യു.എ.ഇയിൽ 50 ശതമാനം സർക്കാർ സേവനങ്ങളും എ.ഐയിലേക്ക്​

ദുബൈ: അടുത്ത രണ്ട്​ വർഷത്തിനുള്ളിൽ രാജ്യത്തെ സർക്കാർ മേഖലകളുടെയും സേവന പ്രവർത്തനങ്ങളുടെയും 50 ശതമാനവും നിർമിത ബുദ്ധി (എ.ഐ) പിന്തുണയോടെയുള്ള സ്വയം നിയന്ത്രണ സംവിധാനങ്ങളിലേക്ക്​ മാറും. പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നിർദേശത്തിന്​ കീഴിലാണ്​ അതിനൂതന​ പദ്ധതി നടപ്പിലാക്കുന്നതെന്ന്​ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ചു.

ആഗോള തലത്തിൽ ആദ്യമായി സർക്കാർ സംവിധാനങ്ങളിൽ ‘ഏജന്‍റിക്​ എ​.ഐ’ നടപ്പിലാക്കുന്ന രാജ്യമായി യു.എ.ഇയെ മാറ്റുകയാണ്​ ലക്ഷ്യമെന്ന്​ ശൈഖ്​ മുഹമ്മദ്​ എക്സ്​ എകൗണ്ടിൽ വ്യക്​തമാക്കി. സർക്കാറിന്‍റെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള ജോലികൾ സ്വതന്ത്രമായി നിർവഹിക്കാനും വിവിധ നടപടികൾ കൈകാര്യം ചെയ്യാനും തീരുമാനമെടുക്കലിനെ പിന്തുണക്കാനും കഴിയുന്ന നൂതനമായ സാ​ങ്കേതിക മാതൃകയാണ്​​ ‘ഏജന്‍റിക്​ എ.ഐ’. മനുഷ്യന്‍റെ ഇടപെടൽ ഇല്ലാ​തെ മാറ്റങ്ങൾ നിരീക്ഷിക്കാനും വിശകലനങ്ങൾ നടത്താനും ശിപാർശക നൽകാനും പ്രവർത്തനങ്ങളുടെ ക്രമം നിശ്ചയിക്കാനും ‘ഏജന്‍റിക്​ എ.ഐ’ സംവിധാനത്തിന്​ സാധിക്കും.

വെറുമൊരു എ.ഐ ടൂൾ എന്നതിലുപരി സർക്കാറിന്‍റെ എക്സിക്യുട്ടീവ്​ പങ്കാളിയെന്ന നിലയിലാണ്​ പുതിയ സാ​ങ്കേതിക വിദ്യ പ്രവർത്തിക്കുക. ഇത്​ സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും സേവനങ്ങൾ മെച്ചപ്പെടുത്തുകയും തത്സമയ വിലയിരുത്തലുകളും പരിഹാര മാർഗങ്ങൾ സാധ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ.ഐയിലെ വൈദഗ്​ധ്യം വികസിപ്പിക്കുന്നതിനായി സർക്കാർ ജീവനക്കാർക്ക്​ പ്രത്യേക പരിശീലനം നൽകും. യു.എ.ഇ വൈസ്​ പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ മേൽനോട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

പദ്ധതിയുടെ നിർവഹണത്തിനും തുടർനപടികൾക്കും മേൽനോട്ടം നൽകാൻ കാബിനറ്റ്​ അഫേഴ്​സ്​ മന്ത്രി മുഹമ്മദ്​ അൽ ഗർഗാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടാക്സ്​ ഫോഴ്​സ്​ രൂപവത്​രിക്കും. ‘ആഗോള സാ​ങ്കേതിക രംഗത്തെ ദ്രുതഗതിയിലുള്ള മാറ്റത്തിന്‍റെ പ്രതിഫലനമാണ്​ പുതിയ സംരംഭം. സർക്കാറിന്‍റെ മുൻഗണനയിൽ കേന്ദ്രബിന്ദുവായി ജനങ്ങൾ തുടരും. ഓരോ വ്യക്​തികഹക്കും അവരുടെ സാധ്യതകൾ തിരിച്ചറിയാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ്​ പദ്ധതിയുടെ ലക്ഷ്യം’- ശൈഖ്​ മുഹമ്മദ്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - UAE to transition 50% of government services to AI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.