ദുബൈ: മേഖലയിൽ സംഘർഷാന്തരീക്ഷം ശക്തമാകുന്ന സാഹചര്യത്തിൽ സൗദി, ഖത്തർ, കുവൈത്ത് ഭരണാധികാരികളുമായി സംസാരിച്ച് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായാണ് ടെലിഫോൺ സംഭാഷണം നടത്തിയത്.
ഇറാനെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ സംബന്ധിച്ചും പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും അവയുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും സംഭാഷണങ്ങളിൽ ചർച്ചയായതായി വാർത്താ ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷം പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് നേതാക്കൾ പങ്കുവെച്ചു. എല്ലാ കക്ഷികളും വിവേകം കാണിക്കാനും, സംഭാഷണങ്ങളിലൂടെ സമാധാനപരമായ പരിഹാരങ്ങൾ തേടണമെന്നും, പരമാവധി സംയമനം പാലിച്ച് സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാൻ ശ്രമിക്കണമെന്നും ഭരണാധികാരികൾ ആവശ്യപ്പെട്ടു. നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച ശൈഖ് മുഹമ്മദ് ബിൻ സായിദ്, ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്കിയാനുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു.
വെല്ലുവിളിനിറഞ്ഞ നിലവിലെ സാഹചര്യത്തിൽ ഇറാനും ജനങ്ങൾക്കും ഐക്യദാർഢ്യമറിയിച്ച ശൈഖ് മുഹമ്മദ്, മേഖലയിൽ സംഘർഷം കുറക്കുന്നതിനുള്ള ശ്രമങ്ങളെ സഹായിക്കുന്നതിന് യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുകയുണ്ടായി. തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അൽ സുദാനി എന്നിവരുമായും മേഖലയിലെ നിലവിലെ സാഹചര്യം ഫോൺ വഴി ചർച്ച ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.