ബുധനാഴ്ച പെയ്ത കനത്ത മഴയിൽ ഫുജൈറയിലെ റോഡരികിലുള്ള നടപ്പാതകളിൽ വെള്ളം കവിഞ്ഞൊഴുകിയപ്പോൾ
ദുബൈ: കടുത്ത വേനൽച്ചൂടിനിടെ ബുധനാഴ്ച രാജ്യത്ത് ഈ വർഷത്തെ ഉയർന്ന താപനിലയായ 51.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. യു.എ.ഇ സമയം ഉച്ചയ്ക്ക് 12.45ന് അൽ ദഫ്റയിലെ ബുദു ദാഫ്സിലാണ് രാജ്യത്തുടനീളമുള്ള ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. നേരത്തെ ആഗസ്റ്റ് ഒന്നിന് അബൂദബിയിലെ അൽ ഷവാമെഖിൽ താപനില 50 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു.
കടുത്ത ചൂടിന്‍റെ ഘട്ടമായ ‘ജംറത്ത് അൽ ഖൈത്’ ആഗസ്റ്റ് 10 വരെ തുടരുമെങ്കിലും, യു.എ.ഇയിലെ വേനലിന്റെ ഏറ്റവും കഠിനമായ ദിവസങ്ങൾ അവസാനത്തിലേക്ക് അടുക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ആകാശത്ത് ‘അൽ മിർസാം’ നക്ഷത്രം ഉദിച്ചുയർന്നത് കടുത്ത വേനൽച്ചൂടിന്റെ അവസാന ഘട്ടത്തെയും കാലാവസ്ഥാ മാറ്റത്തിന്റെ തുടക്കത്തെയുമാണ് സൂചിപ്പിക്കുന്നതെന്ന് ജ്യോതിശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
ആഗസ്റ്റ് ഏഴു വരെ രാജ്യത്ത് മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ള അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് എൻ.സി.എം അറിയിച്ചു. ഇതിന്റെ ഫലമായി കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.അനുയോജ്യമായ മഴമേഘങ്ങൾ രൂപപ്പെടുന്ന സമയങ്ങളിലൊക്കെ ക്ലൗഡ് സീഡിങ് വിമാനങ്ങൾ ഉപയോഗിച്ച് മഴ പെയ്യിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി എൻ.സി.എം അധികൃതർ വ്യക്തമാക്കി. ഉപരിതല ചൂടുകാരണം മഴമേഘങ്ങൾ രൂപപ്പെടുമെങ്കിലും ചൂട് കൊണ്ട് മാത്രം മഴ പെയ്യണമെന്നില്ല. അന്തരീക്ഷത്തിലെ ഈർപ്പം, വായുപ്രവാഹം, കാറ്റിന്റെ ഗതി എന്നിവ അനുകൂലമായാൽ താപനില 50 ഡിഗ്രിയിൽ നിൽക്കുമ്പോഴും ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
ബുധനാഴ്ച ഫുജൈറയിലെ വിവിധ പ്രദേശങ്ങളിൽ പെയ്ത ശക്തമായ മഴയുടെയും അതിനെ തുടർന്ന് രൂപപ്പെട്ട മലവെള്ളപ്പാച്ചിലിന്‍റെയും ദൃശ്യങ്ങൾ പ്രമുഖ കാലാവസ്ഥാ നിരീക്ഷണ ചാനലായ ‘സ്റ്റോം സെന്‍റർ’ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.