കുറ്റകൃത്യ പ്രതിരോധം: അഞ്ച് വര്‍ഷത്തെ റോഡ്മാപ്പ് വരുന്നൂ, ‘അബൂദബി പ്രഖ്യാപനം’
അബൂദബി: കുറ്റകൃത്യങ്ങള്‍ തടയാനും ക്രിമിനല്‍ നീതിന്യായ രംഗത്ത് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനുമായി അഞ്ചുവര്‍ഷത്തെ സമഗ്ര റോഡ്മാപ്പുമായി അബൂദബി. ‘അബൂദബി പ്രഖ്യാപനം’ എന്നാണ് 18 ആര്‍ട്ടിക്കിളുകളിലായി 67 സുപ്രധാന പദ്ധതികള്‍ ഉള്ള റോഡ്മാപ്പിന് നല്‍കിയിരിക്കുന്ന പേര്. അബൂദബിയില്‍ സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 15-ാമത് കുറ്റകൃത്യ പ്രതിരോധ, ക്രിമിനല്‍ ജസ്റ്റിസ് കോണ്‍ഗ്രസിലാണ് ഔദ്യോഗികമായി ഇത് പ്രഖ്യാപിക്കുക. 97ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസില്‍ ഇതിനകം 32ല്‍ അധികം ജസ്റ്റിസ്, ആഭ്യന്തര മന്ത്രിമാര്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കുറ്റകൃത്യ പ്രതിരോധവും പ്രതിരോധശേഷിയും, നീതിയും നിയമവാഴ്ചയും, നൂതന സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട വളര്‍ന്നുവരുന്ന ഭീഷണികള്‍, നവീകരണവും സഹകരണവും എന്നീ നാല് പ്രധാന മേഖലകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ നീതിന്യായ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ-നിയമകാര്യ അസി. അണ്ടര്‍സെക്രട്ടറി അബ്ദുറഹ്‌മാന്‍ മുറാദ് അല്‍ ബലൂശിയാണ് പ്രഖ്യാപനത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. സംഘടിത കുറ്റകൃത്യങ്ങള്‍, അഴിമതി, മനുഷ്യക്കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍, ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നിവക്ക് റോഡ്മാപ്പ് പരിഹാരം കാണും. കൂടാതെ, കുറ്റകൃത്യങ്ങളിലൂടെ നഷ്ടപ്പെട്ട ആസ്തികള്‍ വീണ്ടെടുക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. വരുംവര്‍ഷങ്ങളില്‍ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനുള്ള ശക്തമായ ചട്ടക്കൂട് ഈ പ്രഖ്യാപനം രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം ഓഫിസ് (യു.എന്‍.ഒ.ഡി.സി) ഗള്‍ഫ് മേഖലാ പ്രതിനിധി ജഡ്ജി ഹാതിം ഫൗദ് അലി വ്യക്തമാക്കി.
സമൂഹത്തിന്‍റെ പങ്കാളിത്തവും യുവാക്കളുടെ സാന്നിധ്യവും
കുറ്റകൃത്യ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍, സ്ത്രീകള്‍, സ്വകാര്യ മേഖല എന്നിവരുള്‍പ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തത്തിന് കോണ്‍ഗ്രസ് പ്രത്യേക മുന്‍ഗണന നല്‍കും. നയരൂപീകരണ ചര്‍ച്ചകളിലും അബൂദബി പ്രഖ്യാപന രൂപീകരണത്തിലും യുവാക്കള്‍ക്ക് അവസരം നല്‍കിക്കൊണ്ട് കോണ്‍ഗ്രസിന് മുന്നോടിയായി യൂത്ത് ഫോറം നടക്കുമെന്ന് ജഡ്ജി ഹാതിം ഫൗദ് അലി പറഞ്ഞു. ജനറല്‍ വിമന്‍സ് യൂനിയനുമായി സഹകരിച്ച് നടത്തുന്ന വനിതാ സംഗമം നയരൂപീകരണത്തിലും നടപ്പാക്കലിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. സംഘടിത കുറ്റകൃത്യങ്ങള്‍, ഭീകരവാദം തുടങ്ങിയ ഭീഷണികളെ നേരിടുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്ക് പ്രത്യേക സെഷനില്‍ ചര്‍ച്ച ചെയ്യും.
സാങ്കേതികവിദ്യയും നിര്‍മിത ബുദ്ധിയും ഉപയോഗിച്ചുള്ള പുതിയ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിലും, കോണ്‍ഗ്രസിന്‍റെ ശുപാര്‍ശകളും റോഡ്മാപ്പും ജനങ്ങളിലേക്ക് എത്തിക്കുന്നതിലും മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എ.ഇയുടെ ആഗോള പ്രതിബദ്ധത
ലോകമെമ്പാടും, പ്രത്യേകിച്ചും ഈ മേഖലയില്‍ നിരവധി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന നിര്‍ണായക സാഹചര്യത്തിലും ലോക രാജ്യങ്ങള്‍ക്ക് സുരക്ഷിതമായി ഒത്തുകൂടാനുള്ള വേദിയൊരുക്കാന്‍ യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് ജഡ്ജി ഹാതിം ഫൗദ് അലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംഘടിത കുറ്റകൃത്യങ്ങള്‍, ഭീകരവാദം എന്നിവയെ നേരിടുന്നതിലും കുറ്റകൃത്യ പ്രതിരോധത്തില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലും രാജ്യങ്ങള്‍ക്ക് യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കാന്‍ ഈ കോണ്‍ഗ്രസ് അവസരമൊരുക്കും.
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുക, ബഹുമുഖ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുക, പൊതുവായ വെല്ലുവിളികളെ നേരിടാന്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് യു.എ.ഇയുടെ നയമെന്ന് നീതിന്യായ മന്ത്രി അബ്ദുല്ല സുല്‍ത്താന്‍ ബിന്‍ അവദ് അല്‍ നുഐമി വ്യക്തമാക്കി.
മനുഷ്യന്‍റെ സുരക്ഷ, സാമൂഹിക സ്ഥിരത, നിയമവാഴ്ച എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരുകളെയും അന്താരാഷ്ട്ര സംഘടനകളെയും നയരൂപീകരണ വിദഗ്ധരെയും ഒരേ വേദിയിലെത്തിക്കാനുള്ള യു.എ.ഇയുടെ കഴിവിലുള്ള അന്താരാഷ്ട്ര വിശ്വാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.