ഭക്ഷ്യസുരക്ഷയിൽ അറബ് ലോകത്ത് ഒന്നാമത് യു.എ.ഇ

ദുബൈ: ലോകം ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച് ആശങ്കപ്പെടുന്ന പശ്ചാത്തലത്തിൽ പുറത്തുവന്ന ഭക്ഷ്യസുരക്ഷ സൂചികയിൽ യു.എ.ഇക്ക് നേട്ടം. അറബ് ലോകത്ത് മികച്ച ഭക്ഷ്യസുരക്ഷ നിലനിൽക്കുന്ന രാജ്യമായാണ് സൂചികയിൽ യു.എ.ഇ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തിലെ റാങ്കിങ്ങിൽ 19ാം സ്ഥാനവും ഇമാറാത്തിനാണ്. 'ഡീപ് നോളജ് അനലിറ്റിക്‌സ്' ബുധനാഴ്ച പുറത്തിറക്കിയ ആഗോള ഭക്ഷ്യ സുരക്ഷ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. റിപ്പോർട്ടിൽ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് മേഖലയിൽനിന്ന് സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നിവ മാത്രമാണുള്ളത്.

റഷ്യയുടെ യുക്രെയ്ൻ യുദ്ധം ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷയെ അപകടപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സബ് സഹാറൻ ആഫ്രിക്ക, പശ്ചിമേഷ്യ, വടക്കനാഫ്രിക്ക, ലാറ്റിനമേരിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ അളവ് ഈ വർഷാവസാനത്തോടെ രൂക്ഷമാകുമെന്നും ഇതിൽ പറയുന്നു. സാമ്പത്തികമായി ശക്തമായ രാജ്യങ്ങളാണ് സൂചികയിൽ മുന്നിലുള്ളത്. പട്ടികയിൽ യു.എസ് 10ൽ 7.9പേയൻറുകൾ നേടി ഒന്നാമതെത്തി. ഭക്ഷ്യസുരക്ഷയുള്ള വികസിത രാജ്യങ്ങൾ പട്ടിണി നേരിടേണ്ടിവരില്ലെങ്കിലും ചില ഭക്ഷ്യ ഉൽപന്നങ്ങളുടെ കുറവും ഉയർന്ന പണപ്പെരുപ്പവും അനുഭവിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

അവികസിതമായ രാജ്യങ്ങളിൽ ശക്തമായ ഇടപെടലുണ്ടായില്ലെങ്കിൽ പട്ടിണി ശക്തമാകുമെന്നും ജീവകാരുണ്യപരമായ നടപടികൾ ഇവിടങ്ങളിലുണ്ടാകണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു രാജ്യം കൂടുതൽ വികസിക്കുമ്പോൾ, അതിന്‍റെ പൗരന്മാർ ഭക്ഷണത്തിനായി ചെലവഴിക്കുന്ന വരുമാനം കുറവാണെന്നും ഏറ്റവും ദുർബലമായ രാജ്യങ്ങളിലെ ജനങ്ങൾ കുറഞ്ഞ ഭക്ഷണത്തിന് കൂടുതൽ പണം നൽകേണ്ട സാഹചര്യവുമാണ്. അമേരിക്കയിൽ ഒരാൾ വരുമാനത്തിന്‍റെ 6.4 ശതമാനം ഭക്ഷണത്തിന് ചെലവഴിക്കുമ്പോൾ നൈജീരിയയിൽ വരുമാനത്തിന്റെ പകുതിയിലേറെയും ഭക്ഷണത്തിനാണ് ചെലവഴിക്കുന്നത് -റിപ്പോർട്ട് പറയുന്നു.

ഭക്ഷ്യസുരക്ഷക്കായി വിവിധ പദ്ധതികൾ യു.എ.ഇ നടപ്പാക്കി വരുന്നുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് ആവശ്യമായ ധാന്യങ്ങളും മറ്റും കൃത്യമായി ഇറക്കുമതി ചെയ്യുകയും കാർഷിക മേഖലയിലെ പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്താണ് ഇത് സാധ്യമാക്കുന്നത്. 

Tags:    
News Summary - UAE ranks first in Arab world in food security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.