ദുബൈ: സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ പിഴ കൊണ്ട് കുടുങ്ങുമെന്നതു പോലെ ശ്രദ്ധിച്ച് വാഹനമോടിക്കുന്നവരെ ഉഗ്രൻ സമ്മാനങ്ങളും കാത്തിരിക്കുന്നു. കഴിഞ്ഞ വർഷം അപകടങ്ങളൊന്നും വരുത്താതെ, ഗതാഗത നിയമങ്ങൾ തെറ്റിക്കാതെ വാഹനമോടിച്ച 2000 മികച്ച ഡ്രൈവർമാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേർക്ക് പുതുപുത്തൻ കാറുകളാണ് സമ്മാനം നൽകിയത്. ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി, ഉപ മേധാവി മേജർ ജനറൽ സൈഫ് അൽ സഫീൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.
അൽ ഹബ്തൂർ ഗ്രൂപ്പ് മേധാവി ഖലഫ് അൽ ഹബ്തൂറും സംബന്ധിച്ചു. ആർ.ടി.എയിൽ ജോലി ചെയ്യുന്ന ബിലാൽ ആതിഖ്, ദുബൈ വിമാനത്താവളത്തിലെ സാറ ജുമ്അ ഉസ്മാൻ എന്നിവർക്കാണ് ഹ്യുണ്ടായി കാർ സമ്മാനമായി നൽകിയത്.സാലിക്, പാർക്കിംഗ് ഫൈനുകൾ പോലും വരുത്താത്ത, കഴിഞ്ഞ വർഷം24 വൈറ്റ് പോയൻറുകൾ നേടിയ 2000 പേരിൽ 500 പേർ യു.എ.ഇ സ്വദേശികളാണ്.
റോഡപകടങ്ങൾ വരുത്തിയതിൽ ഇമറാത്തികൾക്ക് പിന്നാലെ ഇന്ത്യക്കാരെങ്കിൽ സൂക്ഷിച്ച് വാഹനമോടിക്കുന്ന ശീലത്തിലും നമ്മൾ പിന്നിലല്ല.315 ഇന്ത്യക്കാരാണ് ഇൗ പട്ടികയിലുൾപ്പെട്ടത്. 150 ബ്രിട്ടീഷുകാരും147 ഇൗജിപ്തുകാരുമുണ്ട്.
വാഹനയാത്രികരെ ഗതാഗത നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുന്ന ഇൗ ഉദ്യമം വാഹനാപകടങ്ങൾ കുറക്കാനും സന്തോഷവും മാനസിക ഉൗർജവും വർധിപ്പിക്കാനും സഹായകമാകുമെന്ന് മേജർ ജനറൽ അൽ മറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.