അന്തരിച്ച ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ മയ്യിത്ത് നമസ്കാരം ദുബൈയിലെ സആബീൽ ഗ്രാൻഡ് മസ്​ജിദിൽ നടന്നപ്പോൾ

ദുബൈ: അന്തരിച്ച ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്​ യു.എ.ഇ ഹൃദയവ്യഥയോടെ വിടചൊല്ലി. ദുബൈയിലെ സആബീൽ ഗ്രാൻഡ് മോസ്കിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന്​ നൂറുകണക്കിനാളുകളുകൾ സന്നിഹിതരായിരുന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും മറ്റ് പ്രമുഖരും രാജകുടുംബാംഗങ്ങളും ഉൾപ്പെടെ വൻ ജനാവലി പ്രാർഥനകളിൽ പങ്കെടുത്തു.

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുൾപ്പെടെയുള്ള പ്രമുഖരും ഭരണാധികാരികളും ചടങ്ങിൽ പങ്കെടുത്തു. നമസ്കാരത്തിന് ശേഷം മയ്യിത്ത്​ ഉമ്മു ഹുറൈർ ഖബറിസ്ഥാനിൽ ഖബറടക്കി.

ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ ഖബറടക്ക ചടങ്ങുകളിൽനിന്ന്​

ദുബൈ പൊലീസിന്‍റെയും പബ്ലിക് സർവീസിന്‍റെയും ഡെപ്യൂട്ടി ചെയർമാനും അൽ വസൽ സ്പോർട്സ് ക്ലബ് പ്രസിഡന്‍റുമായിരുന്നു ശൈഖ്​ അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ സഹോദരനാണ് അദ്ദേഹം. മുൻ ഉപരാഷ്ട്രപതിയും ദുബൈ മുൻ ഭരണാധികാരിയുമായിരുന്ന പരേതനായ ശൈഖ്​ റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്‍റെ നാലാമത്തെയും ഇളയതുമായ മകനാണ്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു ശൈഖ്​ അഹമ്മദിന്‍റെ വിയോഗം. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്, ശൈഖ് മക്തൂം ബിൻ മുഹമ്മദ് എന്നിവരാണ് പരേതന്‍റെ മയ്യിത്ത്​ പള്ളിയിലേക്ക് ചുമലിലേറ്റിയത്. രാജകുടുംബാംഗങ്ങൾക്കും വിശിഷ്ട വ്യക്തികൾക്കും നൽകുന്ന ആദരവിന്‍റെ ഭാഗമായി യു.എ.ഇ ദേശീയ പതാക പുതപ്പിച്ചാണ് ഭൗതികശരീരം എത്തിച്ചത്.

പരേതനോടുള്ള ആദരസൂചകമായി സആബീൽ മജ്‌ലിസിൽ മൂന്ന് ദിവസത്തേക്ക് അനുശോചനങ്ങൾ സ്വീകരിക്കും. ചൊവ്വാഴ്ച വൈകുന്നേരം നാലുമണി മുതൽ മഗ്‌രിബ് നമസ്കാരം വരെ അനുശോചനങ്ങൾ സ്വീകരിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ളുഹർ നമസ്കാരം വരെയും, അസർ നമസ്കാരത്തിന് ശേഷം മഗ്‌രിബ് വരെയുമാണ് അനുശോചനം അറിയിക്കാനുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്. ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ വേർപാടിൽ ദുബൈ എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ എമിറേറ്റിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

യു.എ.ഇയുടെ രൂപീകരണ കാലം മുതൽ രാജ്യത്തിന്‍റെ പുരോഗതിയിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. രാജ്യസേവനം, സൈനിക നേതൃത്വം, കായിക രംഗം തുടങ്ങി വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനമായിരുന്നു ശൈഖ്​ അഹമ്മദിന്‍റേത്​. ദുബൈയുടെയും യു.എ.ഇയുടെയും ചരിത്രത്തിൽ വ്യതിരിക്​തമായ സംഭാവനകളർപ്പിച്ചാണ്​ അദ്ദേഹം ജീവിതത്തോട്​​ വിടപറഞ്ഞത്​. 

Tags:    
News Summary - The country bids farewell to Sheikh Ahmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.