പുതിയ ഈന്തപ്പന ഇനങ്ങൾ ശാസ്ത്രീയമായി രേഖപ്പെടുത്താൻ യു.എ.ഇ; പദ്ധതി ലിവ ഈന്തപ്പഴ മേളയിൽ പ്രഖ്യാപിച്ചു

അബൂദബി: കാലാവസ്ഥ വ്യതിയാനം, കീടങ്ങള്‍, രോഗങ്ങള്‍ എന്നിവയില്‍നിന്ന് കാര്‍ഷിക ജനിതക വിഭവങ്ങളെ സംരക്ഷിക്കാനായി പുതിയ ഈന്തപ്പന ഇനങ്ങള്‍ ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനും തരംതിരിക്കുന്നതിനുമുള്ള ബൃഹത്തായ പദ്ധതിയുമായി അബൂദബി ഹെറിറ്റേജ് അതോറിറ്റി.

യു.എ.ഇയുടെ പരമ്പരാഗത കാര്‍ഷിക പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 22ാമത് ലിവ ഈന്തപ്പഴ മേളയിലാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിവരശേഖരണത്തിനപ്പുറം പുതുതായി വികസിപ്പിച്ചതും അപൂര്‍വവുമായ ഈന്തപ്പന ഇനങ്ങളെ തിരിച്ചറിയാനും ശാസ്ത്രീയമായി തരംതിരിക്കാനും ഇതിലൂടെ സാധിക്കും. ജനിതക വൈവിധ്യം സംരക്ഷിക്കുക, കാര്‍ഷിക ഗവേഷണങ്ങളെ പിന്തുണക്കുക, സുസ്ഥിര ഈന്തപ്പഴ കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഈ മേഖലയുടെ ഭാവി സുരക്ഷിതമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

യു.എ.ഇയുടെ സാംസ്‌കാരിക സ്വത്വത്തിന്റെ പ്രതീകമായ ഈന്തപ്പന കൃഷിക്ക് ഭരണനേതൃത്വം നല്‍കുന്ന പിന്തുണയുടെ പ്രതിഫലനമാണ് ഈ സംരംഭമെന്ന് അബൂദബി ഹെറിറ്റേജ് അതോറിറ്റി ചെയര്‍മാന്‍ ഫാരിസ് ഖലഫ് അല്‍ മസ്‌റൂഇ പറഞ്ഞു. കര്‍ഷകരുടെ കണ്ടുപിടിത്തങ്ങളെ അംഗീകരിക്കുന്നതിനൊപ്പം പുതിയ ഇനങ്ങളെ തിരിച്ചറിയാനും പേരിടാനും സാക്ഷ്യപ്പെടുത്താനുമുള്ള വ്യക്തമായ നടപടിക്രമങ്ങളാണ് ഒരുക്കുന്നതെന്ന് അതോറിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല മുബാറക് അല്‍ മുഹൈരി വ്യക്തമാക്കി.

കര്‍ഷകര്‍ക്ക് 'ഫലക് അല്‍ നാമൂസ്' ആപ്ലിക്കേഷന്‍ വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. അപേക്ഷകര്‍ ഫോട്ടോകളും അനുബന്ധ രേഖകളും ആപ്പില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് സാങ്കേതിക വിലയിരുത്തലിനും കൃഷിയിടങ്ങളിലെ നേരിട്ടുള്ള പരിശോധനകള്‍ക്കും ശേഷമായിരിക്കും പുതിയ ഇനങ്ങള്‍ക്ക് അംഗീകാരം നല്‍കി ദേശീയ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തുക.

പൂര്‍ണമായും പുതിയതും മുമ്പ് രേഖപ്പെടുത്താത്തതുമായ ഇനങ്ങളായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്. മികച്ച ഗുണമേന്മ, രുചി, ബാഹ്യരൂപം എന്നിവയും വ്യത്യസ്ത കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയും വാണിജ്യ സാധ്യതയും ഇവക്കുണ്ടായിരിക്കണം. ഈന്തപ്പന കൃഷി, ടിഷ്യൂ കള്‍ച്ചര്‍, ജനിതക പരിശോധന എന്നീ മേഖലകളിലെ വിദഗ്ധരടങ്ങുന്ന സമിതിയാണ് സാങ്കേതിക പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുകയെന്ന് റുതബ് ബ്യൂട്ടി കോമ്പറ്റീഷന്‍ ഡയറക്ടര്‍ മുബാറക് അല്‍ ഖസൈലി പറഞ്ഞു.

Tags:    
News Summary - UAE to scientifically document new date palm varieties; project announced at Liva Date Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.