടിട്ടുണ്ടാകുമോ? ഞങ്ങൾക്ക് എവിടെയെങ്കിലും നേരിൽ ചെന്ന് പരിശോധിക്കാൻ കഴിയുമോ?? കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തുവെന്ന് പറയപ്പെടുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ, പ്രത്യേകിച്ച് കൂടുതൽ ഒരു മുറിയിൽ താമസിക്കുന്നവരുടെ ഏറ്റവും വലിയ ആശങ്കയാണത്. ഇന്നലെ രാവിലെ ആ മനുഷ്യർക്ക് ആശ്വാസം പകർന്ന് ഒരു പറ്റം ആരോഗ്യ പ്രവർത്തകർ അവരുടെ വീട്ടുപടിക്കലെത്തി. ദുബൈ നാഇഫ് റോഡിലെ അഞ്ച് അപാർട്മെൻറ് കോംപ്ലക്സുകളിലായി കഴിയുന്ന 400ലേറെ പേരുടെ കോവിഡ് പരിശോധനയും നടത്തി.
ആസ്റ്റർ ഹോസ്പിറ്റലിൽ നിന്നുള്ള ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, പാരാമെഡിക്കുകൾ എന്നിവരുൾക്കൊള്ളുന്ന സംഘമാണ് ദുബൈ ആരോഗ്യ അതോറിറ്റി, ദുബൈ പൊലീസ് എന്നിവരുടെ സഹകരണത്തോടെ ഇൗ യജ്ഞം നടപ്പാക്കിയത്. നാൽപതിലേറെ ആരോഗ്യ പ്രവർത്തകരാണ് അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തിയതെന്ന് നേതൃത്വം നൽകിയ ആസ്റ്റർ ക്ലിനിക് ആൻറ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. ജോബിലാൽ വാവച്ചൻ പറഞ്ഞു. അപാർട്മെൻറുകളുടെ റിസപ്ഷനിലാണ് പരിശോധനാ സൗകര്യം സജജമാക്കിയത്. ഇവിടുത്തെ താമസക്കാർ ഒന്നൊന്നായി വന്ന് പരിശോധനക്ക് വിധേയരാവുകയായിരുന്നു.
ഒാരോരുത്തരുടെയും കഴിഞ്ഞ ദിവസങ്ങളിലെ യാത്രാ വിവരങ്ങൾ, സമ്പർക്കം തുടങ്ങിയവ ചോദിച്ചറിയുകയും താപ പരിശോധന നടത്തുകയും ചെയ്ത ശേഷമാണ് ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചത്. ഇൗ സാമ്പിളുകൾ സർക്കാറിെൻറ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. അവയുടെ ഫലം വരും വരെ മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ കഴിയുവാൻ താമസക്കാരോട് നിർദേശിച്ചു. എന്നാൽ കടുത്ത പനിയും മറ്റു ലക്ഷണങ്ങളും ഉള്ളവരെ സജ്ജമാക്കി നിർത്തിയ ആംബുലൻസുകളിൽ കയറ്റി െഎസൊലേഷൻ വാർഡുകളിലേക്ക് കൊണ്ടുപോയി. ഇവരുടെ റിസൽട്ട് നെഗറ്റീവ് ആണെങ്കിൽ വീട്ടിൽ സമ്പർക്ക വിലക്കോടെ കഴിയുവാൻ തിരിച്ചയക്കും. അല്ലാത്ത പക്ഷം കോവിഡ് ചികിത്സ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.