എ.കെ.എം.ജി എമിറേറ്റ്സും, ദുബൈ ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി നടപ്പാക്കുന്ന
‘ക്ലിയർ’ കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽനിന്ന്
എ.കെ.എം.ജി-കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ‘ക്ലിയർ’ കാമ്പയിന് തുടക്കമായി
ദുബൈ: അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ആൻഡ് ഡെൻറൽ ഗ്രാജുവേറ്റ്സ് - എ.കെ.എം.ജി എമിറേറ്റ്സും, ദുബൈ ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായി നടപ്പാക്കുന്ന ‘ക്ലിയർ’ കാമ്പയിൻ (കമ്യൂണിറ്റി ലേണിങ് ഓൺ ആൽക്കഹോൾ റിസ്ക്സ്) എന്ന ആരോഗ്യ സമൂഹാധിഷ്ഠിത ബോധവത്ക്കരണ പദ്ധതിക്ക് തുടക്കമായി. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ മദ്യത്തിന്‍റെ ദോഷകരമായ ഉപയോഗം കുറക്കുകയും ആരോഗ്യകരമായ ജീവിതത്തിനായി അവരെ പിന്തുണക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
എ.കെ.എം.ജി എമിറേറ്റ്സ് പ്രസിഡന്‍റ് ഡോ. സുഗു മലയിൽ കോശി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. വിഷ്ണു വർധൻ റെഡ്ഡി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. നിത സലാം, ഡോ. ഫിറോസ് ഗഫൂർ, ഡോ. പങ്കജം ഇന്ദ്രജിത് ഡോ. നിർമല രഘുനാഥൻ, ഡോ. നയീം മൊയ്തീൻ എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ ജമാലുദ്ദീൻ അബൂബക്കർ, ആരിഫ് കണ്ടോത്ത്, ഫാത്തിമ ഫയസ്, ശ്രീകുമാർ നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നിലവിൽ പുരോഗമിക്കുന്ന വേനൽക്കാല ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായി നേതൃത്വം നൽകിയ ഡോ. അർച്ചന നായർ, ഡോ. മിനി ജോൺ പനമ്പള്ളി, ഡോ. വിനീത് സക്കറിയ, ഡോ. സബീന അലി, ഡോ. എലിസബത്ത് കുര്യൻ, ഡോ. സോണിയ ശശിധരൻ, ഡോ. പ്രേമ ഏബ്രഹാം, ഡോ. ഫാത്തിമ ഫയസ് എന്നിവരെ കോൺസുൽ ജനറൽ അനുമോദിച്ചു.
എ.കെ.എം.ജി യുടെ സമൂഹാധിഷ്ഠിത പ്രവർത്തനങ്ങളെ കോൺസുൽ ജനറൽ അഭിനന്ദിക്കുകയും ഇത്തരം ആരോഗ്യ-സാമൂഹിക പ്രവർത്തനങ്ങൾക്ക് കോൺസുലേറ്റിന്‍റെ ഭാഗത്തുനിന്നുള്ള പിന്തുണയും സഹകരണവും ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് ‘സെന്തമിഴ് സന്ധ്യ’ എന്ന പേരിലുള്ള ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും കലാസന്ധ്യ സംഘടിപ്പിച്ചു. വിവിധ ലേബർ ക്യാമ്പുകളിൽ എം.കെ.എം.ജി ഡോക്ടർമാർ, ആരോഗ്യപ്രവർത്തകരുടെയും, സാമൂഹിക സംഘടനകളുടെയും സഹകരണത്തിൽ മദ്യവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.